ബോളിവുഡിനെ ഉത്തര്‍പ്രദേശിലേക്ക് പറിച്ചുനടാന്‍ യോഗി; വിമര്‍ശനവുമായി ശിവസേന

By Web TeamFirst Published Dec 2, 2020, 12:25 PM IST
Highlights

ചലച്ചിത്ര നിര്‍മ്മാണത്തിന് സര്‍ക്കാര്‍ നല്‍കുന്ന സബ് സിഡികളെക്കുറിച്ച് യോഗി സിനിമാ മേഖലയിലുള്ളവരുമായി വിശദീകരിച്ചു.
 

മുംബൈ:  ഹിന്ദി സിനിമാ രംഗമായ ബോളിവുഡിനെ ഉത്തര്‍പ്രദേശിലേക്ക് പറിച്ച് നടാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇതുമായി ബന്ധപ്പെട്ട് മുംബൈയില്‍ ചലച്ചിത്ര താരങ്ങളും നിര്‍മ്മാതാക്കളുമായി അദ്ദേഹം ചര്‍ച്ച നടത്തുന്നു. നോയിഡയില്‍ നിര്‍ദ്ദിഷ്ട ചിത്രനഗരി ഫിലിം സിറ്റിയുമായി ബന്ധപ്പെട്ടാണ് ചര്‍ച്ച. ചലച്ചിത്ര നിര്‍മ്മാണത്തിന് സര്‍ക്കാര്‍ നല്‍കുന്ന സബ് സിഡികളെക്കുറിച്ച് യോഗി സിനിമാ മേഖലയിലുള്ളവരുമായി വിശദീകരിച്ചു. മുംബൈ സന്ദര്‍ശന വേളയിലാണ് യോഗി ബോളിവുഡിനെ വശത്താക്കാന്‍ ശ്രമം ആരംഭിച്ചത്. 

യോഗിയുടെ നീക്കങ്ങള്‍ക്ക് വിമര്‍ശനവുമായി ശിവസേന രംഗത്തെത്തി. മുംബൈയില്‍ നിന്ന് ഫിലിംസിറ്റിയെ മറ്റൊരിടത്തേക്ക് മാറ്റാന്‍ എളുപ്പമാകില്ലെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു. സൗത്ത് ഇന്ത്യന്‍ സിനിമാ രംഗവും വളരെ വലുതാണ്. ബംഗാളിലും പഞ്ചാബിലും ഫിലിം സിറ്റികളുണ്ട്. ഇവിടെയൊക്കെ യോഗി സന്ദര്‍ശനം നടത്തുമോ. അവിടെയൊക്കെയുള്ള സംവിധായകരോടും ചലച്ചിത്ര പ്രവര്‍ത്തകരോടും അദ്ദേഹം ചര്‍ച്ച നടത്തുമോയെന്നും സഞ്ജയ് റാവത്ത് ചോദിച്ചു. ചലച്ചിത്ര പ്രവര്‍ത്തകരായ സുഭാഷ് ഘായി, ബോണി കപൂര്‍ എന്നിവരുമായാണ് യോഗി ആദിത്യനാഥ് ചര്‍ച്ച നടത്തിയത്.

ബുദ്ധ്‌നഗറിലാണ് യുപി സര്‍ക്കാര്‍ ഫിലിം സിറ്റി നിര്‍മ്മിക്കുന്നത്. ഉത്തര്‍പ്രദേശില്‍ നിക്ഷേപം നടത്താന്‍ മുംബൈ കമ്പനികളെ യോഗി ക്ഷണിക്കുകയും ചെയ്തു. 
നേരത്തെ മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും യോഗിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു
 

click me!