
ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ് സോഷ്യല്‍ മീഡിയയില്‍ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയെന്ന് സര്‍വ്വേഫലം. സോഷ്യല്‍മീഡിയ ഫോളോവേഴ്സിന്‍റെ കാര്യത്തിലാവട്ടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിന്നാലെ രണ്ടാംസ്ഥാനത്താണ് യോഗി ആദിത്യനാഥ്.
ഒരു വര്‍ഷം നീണ്ട പഠനത്തിന്‍റെയും സര്‍വ്വേയുടെയും അടിസ്ഥാനത്തില്‍ ദില്ലി ആസ്ഥാനമായ ബ്രാന്‍ഡ്24.കോം എന്ന മോണിട്ടറിംഗ് ഏജന്‍സി പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് യോഗി ആദിത്യനാഥാണ് സോഷ്യല്‍ മീഡിയയിലെ പ്രചാരമേറിയ മുഖ്യമന്ത്രിയെന്ന് അവകാശപ്പെട്ടിരിക്കുന്നത്. ട്വിറ്റര്‍ ഇന്‍സ്റ്റഗ്രാം ഫേസ്ബുക്ക് എന്നീ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലെ സജീവ ഇടപെടലുകള്‍ അവയോട് ലൈക്ക്, റീട്വീറ്റ്, കമന്‍റ് എന്നിവയിലൂടെ ആളുകള്‍ക്കുള്ള പ്രതികരണങ്ങള്‍ എന്നിവ അടിസ്ഥാനപ്പെടുത്തിയായിരുന്നു പഠനവും സര്‍വ്വേയും.
യോഗി ആദിത്യനാഥിന്‍റെ പോസ്റ്റുകളോടുള്ള ആളുകളുടെ ശരാശരി പ്രതികരണം ഒരു മാസം 60 മുതല്‍ 70 ലക്ഷം വരെ ആണെന്നാണ് പഠനറിപ്പോര്‍ട്ട് പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാര്യത്തില്‍ ഇത് 90 ലക്ഷം മുതല്‍ ഒരു കോടി വരെയാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സോഷ്യല്‍ മീഡിയ എന്‍ഗേജ്മെന്‍റുകള്‍ ശരാശരി 12 ലക്ഷം മുതല്‍ 15 ലക്ഷം വരെ മാത്രമാണെന്നും റിപ്പോര്‍ട്ട് അടിസ്ഥാനപ്പെടുത്തി സോഷ്യല്‍ മീഡിയ അനലിസ്റ്റായ അനുജ് സയാല്‍ പറഞ്ഞു.
യോഗി ആദിത്യനാഥിന്‍റെ ഹിന്ദുത്വ പരിവേഷം, അയോധ്യയിലെ ദേവ് ദീപാവലി, കുംഭമേള എന്നിവയാണ് അദ്ദേഹത്തിന്‍റെ സോഷ്യല്‍ മീഡിയ റീച്ച് കൂടാന്‍ കാരണമായി സര്‍വ്വേഫലം ചൂണ്ടിക്കാട്ടുന്നത്. കുംഭമേള സമയത്ത് അദ്ദേഹത്തിന്‍റെ പ്രചാരം അന്താരാഷ്ട്രതലത്തില്‍ വരെ മുന്‍പന്തിയിലായിരുന്നെന്നും പഠനറിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞ ആറ് മാസങ്ങള്‍ക്കുള്ളില്‍ യോഗി ആദിത്യനാഥിന്‍റെ പ്രചാരം അതിവേഗം വര്‍ധിച്ചെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam