
ലഖ്‌നൗ: മുഖ്യമന്ത്രിയായതിന് ശേഷം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് (UP CM Yogi Adityanath) ആദ്യമായി അമ്മയെ സന്ദർശിച്ചു. അമ്മയുടെ കാൽതൊട്ട് വന്ദിക്കുന്ന ചിത്രം "മാ" എന്ന അടിക്കുറിപ്പോടെ ആദിത്യനാഥ് ട്വിറ്ററിൽ പങ്കുവെച്ചു. മുഖ്യമന്ത്രിയായതിന് ശേഷം യോഗി ആദിത്യനാഥ് ആദ്യമായാണ് അമ്മ സാവിത്ര ദേവിയെ സന്ദർശിക്കുന്നത്. ഉത്തരാഖണ്ഡിലെ തന്റെ ജന്മനാടായ പൗരിയിൽ എത്തിയാണ് ആദിത്യനാഥ് അമ്മയെ സന്ദർശിച്ചത്. ബുധനാഴ്ച നടക്കാനിരിക്കുന്ന കുടുംബ ചടങ്ങിനാണ് യോഗി എത്തിയത്. 28 വർഷത്തിന് ശേഷം, ഔദ്യോഗിക ചടങ്ങിനല്ലാതെ, വീട്ടിലെ കുടുംബ ചടങ്ങിൽ പങ്കെടുക്കാൻ ആദ്യമായാണ് യോഗി ഉത്തരാഖണ്ഡിലേക്ക് പോകുന്നത്.
കൊവിഡ് വ്യാപനമായതിനാൽ 2020 ഏപ്രിലിൽ ഹരിദ്വാറിൽ നടന്ന പിതാവിന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ യോഗിക്ക് കഴിഞ്ഞില്ല. "അവസാന നിമിഷത്തിൽ പിതാവിനെ ഒരു നോക്ക് കാണണമെന്ന് എനിക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു. എന്നാൽ കൊവിഡിന്റെ സമയത്ത് സംസ്ഥാനത്തെ 23 കോടി ജനങ്ങളോടുള്ള കടമ നിർവഹിക്കുന്നതിനാൽ എനിക്ക് അതിന് കഴിഞ്ഞില്ല," -മുഖ്യമന്ത്രി പറഞ്ഞു.
സ്വന്തം ജില്ലയിലെ മഹായോഗി ഗുരു ഗോരഖ്നാഥ് സർക്കാർ കോളേജിൽ തന്റെ ആത്മീയ ഗുരു മഹന്ത് വൈദ്യനാഥിന്റെ പ്രതിമ അനാച്ഛാദനം ചെയ്തു. താൻ ജനിച്ച സ്ഥലത്ത് തന്റെ ആത്മീയ ഗുരുവിന്റെ പ്രതിമ അനാച്ഛാദനം ചെയ്യുന്നതിൽ അഭിമാനം തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam