ഹത്റാസ് കേസ് സിബിഐക്ക് വിട്ടു: യുവതിയുടെ കുടുംബത്തിന് സുരക്ഷ നൽകണമെന്ന് പ്രിയങ്ക

By Web TeamFirst Published Oct 3, 2020, 8:57 PM IST
Highlights

സിബിഐ അന്വേഷണത്തിന് യോഗി ആദിത്യനാഥ് ഉത്തരവിട്ടതായി മുഖ്യമന്ത്രിയുടെ ഓഫീസ്.

ലക്നൗ: ദേശീയരാഷ്ട്രീയത്തിൽ ഏറെ വിവാദമായ ഹത്റാസ് പീഡനക്കേസിൽ നിർണായക നീക്കവുമായി യുപി സർക്കാർ. കേസിൻ്റെ അന്വേഷണം സിബിഐക്ക് കൈമാറിയതായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.കേസ് കൈകാര്യം ചെയ്തതിൽ യുപി പൊലീസിന് വീഴ്ച പറ്റിയെന്ന് ഡിജിപി തന്നെ തുറന്നു സമ്മതിച്ചതിന് പിന്നാലെയാണ് കേസ് സിബിഐക്ക് വിടുന്നതായി യോഗി ആദിത്യനാഥിൻ്റെ പ്രഖ്യാപനം വന്നത്. 

ഇന്ന് വൈകിട്ട് ഹത്റാസിലെ ഗ്രാമത്തിലെത്തി രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കൊല്ലപ്പെട്ട ദളിത് യുവതിയുടെ കുടുംബാംഗങ്ങളെ നേരിട്ട് കണ്ടു. പെണ്‍കുട്ടിയുടെ കുടുംബത്തെ സംരക്ഷിക്കേണ്ടത് യുപി സര്‍ക്കാരാണ്. കോണ്‍ഗ്രസ് പെണ്‍കുട്ടിയുടെ കുടുംബത്തിനൊപ്പമാണ്. ഇരയുടെ കുടുംബത്തിന്‍റെ ശബ്ദും ഇല്ലാതാക്കാനാവില്ലെന്നും രാഹുല്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റെ നീതിക്കായി പോരാട്ടം തുടരുമെന്ന് പ്രിയങ്ക ഗാന്ധിയും പറഞ്ഞു. 

കഴിഞ്ഞ ദിവസം ഹത്റാസിലേക്ക് പോകാൻ എത്തിയ രാഹുലിനെ യുപി പൊലീസ് കൈകാര്യം ചെയ്തത് വലിയ വിവാദമായിരുന്നു. ഹത്റാസ് വിഷയം യുപി സർക്കാരിനും കേന്ദ്രസർക്കാരിനും ബിജെപിക്കും ഒരുപോലെ തിരിച്ചടിയായി മാറുന്നു സാഹചര്യത്തിലാണ് സിബിഐ അന്വേഷണം പ്രഖ്യാപിച്ച് പ്രശ്നം ഒതുക്കാനുള്ള നീക്കം നടക്കുന്നത്.

അതേസമയം ഹത്റാസിലെത്തി പ്രിയങ്കയും രാഹുലും യുവതിയുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. യുവതിയുടെ കൊലപാതകത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണം എന്നാണ് യുവതിയുടെ കുടുംബം ആവശ്യപ്പെടുന്നതെന്നും കുടുംബത്തിന് സുരക്ഷഭീഷണിയുള്ളതിനാൽ അവർക്ക് സുരക്ഷ ഉറപ്പാക്കണമെന്നും പ്രിയങ്ക ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു. 

കൊലപ്പെട്ട മകളെ അവസാനമായി ഒരു നോക്ക് കാണാൻ ഈ പാവം കുടുംബത്തിന് സാധിച്ചില്ല. തൻ്റെ ഉത്തരവാദിത്തങ്ങൾ എന്താണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തിരിച്ചറിയണം. ഈ കുടുംബത്തിന് നീതി കിട്ടും വരെ ഞങ്ങളുടെ പോരാട്ടം തുടരും. യുവതിയുടെ കുടുംബത്തെ നിശബ്ദരാക്കാൻ ലോകത്തൊരു ശക്തിക്കും സാധിക്കില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. 

click me!