
ലക്നൗ: ഉത്തർപ്രദേശിൻ്റെ മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു (Yogi Adityanath today took oath as the Chief Minister of Uttar Pradesh for the second time). 37 വർഷത്തിന് ശേഷം ഇതാദ്യമായാണ് യുപിയിൽ ഒരു മുഖ്യമന്ത്രി അധികാരം നിലനിർത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ അമിത്ഷാ, രാജ്നാഥ് സിംഗ്, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ മറ്റു മുതിർന്ന നേതാക്കൾ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രി, ബോളിവുഡ് താരങ്ങൾ എന്നിവർ ലഖ്നൗ സ്റ്റേഡിയത്തിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ സംബന്ധിച്ചു.
മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഇന്ന് ആദ്യം സത്യപ്രതിജ്ഞ ചെയ്തത് പിന്നാലെ യുപി തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കേശവ് പ്രസാദ് മൗര്യ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ദിനേശ് ശർമ്മയ്ക്ക് പകരം ബ്രാഹ്മണ വിഭാഗത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ബ്രജേഷ് പഥക് ആണ് മൂന്നാമതായി സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രിയേയും രണ്ട് ഉപമുഖ്യമന്ത്രിമാരേയും കൂടാതെ 24 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്.
ആകെ 52 പേരാണ് രണ്ടാം യോഗി സർക്കാരിൽ അംഗമാവുന്നത്. ഇതിൽ 16 പേർക്ക് ക്യാബിനറ്റ് പദവിയുണ്ട്. 14 സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരും 20 സഹമന്ത്രിമാരും മന്ത്രിസഭയിലുണ്ട്. ഇതിൽ അഞ്ച് പേർ വനിതകളാണ്. ബിജെപി സംസ്ഥാന അധ്യക്ഷൻ സ്വതന്ത്ര ദേവ്, ജാഠവ സമുദായ നേതാവ് ബേബി റാണി മൗര്യ എന്നിവർ മന്ത്രിസഭയിലേക്ക് എത്തി. നിഷാദ് പാർട്ടി നേതാവ് സഞ്ജയ് നിഷാദും മന്ത്രിയാകും ഉപമുഖ്യമന്ത്രിയായിരുന്ന ദിനേശ് ശർമ്മയെ മാറ്റി ബ്രാഹ്മണ വിഭാഗത്തിൽ നിന്ന് തന്നെയുള്ള ബ്രജേഷ് പാഠകിനെ ഉപമുഖ്യമന്ത്രിയാക്കിയതാണ് ശ്രദ്ധേയമായ ഒരു മാറ്റം. പ്രധാനമന്ത്രി മോദിയുടെ അടുപ്പക്കാരനായ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ എകെ ശർമയ്ക്കും മന്ത്രി സ്ഥാനം ലഭിച്ചു. രണ്ടാം മോദി സർക്കാരിൽ നിർണായക പദവിയിലേക്ക് അദ്ദേഹം എത്തിയേക്കും എന്നാണ് കരുതുന്നത്.
പതിനായിരങ്ങൾ പങ്കെടുത്ത ലഖ്‌നൗവിലെ അടൽ ബിഹാരി വാജ്‌പേയി സ്റ്റേഡിയത്തിലെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് അക്ഷയ് കുമാർ, കങ്കണ റണാവത്ത്, ബോണി കപൂർ തുടങ്ങിയ സിനിമാ താരങ്ങളെയും ക്ഷണിച്ചിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ വിവാദ ഹിന്ദി ചിത്രമായ "ദി കശ്മീർ ഫയൽസ്" അണിയറപ്രവർത്തകരും സത്യപ്രതിജ്ഞ ചടങ്ങിൽ സംബന്ധിച്ചു. മുൻ മുഖ്യമന്ത്രിമാരായ അഖിലേഷ് യാദവിനെയും മായാവതിയെയും സമാജ്‌വാദി പാർട്ടി കുലപതി മുലായം സിംഗ് യാദവിനെയും യോഗി സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനെത്തിയ നരേന്ദ്രമോദിയെ യോഗി ആദിത്യനാഥ് നേരിട്ട് വിമാനത്താവളത്തിൽ എത്തി സ്വീകരിക്കുകയായിരുന്നു.
403 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 255 സീറ്റുകളും 41.29 ശതമാനം വോട്ടും നേടിയാണ് ബിജെപി ഉത്തർപ്രദേശിൽ അധികാരം നിലനിർത്തിയത്. പാർട്ടിയെ വൻ വിജയത്തിലേക്ക് നയിച്ച യോഗി ആദിത്യനാഥ് 37 വർഷത്തിനിടെ സംസ്ഥാനത്ത് കാലാവധി പൂർത്തിയാക്കി അധികാരത്തിൽ തിരിച്ചെത്തുന്ന ആദ്യമുഖ്യമന്ത്രി എന്ന റെക്കോർഡും സ്വന്തം പേരിൽ കുറിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam