എംഎല്‍എയുടെ മകളുടെ വിവാഹം പുതിയ വഴിത്തിരിവില്‍; അന്വേഷിക്കാന്‍ ഉത്തരവിട്ട് യോഗി സര്‍ക്കാര്‍

By Web TeamFirst Published Jul 15, 2019, 10:18 PM IST
Highlights

രാജേഷ് മിശ്രയുടെ രാഷ്ട്രീയ ഭാവി തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്നും മകള്‍ക്കും വരനും പങ്കുണ്ടെന്നും മിശ്രയുടെ സഹായി ആരോപിച്ചു.

ലക്നൗ: ബിജെപി എംഎല്‍എയുടെ മകള്‍ ദലിത് യുവാവിനെ വിവാഹം കഴിച്ചതില്‍ അന്വേഷണം പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സംഭവത്തില്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നെന്ന ആരോപണത്തെ തുടര്‍ന്നാണ് അന്വേഷണം. അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പൊലീസിനോടും പ്രാദേശിക ബിജെപി നേതാക്കളോടും ആവശ്യപ്പെട്ടു. ബിജെപി നേതാക്കള്‍ തമ്മിലുള്ള വടംവലിയാണ് പ്രശ്നത്തിന് പിന്നിലെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ആരോപണ വിധേയനായ എംഎല്‍എ രാജേഷ് മിശ്രയുടെ സഹായിയും മറ്റൊരു ബിജെപി എംഎല്‍എ ശ്യാം ബിഹാരി ലാല്‍ എംഎല്‍എയും തമ്മിലുള്ള ചാറ്റ് പുറത്തുവന്നതോടെയാണ് പുതിയ വഴിത്തിരിവ്. മിശ്രയെ പാഠം പഠിപ്പിക്കണമെന്നും അദ്ദേഹം വിമര്‍ശിക്കപ്പെടുന്നതില്‍ സന്തോഷമുണ്ടെന്നും ശ്യാം ബിഹാരി ലാല്‍ ചാറ്റില്‍ പറയുന്നു. മിശ്ര സമ്മര്‍ദ്ദം സഹിക്കാതെ ആത്മഹത്യ ചെയ്യാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം ചാറ്റില്‍ സഹായിയോട് പറയുന്നുണ്ട്.

വരന്‍റെ ബന്ധുവാണ് ശ്യാം ബിഹാരി ലാല്‍. രാജേഷ് മിശ്രയുടെ രാഷ്ട്രീയ ഭാവി തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്നും മകള്‍ക്കും വരനും പങ്കുണ്ടെന്നും മിശ്രയുടെ സഹായി ആരോപിച്ചു. എന്നാല്‍, ആരോപണം അടിസ്ഥാന രഹിതമാണെന്ന് ശ്യാം ബിഹാരി ലാല്‍ പ്രതികരിച്ചു. 

ബറേലി എംഎല്‍എ രാജേഷ് മിശ്രയുടെ മകള്‍ സാക്ഷി മിശ്ര ദലിത് യുവാവിന്‍റെ കൂടെ ഒളിച്ചോടി വിവാഹിതരായിരുന്നു. തങ്ങള്‍ക്കും യുവാവിന്‍റെ കുടുംബത്തിനും അച്ഛന്‍റെ വധഭീഷണിയുണ്ടെന്ന് യുവതി ഫേസ്ബുക്കില്‍ വ്യക്തമാക്കിയതോടെയാണ് സംഭവം വിവാദമായത്. സുരക്ഷ തേടി അലഹാബാദ് ഹൈക്കോടതിയിലെത്തിയ ഇരുവരെയും ഒരുസംഘമാളുകള്‍ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചിരുന്നു.

click me!