അഴിമതി; ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടിയുമായി യോഗി

By Web TeamFirst Published Jun 21, 2019, 1:28 PM IST
Highlights

ജനുവരിയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ കാമറയില്‍ കുടുങ്ങുകയും അറസ്റ്റിലാവുകയും ചെയ്ത മൂന്ന് പ്രൈവറ്റ് സെക്രട്ടറിമാരെക്കുറിച്ചും മുഖ്യമന്ത്രി സൂചിപ്പിച്ചു

ലഖ്നൗ: മോദിക്ക് പിന്നാലെ അഴിമതിക്കാര്‍ക്കെതിരെ നടപടിയുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അഴിമതിക്കാരായ ഉദ്യോഗസ്ഥരോട് സ്വയം വിരമിക്കാനും ഇല്ലെങ്കില്‍ നിര്‍ബന്ധിത വിരമിക്കല്‍ നിര്‍ദ്ദേശം നല്‍കുമെന്നും യോഗി അറിയിച്ചു. സെക്രട്ടേറിയറ്റ് അഡ്മിനിസ്ട്രേഷന്‍ വിഭാഗത്തിലെ ജീവനക്കാരുടെ ജോലിയിലുള്ള പ്രകടനം വിശകലനം ചെയ്ത മുഖ്യമന്ത്രി ഈ സര്‍ക്കാരില്‍ അഴിമതിക്കാര്‍ക്കും ജോലി ചെയ്യാത്തവര്‍ക്കും ഇടമില്ലെന്ന് വ്യക്തമാക്കി.

ജനുവരിയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ കാമറയില്‍ കുടുങ്ങുകയും അറസ്റ്റിലാവുകയും ചെയ്ത മൂന്ന് പ്രൈവറ്റ് സെക്രട്ടറിമാരെക്കുറിച്ചും മുഖ്യമന്ത്രി സൂചിപ്പിച്ചു. ഇത്തരം പ്രവൃത്തികളോട് തനിക്ക് തരിമ്പും സഹിഷ്ണുതയുണ്ടാവില്ലെന്നും യോഗി ഓര്‍മ്മിപ്പിച്ചു. അഴിമതി ആരോപണം നേരിടുന്ന 15 നികുതി ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിത വിരമിക്കല്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് അഴിമതിക്കാര്‍ക്കെതിരെ യോഗിയും നടപടിയെടുത്തിരിക്കുന്നത്.

പുറത്തുനിന്ന് വരുന്നവര്‍ക്ക് ഗവണ്‍മെന്‍റ് സ്ഥാപനങ്ങളില്‍ മൊബൈല്‍ ഫോണ്‍ അനുവദിക്കില്ലെന്നും യോഗി വ്യക്തമാക്കി. ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റവും, സ്ഥാപനങ്ങളിലെ വൃത്തിയില്ലായ്മയും പലപ്പോഴും റെക്കോര്‍ഡ് ചെയ്യപ്പെടുകയും അവ ചാനലുകളില്‍ എത്തുകയും ചെയ്യാന്‍ തുടങ്ങിയതോടെയാണ് ഫോണ്‍ അനുവദനീയമല്ലെന്ന് യോഗി വ്യക്തമാക്കിയിരിക്കുന്നത്.

click me!