ഇന്ദിരാഗാന്ധിയെപ്പോലെ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ പ്രിയങ്ക വരണം: തരൂര്‍

By Web TeamFirst Published Jul 28, 2019, 5:44 PM IST
Highlights

അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ പ്രിയങ്ക മത്സരിക്കാന്‍ തയ്യാറാകണം. പ്രിയങ്കയെത്തിയാല്‍, അത് കോണ്‍ഗ്രസിനെ ഇന്ദിരാ ഗാന്ധിയുടെ കാലത്തേക്ക് കൊണ്ടുപോകുമെന്ന് ശശി തരൂര്‍.

ദില്ലി: രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതിന് ശേഷം കോണ്‍ഗ്രസില്‍ ചില പ്രശ്നങ്ങളുണ്ടെന്ന് തുറന്ന് സമ്മതിച്ച് മുതിര്‍ന്ന നേതാവ് ശശി തരൂര്‍. പാര്‍ട്ടിയെ ശക്തിപ്പെടുത്താണ്‍ അധ്യക്ഷസ്ഥാനത്തേക്ക് യുവനേതാവ് വരണം, പ്രിയങ്കാ ഗാന്ധി പാര്‍ട്ടി അധ്യക്ഷയായാല്‍ ഇന്ദിരാ ഗാന്ധിയുടെ കാലത്തേക്ക് കോണ്‍ഗ്രസിനെ കൊണ്ടു പോകുമെന്നും ശശി തരൂര്‍ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തരൂര്‍ അധ്യക്ഷസ്ഥാനത്തേക്ക് പ്രിയങ്ക വരണമെന്ന ആവശ്യത്തെ പിന്തുണച്ച് രംഗത്തെത്തിയത്.

പാര്‍ട്ടിയുടെ പുതിയ അധ്യക്ഷനെക്കുറിച്ച് ഗൗരവമായ ചര്‍ച്ചകള്‍  നടക്കുന്നുണ്ട്. ആരാവണം അധ്യക്ഷനെന്ന ചോദ്യത്തിന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍  സിംഗിന്‍റെ അഭിപ്രായം തന്നെയാണ് തനിക്കുമുള്ളത്. ഈ സാഹചര്യത്തില്‍ ഒരു യുവ നേതാവാണ്  കോണ്‍ഗ്രസിന്‍റെ അധ്യക്ഷ പദവിയിലെത്തേണ്ടത്.  പ്രിയങ്ക ഗാന്ധി തീപ്പൊരി നേതാവാണ്,  അധ്യക്ഷ സ്ഥാനത്തേക്ക് പ്രിയങ്കയെ നിര്‍ദേശിക്കുകയാണെന്നും തരൂര്‍ വ്യക്തമാക്കി.

അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ പ്രിയങ്ക മത്സരിക്കാന്‍ തയ്യാറാകണം. പ്രിയങ്കയെത്തിയാല്‍,  അത് കോണ്‍ഗ്രസിനെ ഇന്ദിരാ ഗാന്ധിയുടെ കാലത്തേക്ക് കൊണ്ടുപോകും. എന്നാല്‍ ഇക്കാര്യത്തില്‍ ഗാന്ധി കുടുംബമാണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്നും അതുണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും തരൂര്‍ പറയുന്നു.

പാര്‍ട്ടി നിലവില്‍ നേരിടുന്ന പ്രതിസന്ധി മറികടക്കാന്‍ പ്രധാന സ്ഥാനത്തിരിക്കുന്ന നേതാക്കളെല്ലാം മാറണമെന്നാണ് തരൂര്‍ പറയുന്നത്. വര്‍ക്കിംഗ് കമ്മിറ്റിയില്‍ വരെ മാറ്റം വേണം. പുതിയ നേതാക്കള്‍ ഇവിടേക്ക് വരണം. ബ്രിട്ടീഷ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ രീതികള്‍ കോണ്‍ഗ്രസിനുള്ളില്‍ നടപ്പാക്കണം. ഇതിലൂടെ ദേശീയ താല്‍പര്യം കൂടുതല്‍ സംരക്ഷിക്കാന്‍ കോണ്‍ഗ്രസിനാകും.

പാര്‍ട്ടി പ്രവര്‍ത്തകരെ പഴയ ആവേശത്തിലേക്ക് മടക്കി കൊണ്ടുവരണം, വോട്ടര്‍മാരെ ഇളക്കി മറിച്ച് ബിജെപിയെ തുറന്ന് കാട്ടാനാകണം. ഇപ്പോഴും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ബിജെപിയെ എങ്ങിനെ നേരിടണമെന്ന് അറിയില്ല.  പാര്‍ട്ടി ദുര്‍ബലമായിക്കൊണ്ടിരിക്കുകയാണ്. ഏതെങ്കിലുമൊരു നേതാവിന് കോണ്‍ഗ്രസിനെ തിരിച്ച് കൊണ്ടുവരാനാകില്ല. പ്രിയങ്ക ഗാന്ധിക്ക് ജനങ്ങളെ കൈയ്യിലെടുക്കാന്‍ ഒരു മുഖമുണ്ട്. തളരാത്ത പോരാളിയാണ് അവര്‍. സംഘാടക മികവും അവര്‍ക്കുണ്ട്. പ്രിയങ്കയെ അധ്യക്ഷയാക്കിയാല്‍ അത് കോണ്‍ഗ്രസിന്റെ കുതിപ്പിന് കാരണമാകുമെന്നും തരൂര്‍ വ്യക്തമാക്കി.

click me!