കർ'നാടക'ത്തിൽ ഇനി എല്ലാ കണ്ണുകളും സുപ്രീംകോടതിയിൽ; അയോഗ്യതയ്‍ക്കെതിരെ വിമതരുടെ ഹർജി

Published : Jul 28, 2019, 05:24 PM ISTUpdated : Jul 28, 2019, 06:17 PM IST
കർ'നാടക'ത്തിൽ ഇനി എല്ലാ കണ്ണുകളും സുപ്രീംകോടതിയിൽ; അയോഗ്യതയ്‍ക്കെതിരെ വിമതരുടെ ഹർജി

Synopsis

സ്പീക്കറുടെ നടപടി സർക്കാർ താഴെപ്പോയതിലെ പ്രതികാര നടപടിയാണെന്ന് എംഎൽഎമാർ ആരോപിക്കുന്നു. കൂറുമാറ്റ നിരോധന നിയമപ്രകാരം സ്പീക്കർ അയോഗ്യരാക്കിയാൽ പിന്നെ എംഎൽഎമാർക്ക് 6 വർഷത്തേക്ക് മത്സരിക്കാനാകില്ല. 

ദില്ലി, ബെംഗളുരു: വീണ്ടും കോടതി കയറാൻ 'കർനാടകം'. അയോഗ്യരാക്കിയ സ്പീക്കർ കെ ആർ രമേശ് കുമാറിന്‍റെ നടപടിക്കെതിരെ എല്ലാ വിമതരും സുപ്രീംകോടതിയെ സമീപിച്ചു. ഇന്ന് സ്പീക്കർ അയോഗ്യരാക്കിയ 13 വിമത എംഎൽഎമാരാണ് ഹർജിയുമായി സുപ്രീംകോടതിയിലെത്തിയിരിക്കുന്നത്. വിമത കോൺഗ്രസ് എംഎൽഎമാരായ രമേശ് ജാർക്കിഹോളി, മഹേഷ് കുമ്‍ടഹള്ളി, സ്വതന്ത്രനായ ആർ ശങ്കർ എന്നിവർ നേരത്തേ അയോഗ്യത ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. വ്യാഴാഴ്ചയാണ് ഇവരെ സ്പീക്കർ അയോഗ്യരാക്കിയത്. 

16 പേരെ കൂട്ടത്തോടെ അയോഗ്യരാക്കിയതോടെ, നാളെ നടക്കുന്ന വിശ്വാസവോട്ടെടുപ്പിൽ യെദിയൂരപ്പ സർക്കാർ തടിയൂരുമെന്ന് ഉറപ്പായി. 224 അംഗ നിയമസഭയിൽ 105 അംഗങ്ങൾ മാത്രമേ ഇപ്പോഴും ബിജെപിക്കുള്ളൂ. കേവലഭൂരിപക്ഷമില്ല. പക്ഷേ 16 വിമതർ പുറത്തുപോയാൽ കേവലഭൂരിപക്ഷത്തിന് വേണ്ട അംഗസംഖ്യ 104 ആയി കുറയും. അതിനേക്കാൾ ഒരാളുടെ പിന്തുണ കൂടുതലുണ്ട് ബിജെപിക്ക്. ഈ ബലത്തിലാണ് യെദിയൂരപ്പയുടെ സർക്കാർ നിലനിൽക്കുന്നത്. തിങ്കളാഴ്ചയാണ് വിശ്വാസവോട്ടെടുപ്പെന്ന കടമ്പ.

16 പേരും അയോഗ്യരാക്കപ്പെട്ടതിനാൽ, ബിജെപിയുടെ പിന്തുണ 105 + ഒരു വിമതൻ എന്നിങ്ങനെയാകും. കോൺഗ്രസിന്‍റെ എണ്ണം വെറും 65 ആകും. ജെഡിഎസ് 34 മാത്രം. അങ്ങനെ ജെഡിഎസ് - കോൺഗ്രസ് സഖ്യം ആകെ മൊത്തം 99. 

അയോഗ്യരാക്കപ്പെട്ട വിമതരെല്ലാം നേരത്തേ രാജി വച്ചവരാണ്. രാജി വച്ച തങ്ങളെ അയോഗ്യരാക്കാൻ കഴിയില്ലെന്നാണ് എംഎൽഎമാരുടെ വാദം. സ്പീക്കറുടെ നടപടി സർക്കാർ താഴെപ്പോയതിലെ പ്രതികാര നടപടിയാണെന്നും എംഎൽഎമാർ ആരോപിക്കുന്നു. കൂറുമാറ്റ നിരോധന നിയമപ്രകാരം സ്പീക്കർ അയോഗ്യരാക്കിയാൽ പിന്നെ എംഎൽഎമാർക്ക് ആറ് വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. 

രാജിവച്ച പതിനഞ്ച് എംഎൽഎമാർക്കെതിരെ കോൺഗ്രസും ജെഡിഎസും അയോഗ്യത ശുപാർശ നൽകിയിരുന്നു. കുമാരസ്വാമി സര്‍ക്കാര്‍ വീഴുകയും ബിജെപി സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകൾ സജീവമാക്കുകയും ചെയ്ത സാഹചര്യത്തിൽ കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ അത്ര പെട്ടെന്ന് ഒരു പരിഹാരം ഉണ്ടാകില്ലെന്ന സൂചന നേരത്തേ സ്പീക്കര്‍ നല്‍കിയിരുന്നതാണ്. അയോഗ്യരാക്കിയ എംഎൽഎമാരുടെയും രാജി വച്ചവരുടെയും ബലത്തിലാണ് യെദിയൂരപ്പ സർക്കാർ നിലനിൽക്കുന്നത്. 

ഈ എംഎൽഎമാരുടെ അയോഗ്യത സംബന്ധിച്ച് സുപ്രീംകോടതി എടുക്കുന്ന നിലപാട് കൂറുമാറ്റ നിരോധന നിയമത്തിന്‍റെ വ്യാഖ്യാനങ്ങളിൽത്തന്നെ നിർണായകമാവും. കർണാടകത്തിലെ രാഷ്ട്രീയ പ്രതിസന്ധി, കൂറുമാറ്റ നിരോധന നിയമത്തെ നോക്കുകുത്തിയാക്കിയാണ് ഉണ്ടായതെന്ന വാദം ശക്തമാണ്. സർക്കാരിന്‍റെ മുൾമുനയിൽ നിർത്തി ഒരു കൂട്ടം എംഎൽഎമാർ രാജി വച്ച് പുറത്ത് പോകുന്നതും, താഴെ വീഴാൻ വഴിയൊരുക്കുന്നതും, എതിർപക്ഷത്തിന്‍റെ സമ്മർദ്ദത്തിന്‍റെ ഫലമായിട്ടാണെങ്കിൽ അതിനെ എതിരിടാനുള്ള വകുപ്പുകളിൽ നിയമത്തിലില്ലെന്നതാണ് പ്രധാന വാദം. ബൊമ്മൈ കേസ് പോലെ സുപ്രധാനമാകും ഈ കേസിലെ വിധിയും നിരീക്ഷണങ്ങളും. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആംബുലൻസ് ഇല്ല, 4മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പച്ചക്കറി ചാക്കിലാക്കി ബസിൽ വീട്ടിലെത്തിക്കേണ്ട ദുരവസ്ഥയിൽ ആദിവാസി കുടുംബം
'ബിജെപിയുടെ കണ്ണിലൂടെ ആർഎസ്എസിനെ കാണരുത്, മറ്റൊന്നുമായും താരതമ്യം ചെയ്യാനാവില്ല'; ആർഎസ്എസ് മേധാവി മോഹൻ ഭാ​ഗവത്