
ചെന്നൈ: പ്രണയം നിരസിച്ച പെൺകുട്ടിയുടെ വീട്ടിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവും കൂട്ടാളികളും അറസ്റ്റിൽ. തമിഴ്നാട് മയിലാടുതുറയിലാണ് സംഭവം. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ നാല് മണിക്കൂറിനുള്ളിൽ പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇന്നലെ രാത്രിയായിരുന്നു ചില തമിഴ് സിനികളിലെ രംഗങ്ങളെ ഓർമിപ്പിക്കുന്ന സംഭവവികാസങ്ങൾ ഉണ്ടായത്. പതിനഞ്ചോളം പേർ വീട്ടിൽ അതിക്രമിച്ച് കയറി ബലമായി പെൺകുട്ടിയെ കടത്തിക്കൊണ്ട് പോവുകയായിരുന്നു. തഞ്ചാവൂർ ആടുതുറൈ ഗഞ്ചമെട്ടുതെരു സ്വദേശി നാഗരാജന്‍റെ മകൻ വിഘ്നേശ്വരന്‍റെ നേതൃത്വത്തിലായിരുന്നു അതിക്രമം. ഇയാൾ മയിലാടുതുറയിലെ മുത്തശ്ശിയുടെ വീട്ടിൽ വിരുന്നുവന്ന് താമസിക്കുമ്പോൾ പരിചയപ്പെട്ട പെൺകുട്ടിയെയാണ് തട്ടിക്കൊണ്ടുപോയത്. ആദ്യം ഇയാളുമായി സൗഹൃദത്തിലായിരുന്ന പെൺകുട്ടി ആളെ അടുത്തറിഞ്ഞതോടെ സ്നേഹബന്ധം അവസാനിപ്പിക്കുകയായിരുന്നു. എന്നാൽ പെൺകുട്ടിയെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി വിഘ്നേശ്വരൻ നിരന്തരം ശല്യം തുടർന്നു. നിരവധി തവണ പെൺകുട്ടിയുടെ വീട്ടിലെത്തി പ്രശ്നങ്ങളുണ്ടാക്കിയതിനെ തുടർന്ന് വീട്ടുകാർ മയിലാടുതുറൈ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
സ്റ്റേഷൻ ഹൗസ് ഓഫീസറുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയ്ക്ക് ശേഷം ഇനി പ്രശ്നം ഉണ്ടാക്കില്ല എന്ന് വിഘ്നേശ്വരനെക്കൊണ്ട് രേഖാമൂലം ഉറപ്പെഴുതി വാങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളും പതിനഞ്ചോളം വരുന്ന കൂട്ടാളികളും ചേർന്ന് മാരകായുധങ്ങളുമായി വീടാക്രമിച്ച് പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയത്. ഡിഎസ്‍പി വസന്തരാജിന്‍റെ നേതൃത്വത്തിൽ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ വിക്രവണ്ടി എന്ന സ്ഥലത്തെ ടോൾ ഗേറ്റിന് സമീപം നിന്ന് മുഖ്യപ്രതി ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് പിടികൂടി. പെൺകുട്ടിയെ രക്ഷിതാക്കൾക്ക് കൈമാറി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam