
റാഞ്ചി: പ്രസവ ശേഷം മരണപ്പെട്ട യുവതിയുടെ കുഞ്ഞിനെ മറ്റൊരാള്‍ക്ക് വിറ്റ സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഝാര്‍ഖണ്ഡില്‍ നടന്ന സംഭവത്തിലാണ് രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ മൂന്ന് സ്ത്രീകള്‍ വെള്ളിയാഴ്ച അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു. വെസ്റ്റ് സിങ്ബും ജില്ലയിലെ മനോഹര്‍പൂരിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മുന്നി ചാംപിയ എന്ന യുവതിയാണ് പ്രസവം കഴിഞ്ഞയുടന്‍ മരിച്ചത്. പ്രദേശത്തെ ആരോഗ്യ പ്രവര്‍ത്തകരായ രണ്ട് സ്ത്രീകള്‍ ഇവരെ വീട്ടില്‍ പ്രസവിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്ന് പൊലീസ് സൂപ്രണ്ട് പറഞ്ഞു. സെപ്റ്റംബര്‍ 30ന് ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയ യുവതി ഒക്ടോബര്‍ ഒന്നിന് മരണപ്പെട്ടു. തുടര്‍ന്ന് രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ചേര്‍ന്ന് യുവതിയുടെ കുഞ്ഞിനെ തൊട്ടടുത്ത ജില്ലയില്‍ താമസിക്കുന്ന ഗുഡ്ഡി ഗുപ്ത എന്ന സ്ത്രീയ്ക്ക് വില്‍ക്കുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയത്. എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം കുഞ്ഞ് നിര്‍ത്താതെ കരയുന്നുവെന്നും ബഹളമുണ്ടാക്കുന്നുവെന്നും പറഞ്ഞ് ഇവര്‍ കുഞ്ഞിനെ തിരികെ നല്‍കാന്‍ എത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
കുഞ്ഞിനെ വാങ്ങിയ സ്ത്രീയെയും ഇവര്‍ക്ക് വില്‍പന നടത്തിയ രണ്ട് ആരോഗ്യ പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രസവ ശേഷം മരണപ്പെട്ട യുവതി അവിവാഹിതയായിരുന്നുവെന്നും മാതാപിതാക്കള്‍ മരണപ്പെട്ട ശേഷം അമ്മയുടെ ഒരു ബന്ധുവിനൊപ്പമാണ് അവര്‍ താമസിച്ചിരുന്നതെന്നും കേസ് അന്വേഷിച്ച പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് നടന്ന മറ്റൊരു സംഭവത്തില്‍ തിരുവനന്തപുരം തൈക്കാട് അമ്മയും കുഞ്ഞും ആശുപത്രിയിൽ ജനിച്ച നവജാത ശിശുവിനെ പ്രസവിച്ച ഉടനെ വിൽപ്പന നടത്തിയതായി കണ്ടെത്തിയിരുന്നു. കരമന സ്വദേശിയായ സ്ത്രീയാണ് പണം കൊടുത്ത് കുഞ്ഞിനെ വാങ്ങിയത്. വിൽപ്പനയുടെ വിവരമറിഞ്ഞ ചൈൽഡ് ലൈൻ പ്രവർത്തകര്‍ ഇക്കാര്യം പൊലീസിനെ അറിയിക്കുകയായിരുന്നു. മൂന്ന് ലക്ഷം രൂപ കൊടുത്താണ് കുഞ്ഞിനെ വാങ്ങിയതെന്ന് സ്ത്രീ സമ്മതിക്കുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam