മിന്നല്‍ പ്രളയത്തിന്‍റെ ആഘാതത്തില്‍ സിക്കിം; മരണസംഖ്യ 40 ആയി ഉയര്‍ന്നു, കുടുംബങ്ങള്‍ക്ക് സഹായധനം പ്രഖ്യാപിച്ചു

Published : Oct 06, 2023, 07:35 PM ISTUpdated : Oct 06, 2023, 07:43 PM IST
മിന്നല്‍ പ്രളയത്തിന്‍റെ ആഘാതത്തില്‍ സിക്കിം; മരണസംഖ്യ 40 ആയി ഉയര്‍ന്നു, കുടുംബങ്ങള്‍ക്ക് സഹായധനം പ്രഖ്യാപിച്ചു

Synopsis

വിനോദസഞ്ചാരികൾ ഉൾപ്പെടെ 7000 പേരെ ഹെലികോപ്റ്റർ മാർഗ്ഗം രക്ഷപ്പെടുത്താനാണ് നിലവിലെ പദ്ധതി

ദില്ലി: സിക്കിമിലെ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം വീണ്ടും ഉയര്‍ന്നു. ഇന്ന് വൈകിട്ടുവരെയുള്ള കണക്കുകള്‍ പ്രകാരം 40 പേരാണ് മിന്നല്‍ പ്രളയത്തില്‍ മരിച്ചതെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. ഇന്ന് ഉച്ചവരെയായി 21പേര്‍ മരിച്ചുവെന്നാണ് അധികൃതര്‍ അറിയിച്ചിരുന്നത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തര സഹായധനമായി നാലു ലക്ഷം രൂപയും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പ്രളയക്കെടുതിയില്‍ ഒറ്റപ്പെട്ടപോയവരെ രക്ഷപ്പെടുത്താന്‍ ഹെലികോപ്ടറുകള്‍ ഉപയോഗിക്കാനും സൈന്യം തീരുമാനിച്ചിട്ടുണ്ട്. വിനോദസഞ്ചാരികൾ ഉൾപ്പെടെ 7000 പേരെ ഹെലികോപ്റ്റർ മാർഗ്ഗം രക്ഷപ്പെടുത്താനാണ് നിലവിലെ പദ്ധതി.

പ്രളയത്തില്‍ മരിച്ച ഏഴു സൈനികരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെത്തിയത്. സംസ്ഥാനത്തിന് 44.8 കോടിയുടെ കേന്ദ്രസഹായവും നേരത്തെ പ്രഖ്യാപിച്ചിരുന്നു. കാണാതായ നൂറിലേറെ പേര്‍ക്കായി മൂന്നാം ദിവസവും തെരച്ചില്‍ തുടരുകയാണ്. ഇന്ന് കൂടുതൽ കേന്ദ്രസേന അടക്കം സംസ്ഥാനത്തേക്ക് എത്തിച്ച് രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കിയിട്ടുണ്ട്. ചുങ്താങ്ങിൽ തുരങ്കത്തിൽ കുടുങ്ങി കിടക്കുന്ന 14 പേരെ രക്ഷിക്കാനുള്ള ശ്രമവും തുടരുകയാണ്. ഇതിനായി ദേശീയ ദുരന്ത നിവാരണ സേന ഇവിടെ എത്തി. സിക്കിമിൽ ദുരന്തമുണ്ടായ മേഖലകളിൽ മഴ കുറഞ്ഞത് രക്ഷാപ്രവർത്തനത്തിന് വേഗത കൂട്ടിയിട്ടുണ്ട്.

എന്നാൽ, വടക്കൻ സിക്കിമിലെ സാക്കോ ചോ തടാക തീരത്തുള്ളവർ ജാഗ്രത പാലിക്കാൻ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. തടാകത്തിൽ നിന്ന് വെള്ളപ്പാച്ചിലുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് നിർദേശം.സിക്കിമിലെ സ്കൂളുകളും കോളേജുകളും ഈ മാസം 15 വരെ അടച്ചിടും. മുഖ്യമന്ത്രി പ്രേം സിങ് തമാങ് ഉന്നതല യോഗം വിളിച്ച് സ്ഥിതി വിലയിരുത്തി. സംസ്ഥാനത്തേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് സർക്കാർ അഭ്യർത്ഥിച്ചു. ബംഗാളിലും പ്രളയക്കെടുതി തുടരുകയാണ്.

സിക്കിം പ്രളയത്തിന് കാരണം നേപ്പാളിലെ ഭൂകമ്പമോ?, മരണസംഖ്യ ഉയരുന്നു

സൈനിക കേന്ദ്രം കഴിഞ്ഞ ദിവസം മിന്നല്‍ പ്രളയത്തില്‍ തകര്‍ന്നിരുന്നു. ഇതോടെ പ്രളയത്തിൽ ആയുധങ്ങളോ വെടിക്കോപ്പുകളോ ഒഴുകി വരാന്‍ സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കുകയായിരുന്നു.  ഇത്തരം വെടിക്കോപ്പുകൾ കണ്ടാല്‍ എടുക്കരുതെന്നും പൊട്ടിത്തെറിക്കാനിടയുണ്ടെന്നും അധികൃതരെ അറിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇതിനിടെ പശ്ചിമ ബംഗാളിലെ ജൽപായ്ഗുരിയിൽ ടീസ്ത നദിയിൽ കണ്ടെത്തിയ മോർട്ടാർ ഷെൽ പൊട്ടിത്തെറിച്ച് ഏഴ് വയസുകാരൻ ഉൾപ്പെടെ രണ്ട് പേർ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു. 

PREV
click me!

Recommended Stories

പറക്കാതെ വിമാനങ്ങൾ, പതറി യാത്രക്കാർ; എന്താണ് ഇൻഡി​ഗോയിൽ സംഭവിക്കുന്നത്?
ഉത്തര്‍പ്രദേശ് പാഠ്യപദ്ധതിയിൽ ഇനി മലയാളവും! പ്രഖ്യാപനവുമായി യോഗി ആദിത്യനാഥ്