
ദില്ലി: രാജ്യത്ത് പഴയ രീതിയിലുള്ള പാസ്പോർട്ടുകളുടെ കാലം കഴിയുകയാണ്. ബയോമെട്രിക് വിവരങ്ങൾ ഉൾപ്പെടുത്തിയ ഇലക്ട്രോണിക് ചിപ്പ് ഉൾപ്പെടുത്തി തയ്യാറാക്കുന്ന പുതിയ ഇ-പാസ്പോർട്ടുകൾ വിതരണം ചെയ്തു തുടങ്ങിയതായി അധികൃതർ അറിയിച്ചു. ആദ്യ ഘട്ടത്തിൽ രാജ്യത്ത് പരിമിതമായ സ്ഥലങ്ങളിൽ മാത്രമാണ് ഇവ വിതരണം ചെയ്യുന്നത്. എന്നാൽ ഇ-പാസ്പോർട്ടുകൾ കൊടുത്തു തുടങ്ങിയെന്ന് കരുതി പഴയ പാസ്പോർട്ടുകളുടെ സാധുത ഇല്ലാതാവുകയുമില്ല. ഇതിന് പുറമെ പാസ്പോർട്ടുകളിൽ വിവരങ്ങൾ രേഖപ്പെടുത്തുന്ന കാര്യത്തിലും അടുത്തിടെ മാറ്റം കൊണ്ടുവന്നിരുന്നു.
കഴിഞ്ഞ വർഷം ഏപ്രിൽ ഒന്നാം തീയ്യതിയാൻണ് വിദേശകാര്യ മന്ത്രാലയം പാസ്പോർട്ട് സേവ പ്രോഗ്രാം 2.0ക്ക് തുടക്കം കുറിച്ചത്. ഇതിന്റെ ഭാഗമായിരുന്നു ഇ-പാസ്പോർട്ടുകളുടെ വിതരണം. നിലവിൽ 12 റീജ്യണൽ പാസ്പോർട്ട് ഓഫീസുകൾ ഇ-പാസ്പോർട്ടുകൾ നൽകാൻ സജ്ജമായിക്കഴിഞ്ഞു. നാഗ്പൂർ, ഭുവനേശ്വർ, ജമ്മു, ഗോവ, ഷിംല, റായ്പൂർ, അമൃത്സർ, ജയ്പൂർ, ചെന്നൈ, ഹൈദരാബാദ്, സൂറത്ത്, റാഞ്ചി എന്നീ ഓഫീകളിലാണിത്. കൂടുതൽ ഓഫീസുകളിലേക്ക് ഉടൻ തന്നെ ഇ-പാസ്പോർട്ട് വിതരണത്തിന് വേണ്ട സജ്ജീകരണങ്ങൾ വ്യാപിപ്പിക്കും.
ചെന്നൈ റീജ്യണൽ പാസ്പോർട്ട് ഓഫീസിൽ ഈ വർഷം മാർച്ച് മൂന്നാം തീയ്യതി മുതൽ ഇ-പാസ്പോർട്ടുകൾ കൊടുത്തു തുടങ്ങിയിട്ടുണ്ട്. തമിഴ്നാട്ടിൽ ഇതുവകെ 20,729 ഇ-പാസ്പോർട്ടുകൾ വിതരണം ചെയ്തുകഴിഞ്ഞു. റേഡിയോ ഫ്രീക്വൻസി ഐന്റിഫിക്കേഷൻ ചിപ്പാണ് ഇ-പാസ്പോർട്ടിൽ സാധാരണ പാസ്പോർട്ടിൽ നിന്ന് വ്യത്യസ്തമായി ഉള്ളത്. പാസ്പോർട്ടിലെ കവറിന് അകത്തായി അത് സജ്ജീകരിക്കും. സ്വർണ കളറിലുള്ള പ്രത്യേത അടയാളം കവറിൽ പ്രിന്റ് ചെയ്തിട്ടുള്ളത് കൊണ്ടുതന്നെ ഇ-പാസ്പോർട്ടുകൾ ഒറ്റനോട്ടത്തിൽ അറിയാനാവും.
പാസ്പോർട്ട് ഉടമയുടെ ബയോമെട്രിക് വിവരങ്ങൾ ഉൾപ്പെടെ ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ടാകും. സ്വകാര്യ വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടാൻ ഇടയില്ലാത്ത വിധത്തിൽ സുരക്ഷയോടെ കൈമാറ്റം ചെയ്യലും വ്യക്തിഗത വിവരങ്ങളുടെ സുരക്ഷിത പരിശോധന സാധ്യതമാക്കുകയുമാണ് ഇ-പാസ്പോർട്ടുകളുടെ ലക്ഷ്യം. ഇത് സാധ്യമാവുമ്പോൾ വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നതും വ്യാജ പാസ്പോർട്ടുകളുണ്ടാക്കുന്ന പ്രവണതയും കൂടുതൽ ഫലപ്രദമായി തടയാൻ സാധിക്കുമെന്നതാണ് നേട്ടം. എന്നിരുന്നാലും ഇ-പാസ്പോർട്ടുകളിലേക്ക് മാറുകയെന്നത് നിർബന്ധമല്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. സർക്കാർ ഇഷ്യു ചെയ്യുന്ന എല്ലാ പാസ്പോർട്ടുകളും അവയിൽ രേഖപ്പെടുത്തിയ തീയ്യതി വരെ സാധുതയുള്ളതായിരിക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam