നഴ്സുമാർക്കെതിരായ കങ്കണ റണാവത്തിന്‍റെ അധിക്ഷേപ പരാമർശം; ലോക്സഭാ സ്പീക്കർക്ക് പരാതി നൽകി യൂത്ത് കോണ്‍ഗ്രസ്, ആവശ്യം പരസ്യ മാപ്പ്

Published : Jun 09, 2026, 03:56 PM IST
kangana ranaut

Synopsis

നടിയും എംപിയുമായ കങ്കണ റണാവത്ത് നഴ്സിംഗ് സമൂഹത്തെ അധിക്ഷേപിക്കുന്ന തരത്തിൽ നടത്തിയ പരാമർശങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസ് ലോക്സഭാ സ്പീക്കർക്ക് പരാതി നൽകി. കങ്കണ മാപ്പ് പറയണമെന്ന് ആവശ്യം

ദില്ലി: നടിയും എംപിയുമായ കങ്കണ റണാവത്ത് നഴ്സിംഗ് സമൂഹത്തെ അധിക്ഷേപിക്കുന്ന തരത്തിൽ നടത്തിയ പരാമർശങ്ങൾക്കെതിരെ ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് പരാതി നൽകി യൂത്ത് കോണ്‍ഗ്രസ്. ഇന്ത്യൻ യൂത്ത് കോൺഗ്രസ് മുൻ (ഗവേഷക വിഭാഗം) ദേശീയ കോർഡിനേറ്ററും ഡൽഹി പ്രദേശ് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വക്താവുമായ വിനീത് തോമസാണ് സ്പീക്കർക്ക് കത്ത് അയച്ചത്. കങ്കണ റണാവത്തിനോട് തന്റെ പ്രസ്താവന പിൻവലിച്ച് രാജ്യത്തെ ആരോഗ്യപ്രവർത്തകരോട് നിരുപാധികം പരസ്യമായി മാപ്പ് പറയാൻ നിർദ്ദേശം നൽകണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു.

മാധ്യമങ്ങളുമായുള്ള സമീപകാല അഭിമുഖങ്ങളിൽ, നഴ്സുമാരുടെ പരമ്പരാഗത വസ്ത്രധാരണ രീതിക്ക് "വിദേശ കൊളോണിയൽ ലുക്ക്" ആണെന്നും അത് "ഇന്ത്യൻവൽക്കരിക്കേണ്ടതുണ്ടെന്നും" കങ്കണ പറഞ്ഞിരുന്നു. കൂടാതെ നഴ്‌സിംഗ് ഒരു 'സെക്ഷ്വലൈസ്ഡ് പ്രൊഫഷൻ' ആണെന്നും കങ്കണ പരാമർശിക്കുകയുണ്ടായി. ലക്ഷക്കണക്കിന് വരുന്ന ആരോഗ്യപ്രവർത്തകരുടെ വികാരങ്ങളെ ആഴത്തിൽ മുറിവേൽപ്പിക്കുന്നതാണ് ജനപ്രതിനിധി കൂടിയായ കങ്കണയുടെ ഈ വാക്കുകളെന്ന് വിനീത് തോമസ് ചൂണ്ടിക്കാട്ടി. ഒരു നഴ്സിന്റെ മകൻ കൂടിയായ തനിക്ക് ഇതിൽ കടുത്ത ആശങ്കയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കത്തിലെ പ്രധാന ആവശ്യങ്ങൾ

പരസ്യമായ മാപ്പ് പറച്ചിൽ: നേഴ്സിംഗ് സമൂഹത്തെയും രാജ്യത്തെ ആരോഗ്യപ്രവർത്തകരെയും അപമാനിച്ചതിന് എം.പി നിബന്ധനകളില്ലാത്ത പരസ്യമായ മാപ്പ് പറയണം.

യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കൽ: ജനപ്രതിനിധികൾ മുൻഗണന നൽകേണ്ടത് വസ്ത്രധാരണത്തിന്റെ ഭംഗിക്കല്ല, മറിച്ച് ആരോഗ്യപ്രവർത്തകർ നേരിടുന്ന കഠിനമായ ജീവിതസാഹചര്യങ്ങൾക്കും വ്യവസ്ഥാപിത വെല്ലുവിളികൾക്കുമാണ്.

വേതന പരിഷ്കരണവും അവകാശങ്ങളും: നഴ്സുമാരുടെ വസ്ത്രമല്ല, മറിച്ച് അവരുടെ സേവനത്തെ ചൂഷണം ചെയ്യുന്ന ആരോഗ്യ രംഗത്തെ വ്യവസ്ഥിതിയാണ് മാറേണ്ടത്. ജഗദീഷ് പ്രസാദ് കമ്മിറ്റി റിപ്പോർട്ട് കർശനമായി നടപ്പിലാക്കണമെന്നും "തുല്യ ജോലിക്ക് തുല്യ വേതനം" എന്ന തത്വം നടപ്പാക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മ: തകർന്ന ആശുപത്രി കെട്ടിടങ്ങൾ, തകരാറിലായ മെഡിക്കൽ ഉപകരണങ്ങൾ, വാർഡുകളിലെ കടുത്ത ജീവനക്കാരുടെ കുറവ് എന്നിവ രോഗികളുടെ സുരക്ഷയെയും ജീവനക്കാരുടെ ക്ഷേമത്തെയും ബാധിക്കുന്നുണ്ട്. 12 മുതൽ 16 മണിക്കൂർ വരെ ജോലി ചെയ്യുന്ന നേഴ്സുമാർക്ക് ജീവിക്കാനുള്ള മാന്യമായ വേതനമോ തൊഴിൽ അവകാശങ്ങളോ ലഭിക്കുന്നില്ല.

ഇപിഎസ്-95 പെൻഷൻ വർദ്ധനവിനായുള്ള ആവശ്യം

​ആരോഗ്യപ്രവർത്തകരുടെ പ്രശ്നങ്ങൾക്ക് പുറമെ, രാജ്യത്തെ തൊഴിലാളികൾ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയും കത്തിൽ ഉന്നയിച്ചിട്ടുണ്ട്. ഇപിഎഫ്ഒ-യുടെ കീഴിലുള്ള എംപ്ലോയീസ് പെൻഷൻ സ്കീം (EPS-95) വഴി ലഭിക്കുന്ന തുച്ഛമായ പെൻഷൻ തുക ഇന്നത്തെ സാമ്പത്തിക സാഹചര്യത്തിൽ വിരമിച്ച തൊഴിലാളികളുടെ അടിസ്ഥാന ആവശ്യങ്ങൾക്കോ മരുന്നിനോ പോലും പര്യാപ്തമല്ല. അതിനാൽ ധനകാര്യ മന്ത്രാലയം, തൊഴിൽ മന്ത്രാലയം എന്നിവരുമായി ബന്ധപ്പെട്ട് വിദഗ്ദ്ധ തൊഴിലാളികളുടെ മിനിമം സർവീസ് പെൻഷൻ ഗണ്യമായി വർദ്ധിപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് സ്പീക്കറോട് വിനീത് തോമസ് കത്തിലൂടെ അഭ്യർത്ഥിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രാഹുലിനെതിരായ ഫ്ലക്സ്, ഒടുവിൽ ആളെ കിട്ടി! ദില്ലിയിൽ ഫ്ലക്സ് ബോർഡുകൾ വച്ചത് ഡിഎംകെ, സ്ഥിരീകരിച്ച് പാർട്ടി മുഖപത്രം; 'അറിയിച്ചത് പ്രവർത്തകരുടെ വികാരം'
കടിച്ച ആപ്പിൾ ആൾക്കൂട്ടത്തിലേക്ക് എറിഞ്ഞ് ഡികെ, ചാടിപ്പിടിച്ച് അനുയായികൾ; വിമർശനം