നീറ്റ് പരീക്ഷ തട്ടിപ്പിൽ 35 ദിവസം നീണ്ട വിദ്യാർഥി സമരത്തെ തുടർന്ന് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. ഇത് ആദ്യ വിക്കറ്റ് മാത്രമാണെന്നും സമരം തുടരുമെന്നും സിജെപി സമര നായകൻ അഭിജീത് ദീപ്കെ പ്രഖ്യാപിച്ചു.

ദില്ലി: വീണത് ആദ്യ വിക്കറ്റ് മാത്രമെന്ന് സിജെപി സമര നായകൻ അഭിജീത് ദീപ്കെ. ഇതുകൊണ്ട് നിറുത്തില്ലെന്നും 36 ദിവസമായി സമരത്തിൽ ഇരുന്ന എല്ലാ വിദ്യാർഥികൾക്കും സല്യൂട്ടെന്നും ദീപ്കെ പറഞ്ഞു. സമര നായകനും സിജെപി നേതാവുമായ അഭിജീത് ദീപ്കെയുടെ നേതൃത്വത്തിലായിരുന്നു സമരക്കാർ തടിച്ചുകൂടിയത്. നീറ്റ് പരീക്ഷ തട്ടിപ്പിനെ തുടർന്ന് ജീവനൊടുക്കിയ കുട്ടികളുടെ പേര് അഭിജീത് ഉറക്കെ വായിക്കുകയും കുട്ടികൾക്ക് ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു. സമര വിജയം ജീവത്യാ​ഗം ചെയ്ത കുട്ടികൾക്ക് സമർപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 35 ദിവസം നീണ്ട സമരത്തിനൊടുവിലാണ് ധർമേന്ദ്ര പ്രധാൻ രാജി സമർപ്പിച്ചത്.

പ്രധാൻ രാജിവെക്കില്ലെന്നായിരുന്നു കേന്ദ്ര സർക്കാർ നൽകിയ സൂചന. എന്നാൽ പിന്നോട്ടില്ലെന്ന് സമരക്കാരും ഉറച്ച തീരുമാനമെടുത്തതോടെ മോദി സർക്കാറിന് മുട്ടുമടക്കേണ്ടി വന്നു. വാങ് ചുക്കിന്റെ നിരാഹാര സമരത്തോടെയാണ് സമരത്തിന് പുതുജീവൻ വെച്ചത്. നിരാഹാര സമരം വാർത്തകളിൽ ഇടം നേടിയതോടെ പാറ്റകളുടെ സമരത്തിലേക്ക് യുവജനങ്ങൾ ഒഴുകി. വിദ്യാർഥി സംഘടനകളും സമരത്തിന് ശക്തമായ പിന്തുണ പ്രഖ്യാപിച്ചതോടെ രാജ്യവ്യാപകമായി ആളിപ്പടർന്നു. പാർലമെന്റിൽ പ്രതിപക്ഷവും രാജി ആവശ്യം ഉന്നയിച്ചതോടെ കേന്ദ്രം സമ്മർദ്ദത്തിലായി. 

രാഹുൽ ​ഗാന്ധിയുടെ നേതൃത്വത്തിൽ കോൺ​ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ പാർലമെന്റിന് അകത്തും പുറത്തും സമരം ശക്തമാക്കി. ഇതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ വിശദീകരണവുമായി രം​ഗത്തെത്തി. രണ്ട് തവണയാണ് മോദി ഇൻ‌സ്റ്റ​ഗ്രാമിൽ എത്തിയത്.