
ദില്ലി: നഗരത്തെ വീണ്ടും ഞെട്ടിച്ച് വാഹനാപകടം. ഇടിച്ച കാറിന് മുകളിൽ തെറിച്ചുവീണ ബൈക്ക് യാത്രക്കാരനുമായി കാർ സഞ്ചരിച്ചത് മൂന്ന് കിലോമീറ്റർ. അപകടത്തിൽ യാത്രക്കാരൻ ദാരുണമായി കൊല്ലപ്പെട്ടു. സഹയാത്രികനായ ബന്ധുവിന് ഗുരുതരമായി പരിക്കേറ്റു. ജ്വല്ലറി ഷോപ്പ് നടത്തുന്ന 20കാരനായ ദീപാൻഷു വെർമയാണ് കൊല്ലപ്പെട്ടത്. ഇയാളുടെ ബന്ധുവായ മുകുൽ എന്ന യുവാവിനാണ് ഗുരുതര പരിക്കേറ്റത്. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന്റെ ദൃശ്യങ്ങൾ ദൃക്സാക്ഷി ക്യാമറയിൽ ചിത്രീകരിച്ചു. ദില്ലിയിലെ അതിസുരക്ഷയുള്ള വിഐപി മേഖലയായ കസ്തൂർ മാർഗിനും ടോൾസ്റ്റോയി മാർഗിനും ഇടയിലാണ് ദാരുണമായ സംഭവം.
ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന രണ്ട് പേരെ അമിത വേഗതയിലെത്തിയ കാർ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷി പറഞ്ഞു. ഇടിയുടെ ആഘാത്തിൽ ഒരാൾ മുകളിലോട്ടുയർന്ന് കാറിന്റെ മേൽക്കൂരയിലും മറ്റൊരാൾ ദൂരേക്കും തെറിച്ചു. കാർ നിർത്തുന്നതിന് പകരം വേഗതകൂട്ടി സംഭവ സ്ഥലത്തുനിന്ന് പോകുകയായിരുന്നുവെന്നും ദൃക്സാക്ഷി പറഞ്ഞു. ഒച്ചവെച്ചിട്ടും കാർ നിർത്തിയില്ലെന്നും ഇയാൾ പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റ യുവാവിനെ കാർ ഡ്രൈവർ ഇന്ത്യാ ഗേറ്റിന് സമീപം ഉപേക്ഷിച്ചു.
അപകടത്തിനും കൊലപാതകത്തിനും പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കാർ ഓടിച്ചെന്ന് സംശയിക്കുന്ന ഹർണീത് സിങ് ചൗളയെ പൊലീസ് അറസ്റ്റ് ചെയ്തു. അപകട സമയം കാറിൽ ഇയാളുടെ കുടുംബവുമുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഹർണീത് സിങ് മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന് ദീപാൻഷുവിന്റെ കുടുംബം ആരോപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam