
ഹരിദ്വാർ: ഉത്തരാഖണ്ഡിലെ ഋഷികേശിൽ സാഹസിക വിനോദത്തിനിടെ അപകടം. ശിവപുരിയിൽ ബംഗി ജമ്പിംഗിനിടെ 180 അടി ഉയരത്തിൽ നിന്ന് വീണ് യുവാവിന് ഗുരുതരമായി പരിക്കേറ്റു. തപോവൻ–ശിവപുരി റോഡിലെ ത്രില്ല് ഫാക്ടറി അഡ്വഞ്ചർ പാർക്കിൽ ബുധനാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നു. ഹരിയാനയിലെ ഗുരുഗ്രാം സ്വദേശിയായ 24-കാരനായ സോനു കുമാറിനാണ് പരിക്കേറ്റത്. അദ്ദേഹത്തെ ഋഷികേശിലെ എയിംസിൽ പ്രവേശിപ്പിച്ചു, നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
ബംഗി ജമ്പിംഗിനിടെ കയർ പൊട്ടിപ്പോയതോടെയാണ് സോനു കുമാർ ഉയരത്തിൽ നിന്ന് താഴേക്ക് വീണതെന്ന് പൊലീസ് പറഞ്ഞു. ഒരു തകര ഷെഡ്ഡിലേക്കാണ് അദ്ദേഹം വീണത്. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചിലും ഇടത് കൈയിലുമാണ് സാരമായി പരിക്കേറ്റത്. നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്. സോനു കുമാറിന്‍റെ സുഹൃത്താണ് അപകടത്തിന്‍റെ ദൃശ്യങ്ങൾ പുറത്തു വിട്ടത്. ഈ സംഭവം സാഹസിക വിനോദങ്ങളിലെ സുരക്ഷാ പ്രോട്ടോക്കോളുകളെക്കുറിച്ച് ആശങ്ക ഉയർത്തുന്നതാണ്. സംഭവത്തിൽ ജില്ലാ കലക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണം പൂർത്തായാകുന്നതു വരെ ത്രില്ല് ഫാക്ടറി അഡ്വഞ്ചർ പാർക്കിന്‍റെ പ്രവർത്തനം നിർത്തിവച്ചു.
ഒരാൾ ഉയരമുള്ള പ്രതലത്തിൽ നിന്ന് കാലുകളിൽ വലിയ ഇലാസ്റ്റിക് ചരട് (കയർ) ബന്ധിപ്പിച്ച് താഴേക്ക് ചാടുന്ന സാഹസിക വിനോദമാണ് ബംഗി ജമ്പിംഗ്. ഇതിന്റെ ഫലമായി അതിവേഗം താഴേക്ക് പതിക്കുകയും തുടർന്ന് കയർ തിരികെ മുകളിലേക്ക് ഉയർത്തപ്പെടുകയും ചെയ്യുന്നു. ലോകമാകെ നിരവധി സ്ഥലങ്ങളിൽ ഈ വിനോദം ചെയ്യുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam