
ഭുബനേശ്വർ: ഒഡിഷയിൽ കുത്തൊഴുക്കുള്ള വെള്ളച്ചാട്ടത്തിൽ വീഡിയോ ചിത്രീകരിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് യൂട്യൂബറെ കാണാതായി. 22 കാരനായ യൂട്യൂബർ സാഗർ ടുഡുവിനെയാണ് കാണാതായത്. ഒഡീഷയിലെ കോരാപുട്ട് ജില്ലയിലെ ദുഡുമ വെള്ളച്ചാട്ടത്തിൽ ഇന്നലെയാണ് സംഭവം. തന്റെ യൂട്യൂബ് ചാനലിനായി പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വീഡിയോകൾ ചിത്രീകരിക്കുന്നതിനായി കട്ടക്കിൽ നിന്നുള്ള സുഹൃത്ത് അഭിജിത് ബെഹേരയ്‌ക്കൊപ്പം ഇവിടെയെത്തിയതായിരുന്നു സാഹർ. വെള്ളച്ചാട്ടത്തിൽ ഡ്രോൺ ക്യാമറ ഉപയോഗിച്ച് റീൽ ചിത്രീകരിക്കുന്നതിനിടെയാണ് സംഭവം.
വെള്ളച്ചാട്ടത്തിന്റെ മധ്യത്തിൽ സാഗർ ടുഡു നിൽക്കുന്നതും മറ്റുള്ളവർ കയറുകൾ ഉപയോഗിച്ച് അയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. എന്നാൽ ശക്തമായ ഒഴുക്കിൽപെട്ട് പെട്ടെന്ന് സാഗറിനെ കാണാതായി. മച്ചകുണ്ഡ അണക്കെട്ടിൻ്റെ വൃഷ്ടിപ്രദേശമായ ലാംതപുട്ട് പ്രദേശത്ത് പെയ്ത കനത്ത മഴയെത്തുടർന്ന് ഡാം തുറന്ന് വെള്ളം ഒഴുക്കിവിട്ടിരുന്നു. ഇതേതുടർന്ന് പൊടുന്നനെ വെള്ളച്ചാട്ടത്തിൽ നീരൊഴുക്ക് ഉയർന്നതാണ് അപകടത്തിന് കാരണം.
സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരും വിനോദസഞ്ചാരികളും രക്ഷാപ്രവർത്തനം നടത്തിയെങ്കിലും, കുത്തൊഴുക്കിൽ യുവാവ് അകപ്പെട്ടു. മച്ചകുണ്ഡ പോലീസ് സ്റ്റേഷനിൽ നിന്നും ഫയർ സർവീസ് വകുപ്പിൽ നിന്നുമുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. എസ്ഡിആർഎഫ്, ഫയർ ആൻ്റ് റസ്ക്യൂ, പൊലീസ് തുടങ്ങി വിവിധ വകുപ്പുകളിൽ നിന്നുള്ളവർ ഇവിടെ തിരച്ചിൽ നടത്തുന്നുണ്ട്. യുവാവിൻ്റെ ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ട്.