
ദില്ലി: തെലങ്കാന സർക്കാരിനെതിരെ പ്രതിഷേധിച്ച വൈ എസ് ആർ തെലങ്കാന പാർട്ടി നേതാവ് വൈ എസ് ശർമ്മിളയെ പൊലീസ് അറസ്റ്റ് ചെയ്തു. കലേശ്വരം ഇറിഗേഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് ദില്ലിയിലെ ജന്ദർ മന്ദറിൽ സമരം ചെയ്യുമെന്ന് ശർമ്മിള അറിയിച്ചിരുന്നു. ഇന്ന് രാവിലെ പ്രതിഷേധിച്ചതോടെ ഇവരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കലേശ്വരം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയിൽ ക്രമക്കേടാരോപിച്ചായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്.ഭൂപാൽപള്ളി ജില്ലയിലെ ഗോദാവരി നദിയിലെ വിവിധോദ്ദേശ്യ ജലസേചന പദ്ധതിയാണിത്. വളരെ സമാധാനപരമായിട്ടായിരിക്കും സമരമെന്ന് ശർമ്മിള അറിയിച്ചിരുന്നു. അഴിമതിക്കെതിരെ നടപടിയെടുക്കാൻ അതോറിറ്റികൾക്കാവുന്നില്ല. തെലങ്കാനയിലെ അഴിമതി രാജ്യത്തിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്നും അതിന്റെ ഭാഗമായാണ് പ്രതിഷേധമെന്നും അവർ കൂട്ടിച്ചേർത്തു.
ഹൈദരാബാദിൽ നാടകീയ രംഗങ്ങൾ; വൈഎസ് ശർമ്മിള ഇരുന്ന കാർ പൊലീസ് ക്രയിൻ ഉപയോഗിച്ച് കെട്ടിവലിച്ചു
ജന്ദർമന്ദറിൽ നിന്നും പാർലമെന്റിലേക്ക് പ്രതിഷേധവുമായി നടക്കും. രാജ്യമുഴുവൻ അഴിമതിയെക്കുറിച്ച് അറിയട്ടെ എന്നും രണ്ടു വർഷമായി ഞങ്ങൾ നടത്തുന്ന അഴിമതിക്കെതിരെയുള്ള പോരാട്ടം തിരിച്ചറിയട്ടെയെന്നും അവർ പറഞ്ഞു. തെലങ്കാന സർക്കാരിനെതിരെ പ്രതിപക്ഷം വളരെ ശക്തമായ പ്രതിഷേധങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗൻമോഹൻ റെഡ്ഢിയുടെ സഹോദരിയാണ് വൈ എസ് ശർമ്മിള.
നേരത്തേയും സർക്കാരിനെതിരെ ശക്തമായ സമരമുറകൾ നടത്തിയ നേതാവാണ് വൈ എസ് ശർമ്മിള. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ വസതിയിലേക്ക് അനുമതി നിഷേധിച്ച് മാർച്ച് നടത്തിയത് പൊലീസിന്റെ വലിയ നടപടിക്ക് കാരണമായിരുന്നു. ശർമിളയെ തടഞ്ഞ പൊലീസ് കാറിൽ നിന്നും ഇറങ്ങാൻ ആവശ്യപ്പെടുകയും തയ്യാറാകാതിരുന്നതോടെ ബലം പ്രയോഗിച്ച് ഡോർ തുറക്കാനുള്ള ശ്രമം ആരംഭിക്കുകയും ചെയ്തു. പിന്നീട് കമ്പും ലാത്തിയും ഉപയോഗിച്ച് തുറക്കാനായിരുന്നു ആദ്യത്തെ ശ്രമം. ഒടുവിൽ ക്രൈയിൻ എത്തിച്ച് കാറ് കെട്ടി വലിച്ചു കൊണ്ടു പോയി. കാറിനകത്ത് ശർമിളയും മറ്റു നേതാക്കളും ഇരിക്കെയായിരുന്നു കെട്ടി വലിച്ച് തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയത്. ഇത് വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam