പ്രവീണ്‍ നെട്ടാർ വധം: സുള്യയിൽ ബിജെപി കർണാടക അധ്യക്ഷനെ തടഞ്ഞ് യുവമോർച്ച പ്രവർത്തകർ

Published : Jul 27, 2022, 03:19 PM ISTUpdated : Jul 29, 2022, 11:24 AM IST
പ്രവീണ്‍ നെട്ടാർ വധം: സുള്യയിൽ  ബിജെപി കർണാടക അധ്യക്ഷനെ തടഞ്ഞ് യുവമോർച്ച പ്രവർത്തകർ

Synopsis

കൊലപാതകം നടന്നത് കേരള അതിർത്തിയോട് ചേർന്ന പ്രദേശത്തായതിനാൽ അന്വേഷണത്തിനായി കേരള പൊലീസിൻ്റെ സഹായം തേടിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര


മംഗളൂരു: മംഗളൂരുവിലെ സുള്യയിൽ കൊല്ലപ്പെട്ട യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാറുവിൻ്റെ വിലാപയാത്രക്കിടെ സംഘഷാർവസ്ഥ. സംസ്കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കട്ടീലീനെ യുവമോർച്ച പ്രവർത്തകർ തടഞ്ഞു. നളിൻ കുമാർ കട്ടീലിൻ്റെ കാർ തടഞ്ഞ ബിജെപി പ്രവർത്തകർ ബിജെപി വിരുദ്ധ മുദ്രാവാക്യങ്ങളും മുഴക്കി. സംഘപരിവാർ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ നേതൃത്വം യാതൊന്നും ചെയ്യുന്നില്ലെന്ന് ആരോപിച്ചായിരുന്നു യുവമോർച്ച പ്രവർത്തകരുടെ പ്രതിഷേധം. 

അതേസമയം പ്രവീണ്‍ നെട്ടാറുൻ്റെ കൊലപാതകത്തെ തുടർന്ന് മംഗളൂരുവിലെ മൂന്ന് താലൂക്കുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചെങ്കിലും നൂറുകണക്കിനാളുകളാണ് വിലാപയാത്രയിൽ പങ്കെടുക്കാൻ എത്തിയത്. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വൻ പൊലീസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്. 

കഴിഞ്ഞ ദിവസമാണ് ദക്ഷിണ കന്നഡ ജില്ലയിലെ യുവമോർച്ചയുടെ പ്രാദേശിക നേതാവ് കൂടിയായ പ്രവീണ്‍ നെട്ടാറുനെ അജ്ഞാതർ വെട്ടിക്കൊന്നത്. കോഴിക്കട വ്യാപാരിയായ പ്രവീണിനെ കട പൂട്ടി ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്കിലെത്തിയ മറ്റൊരു സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 

പ്രവീണിനെ വെട്ടിവീഴ്ത്തിയ ശേഷം കൊലയാളികൾ രക്ഷപ്പെട്ടു. ചോരയിൽ മുങ്ങികിടന്ന പ്രവീണിനെ പിന്നീട് നാട്ടുകാർ വിവരം അറിയിച്ചത് അനുസരിച്ച് പൊലീസാണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ആശുപത്രിയിൽ എത്തും മുൻപേ പ്രവീണിന് മരണംസംഭവിച്ചിരുന്നുവെന്ന് ഡോക്ടർമാർ അറിയിച്ചു. 

കൊലയാളികളെ കണ്ടെത്തുന്നതിനായി ആറ് പോലീസ് സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ടെന്നും 15 പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. പുത്തൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ആറ് സംഘമായി തിരിഞ്ഞാണ് കേസ് അന്വേഷണം നടക്കുന്നത്. കൊലായാളികൾ കേരള രജിസ്ട്രേഷൻ ബൈക്കിലാണ് എത്തിയത് എന്ന വിവരത്തെ തുടർന്ന് കേരളത്തിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കാസര്‍കോട് പൊലീസ് മേധാവിയുമായി ദക്ഷിണ കന്നഡ ജില്ല പൊലീസ് മേധാവി ഫോണിൽ സംസാരിച്ചു. കാസർകോടേക്കും കർണാടകയിലെ മടിക്കേരി, ഹാസൻ എന്നീ ജില്ലകളിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. 

അതേസമയം പാർട്ടി പ്രവർത്തകരുടെ ജീവൻ സംരക്ഷിക്കുന്നതിൽ ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് കർണാടകയുടെ പല ഭാഗങ്ങളിലും യുവമോർച്ച അംഗങ്ങൾ സംഘടനയിൽ നിന്ന് കൂട്ട രാജി പ്രഖ്യാപിച്ചിരിക്കുകയാണ്. 

കൊലപാതകത്തിൽ പ്രതിഷേധിച്ച് ബെല്ലാരിയിലും സുള്ള്യയിലും യുവമോർച്ച പ്രവർത്തകരുടെ വലിയ  പ്രതിഷേധം നടന്നു.  വിശ്വഹിന്ദു പരിഷത്ത് ബന്ദിന് ആഹ്വാനം ചെയ്യുകയും ചെയ്തു. പോസ്റ്റ് മോർട്ടത്തിന് ശേഷം ഇന്ന് രാവിലെ പ്രവീണിൻ്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ നൂറുകണക്കിന് സംഘപരിവാർ പ്രവർത്തകരാണ് ആദരാജ്ഞലി അർപ്പിക്കാൻ എത്തിയത്.  നെട്ടാറുവിന്റെ കൊലപാതകത്തിന് പിന്നിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയും സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യയുമാണെന്ന് സംഘപരിവാർ നേതാക്കൾ ആരോപിച്ചു. 

കൊലപാതകത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് വരികയാണെന്ന്മംഗളൂരു ഡെപ്യൂട്ടി കമ്മീഷണർ രാജേന്ദ്ര പറഞ്ഞു. മൂന്ന് പേർ ബൈക്കിലെത്തിയാണ് കൊലപാതകം നടത്തിയതെന്നും ബൈക്ക് നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണെന്നും ദക്ഷിണ കന്നഡ ജില്ല പൊലീസ് മേധാവി പറഞ്ഞു. 

മുഖ്യമന്ത്രി ബസവരാജ് എസ് ബൊമ്മൈ  ശക്തമായി അപലപിച്ച മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അന്വേഷണം വേഗത്തിലാക്കുമെന്നും വ്യക്തമാക്കി. ഹീനകൃത്യത്തിന് പിന്നിൽ പ്രവർത്തിച്ചവരെ ഉടൻ പിടികൂടുമെന്നും നിയമപ്രകാരം ശിക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൊലപാതകം നടന്നത് കേരള അതിർത്തിയോട് ചേർന്ന പ്രദേശത്തായതിനാൽ അന്വേഷണത്തിനായി കേരള പൊലീസിൻ്റെ സഹായം തേടിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. “ഒരു യുവാവിൻ്റെ ജീവൻ ഈ രീതിയിൽ ഇല്ലാതാവുമ്പോൾ ആളുകൾ ക്ഷുഭിതരാകുന്നത് സ്വാഭാവികമാണ്. , എന്നാൽ സമാധാനം നിലനിർത്താൻ സംയമനം പാലിക്കണമെന്ന് ഞാൻ ജനങ്ങളോട് അഭ്യർത്ഥിക്കുന്നു,” ആഭ്യന്തര മന്ത്രി പറഞ്ഞു.

ക്രമസമാധാന പ്രശ്നങ്ങൾ  ഉണ്ടാകാതിരിക്കാൻ ഉഡുപ്പി, ദക്ഷിണ കന്നഡ ജില്ലകളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രദേശത്തെ മിക്ക കടകളും ഹോട്ടലുകളും അടഞ്ഞുകിടക്കുകയാണ്. സംഘർഷാവസ്ഥ കണക്കിലെടുത്ത് ചില സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യുപിയിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി പാസ്റ്റർക്ക് ജാമ്യം‌; അറസ്റ്റിലായത് ജനുവരി 13ന്
കർണാടകയിലും നയപ്രഖ്യാപന പ്രസംഗത്തിൽ പോര്; കേന്ദ്ര വിമർശനത്തിൽ ഉടക്കിട്ട് ഗവർണർ, വഴങ്ങാതെ സിദ്ധരാമയ്യ; പ്രത്യേക നിയമസഭാ സമ്മേളനത്തിൽ പ്രതിസന്ധി