
തിരുവനന്തപുരം: സിക്ക വൈറസ് സാഹചര്യം പഠിക്കാൻ കേരളത്തിലേക്ക് ആറംഗ സംഘത്തിനെ അയച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. സംസ്ഥാനത്തെ ആരോഗ്യ സ്ഥിതി കേന്ദ്രത്തിന്റെ നിരീക്ഷണത്തിലാണ് എന്നും കേരളത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു.
സംസ്ഥാനത്ത് 13 പേർക്കാണ് ഇന്ന് സിക്ക വൈറസ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം നഗരപരിധിയിലുള്ള ആരോഗ്യപ്രവർത്തകർ അടക്കമുള്ളവരിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരുടെ റൂട്ട്മാപ്പടക്കം പരിശോധിക്കാൻ ആരോഗ്യവകുപ്പ് കർമ്മപദ്ധതി തയാറാക്കി. പനിയുള്ള ഗർഭിണികളിൽ പരിശോധ നടത്തി സിക്കയല്ലെന്നുറപ്പാക്കാനാണ് സർക്കാർ നിർദേശം.
പാറശാല സ്വദേശിയായ യുവതിയ്ക്ക് പുറമെ, നേരത്തെ പൂനെ വൈറോളി ഇൻസ്റ്റിറ്റ്യൂട്ടിലേക്കയച്ചിരുന്ന 19ൽ 13 സാംപിളുകൾ കൂടിയാണ് പോസിറ്റീവായത്. നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകർ അടക്കമുള്ള ജീവനക്കാരിലാണ് വൈറസ് ബാധ കണ്ടെത്തിയത്. എല്ലാവരും തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ളവർ. എല്ലാവരും അവരവരുടെ വീടുകളിലാണ്. ആരുടെയും നില ഗുരുതരമല്ല. ഇവിടങ്ങളിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധ-ബോധവത്ക്കരണ പ്രവർത്തനങ്ങൾ തുടങ്ങി.
ഗുരുതരമാകാനും മരണത്തിനുമുള്ള സാധ്യത കുറവാണെങ്കിലും 4 മാസം വരെയെത്തിയ ഗർഭിണികളിൽ ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങൾക്ക് വൈകല്യമടക്കം പ്രത്യാഘാതങ്ങൾക്ക് കാരണാകും. 5 മാസം വരെയുള്ള ഗർഭിണികളിൽ പനിയുണ്ടെങ്കിൽ പരിശോധന നടത്താൻ നിർദേശം നൽകി. ഇതിനായി വൈറസ് കണ്ടെത്താനുള്ള ലാബ് സൗകര്യം കൂട്ടും. മെഡിക്കൽ കോളേജുകൾക്ക് പുറമേ പബ്ലിക് ഹെൽത്ത് ലാബിലും പരിശോധിക്കാനുള്ള സംവിധാനമുണ്ടാക്കും. അന്താരാഷ്ട്രതലത്തിൽ നേരത്തെ വലിയ ആശങ്കകൾക്കിടയാക്കിയ സിക വൈറസ് വ്യാപനം ഗൗരവത്തോടെയാണ് ആരോഗ്യവകുപ്പ് കാണുന്നത്.
സാംപിളെടുത്ത് വൈകിയാണ് ഫലം ലഭിക്കുന്നത് എന്നതിനാൽവ്യാപനം എത്രത്തോളമായി എന്നതിൽ ചിത്രം വ്യക്തമല്ല. മെയ് മാസത്തിൽ അയച്ച സാംപിളുകളുടെ ഫലമാണ് ഇപ്പോൾ വന്നിരിക്കുന്നത്. രോഗം സ്ഥിരീകരിച്ച തിരുവനന്തപുരം ജില്ലയിൽ വൈറസ് സ്ഥിരീകരിച്ചവരുടെ റൂട്ട്മാപ്പടക്കം എടുത്താണ് പ്രതിരോധ നടപടികൾ. കൊതുകുകളെ ഇല്ലാതാക്കുന്നതിനാണ് മുൻഗണന. പകൽ സമയത്ത് കടിക്കുന്ന ഈഡിസ് കൊതുകുകളാണ് സിക്കക്ക് കാരണം.
പനി, തലവേദന, ശരീരത്തിൽ തടിപ്പ്, ചൊറിച്ചിൽ, സന്ധിവേദന, പേശിവേദന എന്നിവയാണ് സിക്കയുടെ ലക്ഷണങ്ങൾ. ഇവയുള്ളവർ പരിശോധനക്ക് തയ്യാറാകണമെന്നാണ് ആരോഗ്യവകുപ്പ് നിർദ്ദേശം. ലക്ഷണങ്ങൾ വേഗം ഭേദമാകും. എങ്കിലും 3 മാസം വരെ വൈറസിന്റെ സ്വാധീനം നിലനിൽക്കും. ഗർഭം ധരിക്കാൻ തയാറെടുക്കുന്നവരും പങ്കാളികളും ഇക്കാര്യം പരിഗണിച്ച് മുൻകരുതലെടുക്കണം.
കേരളത്തില്‍ സിക്ക വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് തമിഴ്നാട് അറിയിച്ചു. അതിര്‍ത്തി ചെക്ക്പോസ്റ്റുകളില്‍ മെഡിക്കല്‍ സംഘത്തെ നിയോഗിക്കും. പരിശോധനയ്ക്കായി കൂടുതല് പൊലീസിനെ വിന്യസിക്കും. കന്യാകുമാരി ജില്ലയില്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി.കേരളത്തില്‍ നിന്ന് എത്തുന്നവരില്‍ രോഗലക്ഷണമുള്ളവരെ വിദഗ്ധ പരിശോധന നടത്തും. അതിര്‍ത്തി ജില്ലകളില്‍ പ്രത്യേക മെഡിക്കല്‍ ക്യാമ്പുകള്‍ തുറക്കുമെന്നും തമിഴ്നാട് ആരോഗ്യമന്ത്രി സുബ്രഹ്മണ്യം അറിയിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam