
മുബൈ: വിമാന യാത്രയ്ക്കിടെ ബാഗില്‍ നിന്ന് ഒരു ലക്ഷം രൂപയും അമൂല്യമായ പേനയും നഷ്ടമായെന്ന് വ്യവസായിയുടെ പരാതി. ചെക്ക് ഇന്‍ ബാഗേജിനുള്ളില്‍ സൂക്ഷിച്ചിരുന്ന പണവും സാധനങ്ങളുമായി നഷ്ടമായത്. വിമാനത്താവളത്തില്‍ വെച്ച് ബാഗ് തിരികെ കിട്ടിയപ്പോള്‍ നമ്പര്‍ ലോക്കും സിബ്ബും പൊട്ടിച്ച നിലയിലായിരുന്നു.
സ്വകാര്യ കമ്പനിയുടെ ഡയറക്ടറായ ബിനോദ് കുമാര്‍ മണ്ഡൽ (46) ആണ് പരാതി നല്‍കിയത്. മംഗളുരുവില്‍ നിന്ന് മുബൈയിലേക്കുള്ള യാത്രയ്ക്കിടെ ബുധനാഴ്ചയായിരുന്നു സംഭവം. പണമായി സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപയ്ക്ക് പുറമെ 78 വര്‍ഷം പഴക്കമുള്ള പേനയും നഷ്ടമായതായി പരാതിയിൽ പറയുന്നു. രണ്ട് ദിവസത്തെ ഔദ്യോഗിക യാത്രയ്ക്കായി എത്തിയ താന്‍ അത്യാവശ്യ കാര്യങ്ങള്‍ക്കായി കൈയിൽ കരുതിയിരുന്ന പണമാണ് നഷ്ടമായത്. 1946ൽ അന്ന് 5000 രൂപയ്ക്ക് തന്റെ മുത്തച്ഛന്‍ വാങ്ങിയ പേനയും ബാഗിലുണ്ടായിരുന്നു. ഇതും ബാഗില്‍ നിന്ന് നഷ്ടമായി.
മോഷണം നടക്കുമ്പോള്‍ വിമാന കമ്പനികള്‍ക്കോ പൊലീസിനോ പരാതി നൽകാന്‍ ആളുകൾ തയ്യാറാവാത്തതാണ് പ്രശ്നമെന്ന് ബിനോദ് കുമാര്‍ മണ്ഡൽ പറഞ്ഞു. ആളുകളുടെ ക്ഷമയെ പരീക്ഷിക്കുന്ന തരത്തിലാണ് ഇത്തരം സാഹചര്യങ്ങളിൽ അധികൃതരുടെ പെരുമാറ്റം. തന്റെ കേസില്‍ ബാങ്കില്‍ നിന്ന് പണം പിന്‍വലിച്ചതിനാല്‍ അതിന്റെ തെളിവും തന്റെ പക്കലുണ്ടായിരുന്നെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്ഥിരമായി വിമാനത്തില്‍ യാത്ര ചെയ്യുന്ന തനിക്ക് ഇത് ആദ്യത്തെ അനുഭവമാണ്. വിമാനത്താവളത്തിനുള്ളില്‍ ജോലി ചെയ്യുന്നവരാണ് മോഷണത്തിന് പിന്നില്‍. അല്ലാതെ ഇത്തരം സംഭവം നടക്കില്ല. ബാഗേജ് സ്കാന്‍ ചെയ്യുന്ന ആളുകള്‍ തന്നെ ബാഗില്‍ പണമുണ്ടെന്ന വിവരം കൈമാറിയിരിക്കാം എന്നാണ് സംശയം. സിസിടിവി ക്യാമറകളില്ലാത്ത സ്ഥലത്തുവെച്ച് പണം മോഷ്ടിച്ചിരിക്കാനാണ് സാധ്യത. പരാതി സ്വീകരിച്ച പൊലീസ് അജ്ഞാത വ്യക്തിയെ പ്രതിയാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...