6 മാസം, 2.4 കോടി ഐആർസിടിസി അക്കൗണ്ടുകൾ പൂട്ടിക്കെട്ടി; കാരണം ഒന്ന് മാത്രം, തത്കാൽ ബുക്കിംഗ് ഇനി പഴയ പോലെയല്ല

Published : Jun 05, 2025, 11:16 AM ISTUpdated : Jun 05, 2025, 11:24 AM IST
IRCTC Confirm Tatkal Ticket

Synopsis

തത്കാൽ ടിക്കറ്റിംഗ് പ്രക്രിയ കൂടുതൽ ശക്തമാക്കാൻ ആധാർ വേരിഫൈ ചെയ്ത അക്കൗണ്ടുകൾക്ക് മാത്രം ഓൺലൈൻ തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ അനുവദിക്കും. 

ദില്ലി: തത്കാൽ ടിക്കറ്റിംഗ് പ്രക്രിയ കൂടുതൽ ശക്തമാക്കാൻ നിയമങ്ങൾ കർശനമാക്കാൻ ഇന്ത്യൻ റെയിൽവേ ഒരുങ്ങുന്നു. ആധാർ വേരിഫൈ ചെയ്ത അക്കൗണ്ടുകൾക്ക് മാത്രം ഓൺലൈൻ തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ അനുവദിക്കുന്നതാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ബുക്കിംഗിന് ആധാർ അധിഷ്ഠിത ഒടിപിയും ആവശ്യമാണ്. ക്രമക്കേടുകൾ തടയാൻ ആധാർ പരിശോധനയ്ക്ക് ശേഷം കൗണ്ടർ വഴിയുള്ള തത്കാൽ ടിക്കറ്റുകളും ബുക്ക് ചെയ്യാൻ അനുവാദമുണ്ടാകുമെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.

തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ഇന്ത്യൻ റെയിൽവേ ഉടൻ തന്നെ ഇ-ആധാർ പരിശോധന ഉപയോഗിക്കാൻ തുടങ്ങും. ഇത് ആവശ്യമുള്ള സമയത്ത് യഥാർത്ഥ ഉപയോക്താക്കൾക്ക് സ്ഥിരീകരിച്ച ടിക്കറ്റുകൾ ലഭിക്കാൻ സഹായിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഇന്ത്യൻ റെയിൽവേയുടെ ഓൺലൈൻ പ്ലാറ്റ്‌ഫോം വഴി ദിവസവും ഏകദേശം 2,25,000 യാത്രക്കാർ തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നുണ്ട് എന്നാണ് കണക്കുകൾ. മെയ് 24 മുതൽ ജൂൺ രണ്ട് വരെ തത്കാൽ ടിക്കറ്റ് ബുക്കിംഗ് രീതി വിശകലനം ചെയ്തപ്പോൾ, വിൻഡോ തുറന്നതിന് ശേഷമുള്ള ആദ്യ മിനിറ്റിൽ 1,08,000 എസി ക്ലാസ് ടിക്കറ്റുകളിൽ ശരാശരി 5,615 ടിക്കറ്റുകൾ മാത്രമാണ് ബുക്ക് ചെയ്തതെന്ന് കണ്ടെത്തി.

എന്നാൽ, രണ്ടാം മിനിറ്റിൽ 22,827 ടിക്കറ്റുകൾ ബുക്ക് ചെയ്യപ്പെട്ടു. എസി ക്ലാസിൽ, വിൻഡോ തുറന്ന് ആദ്യ 10 മിനിറ്റിനുള്ളിൽ ശരാശരി 67,159 ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യപ്പെട്ടു, ഇത് ഓൺലൈനായി ബുക്ക് ചെയ്ത ടിക്കറ്റുകളിൽ 62.5 ശതമാനം വരും. ബാക്കിയുള്ള 37.5 ശതമാനം ടിക്കറ്റുകൾ 10 മിനിറ്റിനും ചാർട്ട് തയ്യാറാക്കുന്നതിനും ഇടയിലാണ് ബുക്ക് ചെയ്തത്. അതിൽ 3.01 ശതമാനം തത്കാൽ ടിക്കറ്റുകൾ വിൻഡോ തുറന്ന് 10 മണിക്കൂറിന് ശേഷമാണ് ബുക്ക് ചെയ്തത്.

നോൺ-എസി വിഭാഗത്തിൽ മെയ് 24 മുതൽ ജൂൺ രണ്ട് വരെ പ്രതിദിനം ശരാശരി 1,18,567 ടിക്കറ്റുകളാണ് ഓൺലൈനായി ബുക്ക് ചെയ്തത്. ഇതിൽ, 4,724 ടിക്കറ്റുകൾ, അതായത് ഏകദേശം നാല് ശതമാനം ആദ്യ മിനിറ്റിൽ ബുക്ക് ചെയ്യപ്പെട്ടു. അതേസമയം 20,786 ടിക്കറ്റുകൾ, ഏകദേശം 17.5 ശതമാനം രണ്ടാം മിനിറ്റിൽ ബുക്ക് ചെയ്യപ്പെട്ടു. വിൻഡോ തുറന്ന് ആദ്യ 10 മിനിറ്റിനുള്ളിൽ ഏകദേശം 66.4 ശതമാനം ടിക്കറ്റുകൾ വിറ്റുപോയി. കൂടാതെ, വിൻഡോ തുറന്ന് ആദ്യ ഒരു മണിക്കൂറിനുള്ളിൽ ഏകദേശം 84.02 ശതമാനം ടിക്കറ്റുകൾ വിറ്റുപോയി. ബാക്കിയുള്ള ടിക്കറ്റുകൾ അടുത്ത 10 മണിക്കൂറിനുള്ളിൽ വിറ്റു. തത്കാൽ ടിക്കറ്റുകൾ ഓൺലൈൻ സംവിധാനം വഴി യാത്രക്കാർക്ക് ലഭ്യമാവുകയും, വിൻഡോ തുറന്ന് എട്ട് മുതൽ 10 മണിക്കൂർ കഴിഞ്ഞും ഏകദേശം 12 ശതമാനം തത്കാൽ ടിക്കറ്റുകൾ ഇപ്പോഴും ബുക്ക് ചെയ്യപ്പെടുന്നുണ്ടെന്നുമാണ് ഇത് വ്യക്തമാക്കുന്നത്.

ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാൻ ഓട്ടോമേറ്റഡ് ടൂളുകൾ ഉപയോഗിക്കുന്നതിനെതിരെ റെയിൽവേ ഒരു ക്യാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. ഇതിനായി ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉപയോഗിക്കുന്നു. പ്രത്യേക നിരീക്ഷണ ശ്രമങ്ങളിലൂടെ കഴിഞ്ഞ ആറ് മാസത്തിനിടെ 24 ദശലക്ഷത്തിലധികം ഉപയോക്താക്കളെ റെയിൽവേ നിർജ്ജീവമാക്കുകയും തടയുകയും ചെയ്തിട്ടുണ്ട്. കൂടാതെ, മറ്റ് രണ്ട് ദശലക്ഷം അക്കൗണ്ടുകൾ സംശയാസ്പദമായി അടയാളപ്പെടുത്തുകയും അവയുടെ ആധാർ, മറ്റ് രേഖകൾ എന്നിവയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുകയും ചെയ്യുന്നുണ്ട്. നിലവിൽ, ഐആര്‍സിടിസി വെബ്സൈറ്റിൽ 130 ദശലക്ഷത്തിലധികം സജീവ ഉപയോക്താക്കളുണ്ട്.

അതിൽ 12 ദശലക്ഷം മാത്രമാണ് ആധാർ വെരിഫൈ ചെയ്തത്. ആധാർ ഉപയോഗിച്ച് എല്ലാ അക്കൗണ്ടുകൾക്കും പ്രത്യേക പരിശോധന നടത്താൻ ഐആര്‍സിടിസി തീരുമാനിച്ചിട്ടുണ്ട്. സംശയാസ്പദമെന്ന് കണ്ടെത്തുന്ന അക്കൗണ്ടുകൾ അടച്ചുപൂട്ടും. യഥാർത്ഥ യാത്രക്കാർക്ക് എല്ലാ തരം തത്കാൽ ടിക്കറ്റുകളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്. ആധാർ ഉപയോഗിച്ച് അക്കൗണ്ടുകൾ ബന്ധിപ്പിക്കുന്ന അക്കൗണ്ട് ഉടമകൾക്ക് തത്കാൽ ടിക്കറ്റ് വിൽപ്പനയുടെ ആദ്യ 10 മിനിറ്റിനുള്ളിൽ മുൻഗണനാ ബുക്കിംഗ് ലഭിക്കും. ഐആര്‍സിടിസി അംഗീകൃത ഏജന്‍റുമാര്‍ക്ക് പോലും തത്കാൽ വിൻഡോ തുറന്ന് ആദ്യ 10 മിനിറ്റിനുള്ളിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ അനുവാദമില്ല. അതിനാൽ, നിങ്ങളുടെ ഐആര്‍സിടിസി അക്കൗണ്ട് ആധാർ വഴി പരിശോധിക്കുന്നത് അത്യാവശ്യമായി മാറും.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പട്രോളിങ്ങിനിടെ കൊക്കയിലേക്ക് വീണു; മലയാളി സൈനികന് വീരമൃത്യു, ഭൗതിക ശരീരം മലപ്പുറത്തെ വീട്ടിൽ എത്തിച്ചു
15കാരന്റെ മരണം, ഹെഡ്മാസ്റ്ററെയും 3 അധ്യാപകരെയും സസ്പെൻഡ് ചെയ്തു, ആത്മഹത്യാക്കുറിപ്പിൽ പേര് വന്നതോടെ വൻ പ്രതിഷേധം