
അഹമ്മദാബാദ്: അഹമ്മദാബാദിൽ വിമാനാപകടം ഉണ്ടായ സ്ഥലം സന്ദർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മരിച്ചവരുടെ കുടുംബത്തിനൊപ്പമെന്ന് അമിത് ഷാ വ്യക്തമാക്കി. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ഒന്നിച്ച് നീങ്ങുന്നുവെന്നും സാധ്യമായ എല്ലാ ഇടപെടലും നടത്തുമെന്നും അദ്ദേഹം ഉറപ്പു നൽകി. ഡിഎൻഎ പരിശോധന നടത്തി മൃതദേഹങ്ങൾ വിട്ടു നൽകും. പ്രധാനമന്ത്രി സ്ഥിതി വിലയിരുത്തിയിട്ടുണ്ടെന്നും അമിത് ഷാ അറിയിച്ചു.
ഡിഎൻഎ പരിശോധനക്കുള്ള എല്ലാ ക്രമീകരണങ്ങളും ഇവിടെ തന്നെ സജ്ജമാക്കിയിട്ടുണ്ട്. വ്യോമയാന മന്ത്രാലയം അന്വേഷണം തുടങ്ങിയിട്ടുണ്ട്. എന്താണ് സംഭവിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമാകും. അപകടമാണ് സംഭവിച്ചതെന്നും ആർക്കും അപകടങ്ങളെ തടുക്കാനാവില്ലെന്നും അമിത് ഷാ പറഞ്ഞു. നടപടികൾ വേഗത്തിൽ പൂർത്തിയാക്കി ബന്ധുക്കൾക്ക് മൃതദേഹം വിട്ടുനൽകും. തീ ആളിപ്പടർന്നതിനാൽ രക്ഷപ്പെടാൻ കഴിഞ്ഞില്ല. ദുരന്തസമയം ഒന്നേകാൽ ലക്ഷം ലിറ്റർ ഇന്ധനം വിമാനത്തിലുണ്ടായിരുന്നുവെന്നും അദ്ദേഹം വിശദമാക്കി. ഒരാൾ മാത്രമേ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടിട്ടുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
ആശുപത്രിയിലെത്തി ചികിത്സയിൽ കഴിയുന്ന മെഡിക്കൽ വിദ്യാർത്ഥികളെയും അമിത് ഷാ സന്ദർശിച്ചു. കോളേജ് ഹോസ്റ്റലിലേക്കാണ് വിമാനം ഇടിച്ചിറങ്ങിയത്. അവിടെയുണ്ടായിരുന്ന അമ്പതോളം വിദ്യാർത്ഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. അപകടത്തിൽ 5 മെഡിക്കൽ വിദ്യാർത്ഥികളാണ് മരിച്ചത്. അമിത് ഷാ വിളിച്ചു ചേർത്ത യോഗത്തിൽ കേന്ദ്ര വ്യോമയാനമന്ത്രിയും ഗുജറാത്ത് മുഖ്യമന്ത്രിയും പങ്കെടുക്കും. ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട വിശ്വാസ് കുമാർ രമേശിനെയും അമിത് ഷാ ആശുപത്രിയിലെത്തി സന്ദർശിച്ചു.
അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് 242 പേരുമായി യാത്ര ആരംഭിച്ച എയർ ഇന്ത്യ വിമാനം ഉച്ചയോടെയാണ് തകർന്നു വീണത്. 230 യാത്രക്കാരും 12 ക്രൂ അംഗങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത്. അതേ സമയം എത്ര പേർ മരിച്ചു എന്നതിൽ ഔദ്യോഗിക വിശദീകരണം അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. വിമാനത്തിലുണ്ടായിരുന്ന ഒരാളൊഴികെ മറ്റെല്ലാവരും മരിച്ചെന്ന പ്രാഥമിക വിവരമാണ് പുറത്തുവരുന്നത്. 241 പേർ മരിച്ചതായും 204 മൃതദേഹങ്ങൾ കണ്ടെത്തിയതായും ഉള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. 11എ സീറ്റിലെ യാത്രക്കാരനായിരുന്ന വിശ്വാസ് കുമാർ രമേശ് മാത്രമാണ് അത്ഭുതകരമായി ഈ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും മരിച്ചവരിൽ ഉൾപ്പെടുന്നു.