
ആലപ്പുഴ: അരൂർ - തുറവൂർ ഉയരപ്പാത നിർമ്മാണ മേഖലയിൽ ഗർഡർ വീണ് ഒരാൾ മരിച്ച സംഭവത്തില്‍ പ്രതികരിച്ച് ഹൈവേ കരാർ കമ്പനി ജീവനക്കാരൻ സിബിൻ. അപകടം മനപ്പൂർവ്വം സംഭവിച്ചതല്ലെന്നും കുടുംബത്തിൽ ഉണ്ടായ നഷ്ടം വലുതാണ്, അത് എത്രയും പെട്ടെന്ന് പരിഹരിക്കാൻ ആണ് ശ്രമമെന്നും ഭാര്യയുടെ അക്കൗണ്ടിലേക്ക് 25 ലക്ഷം രൂപ നൽകാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. അക്കൗണ്ട് വിവരങ്ങൾ ലഭിച്ചാൽ ഉടൻതന്നെ പണം കൈമാറും.ഇന്നലെ രാത്രിയിൽ എന്താണ് സംഭവിച്ചത് എന്ന് അറിയില്ല. സാധാരണ റോഡ് അടച്ചിട്ടാണ് അവിടെ പണി നടക്കുന്നത് എന്നും സിബിന്‍ പറഞ്ഞു.
പിക്കപ് വാനിന് മുകളിലേക്ക് ഗർഡർ വീണാണ് ആലപ്പുഴ പള്ളിപ്പാട് സ്വദേശി രാജേഷ് മരിച്ചത്. ചന്തിരൂരില്‍ പുലർച്ചെ രണ്ടരയോടെയാണ് അപകടം ഉണ്ടായത്. രണ്ട് ഗർഡറുകളാണ് വീണത്. പിക്കപ് വാൻ ഗർഡറിന് അടിയിലാണ്. മുട്ട കൊണ്ടു പോകുന്ന പിക്കപ് വാൻ ആയിരുന്നു. രണ്ട് ഗർഡറുകളാണ് വീണത്. ഒന്ന് പൂർണമായും മറ്റൊന്ന് ഭാഗികമായുമാണ് പതിച്ചത്. ഗർഡറുകൾ സ്ഥാപിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.
തമിഴ്നാട്ടില്‍ നിന്നും മുട്ട കയറ്റി വരികയായിരുന്ന പിക്കപ് വാന്‍ ആയിരുന്നു. എറണാകുളത്ത് ലോഡ് ഇറക്കിയ ശേഷം ആലപ്പുഴയിലേക്ക് വരുന്നതിനിടെയാണ് അപകടം ഉണ്ടായത്. രാജേഷ് പിക്കപ് വാനിന്‍റെ സ്ഥിരം ഡ്രൈവര്‍ ആയിരുന്നില്ല. സ്ഥാരമായി ഓടിക്കുന്ന ഡ്രൈവര്‍ ഇല്ലാതിരുന്നത് കൊണ്ട് വാഹനം ഓടിക്കാന്‍ വേണ്ടി വിളിച്ചപ്പോള്‍ രാജേഷ് വരികയായിരുന്നു. മരിച്ച രാജേഷിന് ഭാര്യയും രണ്ട് മക്കളുമുണ്ട്. കരാർ കമ്പനിയുടെ അനാസ്ഥയാണ് അപകടമുണ്ടാക്കിയതെന്ന് വാഹനയുടമ പറയുന്നു. സംഭവത്തില്‍ പിഡബ്ലുഡി സെക്രട്ടറിയോട് മന്ത്രി മുഹമ്മദ് റിയാസ് റിപ്പോർട്ട് തേടിയിട്ടുണ്ട്.
സംഭവത്തിൽ അശോക ബിൽഡ്കോൺ കമ്പനിയോട് കളക്ടർ റിപ്പോർട്ട് തേടിയിട്ടുണ്ട്. ഹൈഡ്രോളിക് ജാക്കിയിൽ ഉണ്ടായ തകരാറാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അപകടം നടന്ന സ്ഥലത്ത് ഗതാഗത നിയന്ത്രണം പാലിക്കണമെന്ന് കൃത്യമായി നിർദ്ദേശം നൽകിയിരുന്നു എന്നും കളക്ടർ അറിയിച്ചു. എങ്കിലും, ഇത്രയും വലിയ ജോലി നടക്കുമ്പോൾ പൂർണമായും ഗതാഗതം തടയാൻ കഴിയില്ലെന്നും, നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ എന്തെങ്കിലും വീഴ്ചയുണ്ടോയെന്ന് പരിശോധിക്കുമെന്നും കളക്ടർ അലക്സ് വർഗീസ് വ്യക്തമാക്കി.
അപകടത്തെക്കുറിച്ച് അശോക ബിൽഡ് കോൺ കൺസ്ട്രക്ഷൻ കോഓർഡിനേറ്റർ വേണു ഗോപാൽ നൽകിയ വിശദീകരണം നാട്ടുകാർ തള്ളി. അപകടത്തിന് കാരണം ഹൈഡ്രോളിക് ജാക്കിയുടെ തകരാറാണെന്ന് വേണു ഗോപാൽ പറഞ്ഞു. കൂടാതെ, തങ്ങൾ സാധാരണയായി വാഹനങ്ങളെ കടത്തി വിടാറില്ലെന്നും, അപകടം നടന്ന സമയത്ത് ഗതാഗതം നിയന്ത്രിച്ചിരുന്നുവെന്നും, എന്നിട്ടും ഒരു വാഹനം കടന്നുപോയതാണ് അപകടത്തിന് കാരണമായതെന്നുമാണ് കമ്പനിയുടെ പ്രതിനിധി പറഞ്ഞത്. എന്നാൽ, നിർമ്മാണ സ്ഥലത്ത് റോഡ് ബ്ലോക്ക് ചെയ്തിരുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു. കമ്പനി പ്രതിനിധി ഗതാഗതം നിയന്ത്രിച്ചിരുന്നു എന്ന് പറഞ്ഞതോടെ നാട്ടുകാർ ബഹളം വെക്കുകയും വേണു ഗോപാലിനെതിരെ പ്രതിഷേധം ഉയരുകയും ചെയ്തു.