
മാറിവരുന്ന ആഗോള, പ്രാദേശിക സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്താനും ഭാവിയിലെ വെല്ലുവിളികളെ നേരിടാനുള്ള തയ്യാറെടുപ്പ് ശക്തമാക്കാനും സംയുക്ത സൈനിക മേധാവിയുടെ ഓഫീസിന്റെ നേതൃത്വത്തിൽ കംബൈൻഡ് ഓപ്പറേഷണൽ റിവ്യൂ ആൻഡ് ഇവാലുവേഷൻ (CORE) പരിപാടിക്ക് തുടക്കമായി. ദില്ലിയിലെ മാനേക്‌ഷോ സെന്ററിൽ ഇന്ന് ആരംഭിച്ച പരിപാടി 18 വരെ തുടരും.
അഞ്ച് ദിവസത്തെ പരിപാടിയിൽ പ്രതിരോധ സേനകളിലെ മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുക്കും. പ്രതിരോധ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം എന്നിവിടങ്ങളിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥരും പരിപാടിയുടെ ഭാഗമാകും. ആഗോളതലത്തിലും ഇന്ത്യൻ മേഖലയിലും രൂപപ്പെടുന്ന പുതിയ സുരക്ഷാ സാഹചര്യങ്ങളാണ് പ്രധാനമായും ചർച്ച ചെയ്യുന്നത്.
പ്രമുഖ വിഷയവിദഗ്ധരുമായും വിവിധ മേഖലകളിലെ പ്രഗത്ഭരായ വക്താക്കളുമായും മുതിർന്ന ഉദ്യോഗസ്ഥർ ആശയവിനിമയം നടത്തും. ആഗോള-പ്രാദേശിക സുരക്ഷാ വെല്ലുവിളികൾ, യുദ്ധരംഗത്തെ സാങ്കേതിക മാറ്റങ്ങൾ, സാങ്കേതികവിദ്യയുടെ അതിവേഗ വളർച്ചയെത്തുടർന്ന് ഉയരുന്ന പുതിയ സുരക്ഷാ വെല്ലുവിളികൾ എന്നിവ വിശദമായി വിലയിരുത്തും.
സങ്കീർണമായ ദേശീയ സുരക്ഷാ വിഷയങ്ങളിൽ സിവിൽ-മിലിട്ടറി സഹകരണം കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും പരിപാടിയിൽ ചർച്ച ചെയ്യും. മൂന്ന് സേനകൾ തമ്മിലുള്ള സംയോജനം കൂടുതൽ ശക്തിപ്പെടുത്തുകയും മാറിവരുന്ന സുരക്ഷാ സാഹചര്യങ്ങളെ നേരിടാനുള്ള സംയുക്ത ശേഷി വർധിപ്പിക്കുകയുമാണ് കോർ പരിപാടിയുടെ പ്രധാന ലക്ഷ്യം.