ഗംഗാനദിയിൽ ശക്തമായ ഒഴുക്കിലും കാറ്റിലും പെട്ട് ബോട്ട് മറിഞ്ഞ് അപകടത്തിൽപ്പെട്ട 10 ബംഗ്ലാദേശി പൗരന്മാരെ ബിഎസ്എഫ് രക്ഷപ്പെടുത്തി

ഡൽഹി: ഗംഗാനദിയിൽ ശക്തമായ ഒഴുക്കിലും കാറ്റിലും പെട്ട് ബോട്ട് മറിഞ്ഞ് അപകടത്തിൽപ്പെട്ട 10 ബംഗ്ലാദേശി പൗരന്മാരെ ബിഎസ്എഫ് രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയവരിൽ 20 ദിവസം മാത്രം പ്രായമുള്ള ഒരു കുഞ്ഞും ഉൾപ്പെടുന്നു. ബംഗ്ലാദേശിലെ ചാപൈ നവാബ്ഗഞ്ചിലെ ബഖെർ അലി ഘാട്ടിൽ നിന്ന് ജോഹർപൂരിലേക്ക് 12 യാത്രക്കാരുമായി പോകുകയായിരുന്ന ചെറിയ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. യാത്ര തുടങ്ങി 20 മിനിറ്റിനുള്ളിൽ ശക്തമായ ഒഴുക്കിലും കാറ്റിലും പെട്ട് ബോട്ട് നടുപ്പുഴയിൽ വെച്ച് മറിയുകയായിരുന്നു. ശക്തമായ ഒഴുക്കിൽപ്പെട്ട് അതിർത്തി കടന്ന് ഇന്ത്യൻ ഭാഗത്തേക്ക് ഒഴുകിയെത്തിയ ഇവരെ ബിഎസ്എഫ് പട്രോളിംഗ് സംഘം കാണുകയും ഉടൻ തന്നെ സ്പീഡ് ബോട്ടുമായി എത്തി രക്ഷപ്പെടുത്തുകയുമായിരുന്നു.

3 കുട്ടികൾ (20 ദിവസം പ്രായമുള്ള കുഞ്ഞടക്കം), 3 സ്ത്രീകൾ, 4 പുരുഷന്മാർ എന്നിവരടങ്ങുന്ന 10 പേരെയാണ് ബിഎസ്എഫ് രക്ഷപ്പെടുത്തിയത്. സംഘത്തിലുണ്ടായിരുന്ന ഒരാൾ നീന്തി ബംഗ്ലാദേശ് തീരത്തേക്ക് രക്ഷപ്പെട്ടു. രക്ഷപ്പെടുത്തിയവർക്ക് ഉടൻ തന്നെ പ്രഥമശുശ്രൂഷയും ഭക്ഷണവും വസ്ത്രങ്ങളും നൽകി പ്രദേശത്തെ പ്രാദേശിക ആശുപത്രിയിൽ പ്രാഥമിക ചികിത്സ ഉറപ്പാക്കി. തുടർന്ന് എല്ലാവരെയും സുരക്ഷിതമായി ബംഗ്ലാദേശിലേക്ക് തിരിച്ചയച്ചു.