
ദില്ലി: നാലു ദിവസം നീണ്ടു നിൽക്കുന്ന ഛഠ് പൂജ ആഘോഷങ്ങൾക്ക് ഉത്തരേന്ത്യയിൽ തുടക്കമായി. സൂര്യദേവനെ ആരാധിക്കുന്ന ഛഠ് പൂജ പ്രധാനമായും ബീഹാർ, ഝാർഖണ്ഡ്, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ആഘോഷിക്കുന്നത്. ദില്ലിയിൽ ഛഠ് പൂജയ്ക്ക് മുന്നോടിയായി യമുന നദിയിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. കൂടാതെ കഴിഞ്ഞ സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും എടുത്തു കളഞ്ഞു. ഛഠ് പൂജ ആശംസകൾ നേർന്ന പ്രധാനമന്ത്രി ബീഹാറിലെ ജനങ്ങൾക്ക് പ്രത്യേകം ആശംസകളും നേർന്നു. ആഘോഷങ്ങളിൽ പങ്കെടുക്കാൻ സംസ്ഥാനത്തിനു പുറത്തുളളവർ സ്വന്തം നാടുകളിലേക്ക് എത്തും. തെരഞ്ഞെടുപ്പിന് മുന്നോടിയായി ആളുകൾ തിരികെ സംസ്ഥാനത്തേക്ക് എത്തുന്നത് ബീഹാറിൽ പോളിംഗ് ശതമാനം വർധിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് രാഷ്ട്രീയ പാർട്ടികൾ.