'ഇതൊരു അപകടകരമായ പ്രവണത', വീഡിയോ പങ്കുവച്ച് യുവാവ്; എയർ ഇന്ത്യയുടെ AI676 വിമാനത്തിൽ പറക്കവെ സ്ത്രീയുടെ വക 'മറാത്തി ഭാഷ' ഭീഷണി, രൂക്ഷ വിമർശനം

Published : Oct 23, 2025, 09:06 PM IST
 Woman Threatens YouTuber

Synopsis

കൊൽക്കത്തയിൽ നിന്ന് മുംബൈയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ വെച്ച് യൂട്യൂബറായ മഹി ഖാന് നേരെ യാത്രക്കാരിയുടെ ഭീഷണി. മറാത്തി സംസാരിക്കാത്തതിന്‍റെ പേരിലായിരുന്നു അധിക്ഷേപം

മുംബൈ: മഹാരാഷ്ട്രയിൽ മറാത്തി ഭാഷയെ ചൊല്ലിയുള്ള വിവാദങ്ങൾ കൊടുമ്പിരിക്കൊള്ളുന്നതിനിടെ, വിമാനത്തിലും 'മറാത്തി ഭാഷ' വിവാദം. എയർ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്ത യൂട്യൂബറോട് മറാത്തി സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്ന സ്ത്രീയുടെ വീഡിയോ ആണ് വിവാദത്തിന്‍റെ കാരണം. മഹി ഖാൻ എന്ന യൂട്യൂബർക്കാണ് വിമാനത്തിൽ ദുരനുഭവമുണ്ടായത്. വിമാന യാത്രക്കിടെ മറാത്തി സംസാരിക്കാത്തതിന്റെ പേരിൽ മഹി ഖാനോട് ഒരു സ്ത്രീ മോശമായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഹ്യുണ്ടായ് കമ്പനിയിൽ ജോലി ചെയ്യുന്നതായി തോന്നിക്കുന്ന ഒരു സ്ത്രീയാണ് മറാത്തി സംസാരിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ഭീഷണിപ്പെടുത്തുന്നത്. ഇവർ മഹി ഖാനോട് മറാത്തിയിൽ സംസാരിക്കാൻ ആദ്യം ആവശ്യപ്പെടുകയായിരുന്നു. 'നീ മുംബൈയിലേക്കാണ് പോകുന്നത്, മറാത്തി അറിഞ്ഞിരിക്കണം' എന്നാണ് ഇവർ പറയുന്നത്. എന്നാൽ എനിക്ക് മറാത്തി സംസാരിക്കാൻ അറിയില്ലെന്നായിരുന്നു മഹി ഖാന്‍റെ മറുപടി. കൊൽക്കത്തയിൽ നിന്ന് മുംബൈയിലേക്കുള്ള എയർ ഇന്ത്യയുടെ AI676 വിമാനത്തിലാണ് സംഭവം നടന്നതെന്ന് മഹി വ്യക്തമാക്കി.

'ഞാൻ മറാത്തി സംസാരിക്കില്ല'

തർക്കത്തിനിടയിൽ 'ഞാൻ മറാത്തി സംസാരിക്കില്ല' എന്ന് ഖാൻ ദേഷ്യത്തോടെ പറയുന്നത് വീഡിയോയിൽ കാണാം. 'നീ മുംബൈയിലേക്കാണ് പോകുന്നത്, മറാത്തി അറിഞ്ഞിരിക്കണം' എന്നായിരുന്നു സ്ത്രീയുടെ മറുപടി. മോശമായി പെരുമാറരുതെന്ന് ഖാൻ ആവശ്യപ്പെട്ടപ്പോൾ, 'മുംബൈയിൽ ഇറങ്ങിയാൽ എന്താണ് മോശം പെരുമാറ്റമെന്ന് ഞാൻ കാണിച്ചു തരാം' എന്നായിരുന്നു അവരുടെ ഭീഷണി. ശല്യം കാരണം മഹി ക്രൂവിനെ വിളിച്ച് സഹായം തേടിയപ്പോൾ, 'മുംബൈയിൽ ഇറങ്ങുമ്പോൾ കാണിച്ചു തരാം' എന്ന ഭീഷണി തുടർന്നു. വിമാന ജീവനക്കാർക്ക് മുന്നിൽ വച്ചും ഈ ഭീഷണി തുടർന്നതായി ഖാൻ പറഞ്ഞു. ഇവരുടെ പെരുമാറ്റത്തെ മര്യാദക്കേട് എന്നാണ് വീഡിയോ കണ്ട ഏവരും വിശേഷിപ്പിക്കുന്നത്. രൂക്ഷമായ വിമർശനങ്ങളാണ് പലരും ഉയർത്തിയിട്ടുള്ളത്.

അപകടകരമായ പ്രവണത

ഇതൊരു അപകടകരമായ പ്രവണതയായതിനാലാണ് വീഡിയോ റെക്കോഡ് ചെയ്ത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതെന്നാണ് മഹി ഖാൻ പറയുന്നത്. ഈ വിഷയം തന്റെ മാത്രമല്ല, മറിച്ച് ഇവിടെ നിരവധി പേർ നേരിടുന്നുണ്ടെന്നും ഖാൻ വിവരിച്ചു. ഇത്തരം ഭീഷണികൾ സാധാരണമാകുന്ന ഒരു മനോഭാവം വലിയ അപകടമാണെന്നും ഖാൻ കൂട്ടിച്ചേർത്തു. 'ഒരു ഭാഷയും നിർബന്ധിച്ച് അടിച്ചേൽപ്പിക്കേണ്ടതല്ലെന്നും ബഹുമാനം പിടിച്ചു വാങ്ങാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം വ്യക്തികൾക്കെതിരെ എയർ ഇന്ത്യ നടപടിയെടുക്കണമെന്നും അവരെ വിമാനത്തിൽ നിന്ന് വിലക്കണമെന്നും ഖാൻ ആവശ്യപ്പെട്ടു. വ്യത്യസ്ത ഭാഷ സംസാരിക്കുന്നതിന്റെ പേരിൽ ഒരു യാത്രക്കാരനും അപമാനിതനാകുകയോ അരക്ഷിതനാകുകയോ ചെയ്യരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വീഡിയോ കാണാം

 

 

PREV
Read more Articles on
click me!

Recommended Stories

പട്രോളിങ്ങിനിടെ കൊക്കയിലേക്ക് വീണു; മലയാളി സൈനികന് വീരമൃത്യു, ഭൗതിക ശരീരം മലപ്പുറത്തെ വീട്ടിൽ എത്തിച്ചു
15കാരന്റെ മരണം, ഹെഡ്മാസ്റ്ററെയും 3 അധ്യാപകരെയും സസ്പെൻഡ് ചെയ്തു, ആത്മഹത്യാക്കുറിപ്പിൽ പേര് വന്നതോടെ വൻ പ്രതിഷേധം