സഹോദരന് വെടിയേറ്റതിന് പിന്നില്‍ ബിജെപി എംപിയെന്ന് കഫീല്‍ ഖാന്‍

By Web DeskFirst Published Jun 18, 2018, 9:48 AM IST
Highlights
  • ബിജെപി എംപി കമലേഷ് പാസ്‌വാനെതിരെ ​ഗുരുതര ആരോപണവുമായി ഡോ.കഫീല്‍ ഖാന്‍ രം​ഗത്ത്

ലഖ്‌നൗ: ബിജെപി എംപി കമലേഷ് പാസ്‌വാനെതിരെ ​ഗുരുതര ആരോപണവുമായി ഡോ.കഫീല്‍ ഖാന്‍ രം​ഗത്ത്. തന്റെ സഹോദരന് വെടിയേറ്റതിന് പിന്നില്‍ ബിജെപി എംപി കമലേഷ് പാസ്‌വാന്‍ ആണെന്ന് കഫീല്‍ ഖാന്‍ പറഞ്ഞു. ബാന്‍സ്‌ഗോണ്‍ മണ്ഡലത്തിലെ എം.പിയായ കമലേഷിന് തന്റെ സഹോദരനുമായി വ്യക്തി വൈരാഗ്യം ഇല്ലെന്നും, തന്റെ അമ്മാവന്റെ സ്ഥലത്ത് കമലേഷ് നടത്തിയ കടന്നുകയറ്റത്തിനെതിരെ കോടതിയില്‍ പോയതിന്റെ പ്രതികാരമാണ് വെടിവെയ്‌പ്പെന്നും കഫീല്‍ ഖാന്‍ പറഞ്ഞു. ഈ വിഷയത്തിൽ പൊലീസ് നിഷ്‌ക്രിയരാണെന്നും കഫീല്‍ പരാതിപ്പെടുന്നു.

സംഭവം നടന്ന് 48 മണിക്കൂറില്‍ നടപടികള്‍ കൈക്കൊള്ളും എന്ന് ഉറപ്പ് നല്‍കിയ പൊലീസ് ഒരാഴ്ച പിന്നിട്ടിട്ടും കേസില്‍ ഒരു പുരോഗതിയുമുണ്ടാക്കിയിട്ടില്ല. ആരുടേയോ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ചാണ് പൊലീസ് പ്രവര്‍ത്തിക്കുന്നത് എന്നതിന്റെ സൂചനയാണ് ഇതുവരെ അറസ്റ്റുകളൊന്നും രേഖപ്പെടുത്താത്തതെന്നും കഫീല്‍ ഖാന്‍ പറഞ്ഞു.  

കഴിഞ്ഞ ഞായാറാഴ്ച്ചയാണ് കഫീല്‍ ഖാന്റെ സഹോദരനായ കാഷിഫ് ജമീലിന് വെടിയേറ്റത്. ബൈക്കില്‍ വീട്ടിലേക്ക് വരികയായിരുന്ന കാഷിഫിന് നേരെ മൂന്ന് തവണയാണ് അജ്ഞാതര്‍ നിറയൊഴിച്ചത്. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ വിഷയത്തില്‍ അപലപിച്ചിരുന്നു. കഫീല്‍ ഖാന്റെ സഹോദരൻ കാഷിഫ് ജമീൽ എഞ്ചിനീയറാണ്. ബിആർഡി മെഡിക്കൽ കോളേജിൽ ഓക്സിജൻ  ലഭിക്കാതെ കുട്ടികൾ മരിച്ച സംഭവത്തിൽ നിസ്വാർഥമായ സേവനം നടത്തിയ കഫീൽ ഖാനെ യുപി ഗവണ്മെന്റ് കള്ളക്കേസിൽ കുടുക്കി ജയിലിൽ അടച്ചിരുന്നു.  
 


 

click me!