
പുണ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നാഗ്പൂർ സ്വദേശിയായ യുവതിയെ തട്ടിപ്പിനിരയാക്കി പോർച്ചുഗലിൽ വിറ്റതായി പരാതി. 11 ലക്ഷം രൂപ തട്ടിയെടുക്കുകയും ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയും ചെയ്തെന്ന് ആരോപണത്തിൽ മനുഷ്യക്കടത്ത് സംഘത്തിനെതിരെ പുണെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. നാഗ്പൂർ സ്വദേശി 28-കാരിയായ കൊമേഴ്‌സ് ബിരുദധാരിയാണ് തട്ടിപ്പിനിരയായത്.
പുണെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 'വി മൈഗ്രേറ്റ്' എന്ന റിക്രൂട്ട്‌മെന്റ് ഏജൻസി സോഷ്യൽ മീഡിയ വഴിയാണ് യുവതിയെ ആകർഷിച്ചത്. യൂറോപ്പിലെ ചോക്ലേറ്റ് കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത്, പ്രതിമാസം 1.5 ലക്ഷം രൂപ ശമ്പളത്തിൽ ജോലി നൽകാമെന്ന് ഏജൻസി വാഗ്ദാനം ചെയ്തു. വിസ, ഇൻഷുറൻസ്, പ്രൊസസിങ് ഫീസ് തുടങ്ങിയ ചെലവുകൾക്കായി 11 ലക്ഷം രൂപ പ്രതികൾ ആവശ്യപ്പെടുകയും, ഭർത്താവിന്റെയും ബന്ധുക്കളുടെയും ഫിക്സഡ് ഡെപ്പോസിറ്റുകൾ പിൻവലിച്ച് യുവതി ഈ തുക ഏജൻസിക്ക് നൽകുകയും ചെയ്തു.
തുടർന്ന് 2026 മെയ് മാസത്തിൽ സ്പെയിൻ വഴി യുവതിയെ പോർച്ചുഗലിൽ എത്തിച്ചെങ്കിലും, അവിടെയെത്തിയ ഉടൻ ഇടനിലക്കാർ യുവതിയുടെ പാസ്‌പോർട്ട് പിടിച്ചെടുത്തു. തുടർന്ന് ഒഡെമിറ എന്ന സ്ഥലത്തുള്ള ബീയർ ഷോപ്പ് ഉടമയ്ക്ക് ഏജൻസിക്കാർ യുവതിയെ വിൽക്കുകയായിരുന്നു. സൂപ്പർമാർക്കറ്റ് ജോലിക്ക് പകരം ബീയർ ഷോപ്പിൽ അടിമപ്പണി ചെയ്യിക്കുകയും, ലൈംഗിക ചൂഷണത്തിന് വിധേയയാക്കുകയും ചെയ്തതായി യുവതി നൽകിയ പരാതിയിൽ പറയുന്നു. തടവിലാക്കപ്പെട്ട മറ്റു ചില ഇന്ത്യൻ യുവതികളും അവിടെ സമാനമായ ചൂഷണം നേരിടുന്നുണ്ടായിരുന്നു. തടങ്കലിൽ നിന്ന് ജൂൺ അവസാന വാരം (ജൂൺ 29) രക്ഷപ്പെട്ട യുവതി ബസ് മാർഗ്ഗം മാഡ്രിഡിൽ എത്തുകയും, അവിടെനിന്ന് ദോഹ വഴി ദില്ലിയിലേക്ക് വിമാനമാർഗം എത്തുകയും ചെയ്തു. നാട്ടിലെത്തിയ ശേഷവും മറ്റൊരു രാജ്യത്ത് ജോലി നൽകാമെന്ന് പറഞ്ഞ് പ്രതികൾ 3 ലക്ഷം രൂപ കൂടി ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് യുവതി പുണെ സിറ്റി പോലീസിലും ക്രൈംബ്രാഞ്ചിലും പരാതി നൽകി. സംഭവത്തിൽ ഇന്ത്യയിലും പോർച്ചുഗലിലുമുള്ള പ്രതികൾക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ മനുഷ്യക്കടത്ത്, തടഞ്ഞുവെക്കൽ, തട്ടിപ്പ്, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.