ടിക്കറ്റ് വേണ്ട, റിസർവേഷനില്ല! ഇന്ത്യയിൽ സൗജന്യമായി സർവീസ് നടത്തുന്ന ഒരേയൊരു ട്രെയിൻ!

Published : Jan 02, 2026, 12:04 PM IST
ടിക്കറ്റ് വേണ്ട, റിസർവേഷനില്ല! ഇന്ത്യയിൽ സൗജന്യമായി സർവീസ് നടത്തുന്ന ഒരേയൊരു ട്രെയിൻ!

Synopsis

വിവിധ സര്‍ക്കാരുകൾ മാറി വന്നു, നയങ്ങൾ മാറി, റെയിൽവേ ആധുനികവത്കരിക്കപ്പെട്ടു, എന്നിട്ടും കഴിഞ്ഞ 75 വര്‍ഷത്തിലധികമായി ഈ ട്രെയിൻ സൗജന്യമായാണ് സര്‍വീസ് നടത്തുന്നത്. 

ദില്ലി: ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള ​ഗതാ​ഗത സംവിധാനമാണ് റെയിൽവേ. ലോകത്തിലെ തന്നെ ഏറ്റവും വലിയ റെയിൽ ശൃംഖലകളിലൊന്നാണ് ഇന്ത്യയിലേത്. ദിനംപ്രതി പതിനായിരക്കണക്കിന് യാത്രക്കാരാണ് ട്രെയിനിൽ സഞ്ചരിക്കുന്നത്. കുറഞ്ഞ ചെലവും യാത്രാ സുഖവുമാണ് ട്രെയിൻ യാത്രകളുടെ പ്രത്യേകത. എന്നാൽ, സൗജന്യ യാത്ര വാ​ഗ്ദാനം ചെയ്യുന്ന ഒരു ട്രെയിൻ ഇന്ത്യയിലുണ്ട് എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? സംഭവം സത്യമാണ്.

പഞ്ചാബിലെ നങ്കലിനും ഹിമാചൽ പ്രദേശിലെ ഭക്രയ്ക്കും ഇടയിൽ സർവീസ് നടത്തുന്ന ഭക്ര-നംഗൽ ട്രെയിനാണ് സൗജന്യ യാത്ര വാ​ഗ്ദാനം ചെയ്യുന്നത്. 13 കിലോമീറ്റർ സഞ്ചരിക്കുന്ന ഈ ട്രെയിൻ മനോഹരമായ സത്‌ലജ് നദിക്കും സിവാലിക് കുന്നുകൾക്കും മുകളിലൂടെയാണ് കടന്നുപോകുന്നത്. ഭക്ര-നംഗൽ അണക്കെട്ടിന്റെ നിർമ്മാണത്തിനായി തൊഴിലാളികളെ എത്തിക്കുന്നതിനും നിർമ്മാണ സാമ​ഗ്രികൾ വിതരണം ചെയ്യുന്നതിനുമാണ് ഈ ട്രെയിൻ ആദ്യം ഉപയോഗിച്ചിരുന്നത്.

1948ൽ സർവീസ് ആരംഭിച്ച ഈ ട്രെയിനിന്റെ പ്രവർത്തനത്തിൽ കഴിഞ്ഞ 75 വര്‍ഷത്തിലധികമായി ഒരു മാറ്റവും സംഭവിച്ചിട്ടില്ല എന്നതാണ് പ്രത്യേകത. 1953ൽ അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്ത ഡീസൽ എഞ്ചിനുകൾ ട്രെയിനിൽ ഘടിപ്പിച്ചു. ട്രെയിൻ മണിക്കൂറിൽ ഏകദേശം 18 മുതൽ 20 ലിറ്റർ വരെ ഇന്ധനം ഉപയോഗിക്കുന്നുണ്ട്. ഇതിനിടെ, ഭക്ര ബിയാസ് മാനേജ്മെന്റ് ബോർഡ് (ബിബിഎംബി) ടിക്കറ്റ് നിരക്ക് ഈടാക്കുന്നത് പരിഗണിച്ചിരുന്നെങ്കിലും ട്രെയിനിന്റെ പൈതൃകത്തെ ആദരിച്ചുകൊണ്ട് സൗജന്യമായി നിലനിർത്താനുള്ള തീരുമാനം എടുക്കുകയായിരുന്നു.

പ്രതിദിനം 800-ലധികം ആളുകൾ ഈ ട്രെയിൻ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. യാത്രക്കാർക്ക് ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ടുകളിൽ ഒന്നായ ഭക്ര-നംഗൽ അണക്കെട്ടും മനോഹരമായ സിവാലിക് കുന്നുകളും സന്ദർശകർക്ക് കാണാൻ കഴിയും എന്നതാണ് പ്രത്യേകത.

അണക്കെട്ടിന്റെ നിർമ്മാണ വേളയിൽ ഫെറി തൊഴിലാളികൾക്കും എഞ്ചിനീയർമാർക്കും വസ്തുക്കൾ എത്തിക്കാനും വേണ്ടിയാണ് ട്രെയിൻ ഉപയോ​ഗിച്ചതെങ്കിലും കാലക്രമേണ പദ്ധതി പൂർത്തിയായപ്പോൾ ഡാമിലെ ജീവനക്കാർക്കും നാട്ടുകാർക്കും സന്ദർശകർക്കും വേണ്ടിയുള്ള ഒരു സേവനമെന്ന നിലയിൽ ട്രെയിൻ സൗജന്യമായി ഓടിത്തുടങ്ങി. പതിറ്റാണ്ടുകളായി സംഭവിക്കുന്ന മാറ്റങ്ങളെ ഈ ട്രെയിൻ എങ്ങനെ അതിജീവിച്ചു എന്നതാണ് അതിലും ശ്രദ്ധേയമായ കാര്യം. സർക്കാരുകൾ മാറി, നയങ്ങൾ വികസിച്ചു, റെയിൽവേ സംവിധാനങ്ങൾ ആധുനികവൽക്കരിക്കപ്പെട്ടു. എന്നാൽ, ഈ ഒരു ട്രെയിൻ സർവീസ് മാത്രം ഇന്നും മാറ്റമില്ലാതെ തുടരുന്നു.

PREV
Read more Articles on
click me!

Recommended Stories

റെയിൽവേയുടെ പുതുവത്സര സമ്മാനം; ഈ ട്രെയിനുകളുടെ യാത്രാ സമയം കുറച്ചു, ഒന്നര മണിക്കൂ‍ര്‍ വരെ ലാഭം
ഇൻഡി​ഗോ വിമാനത്തിന്റെ വിൻഡോ സീറ്റിൽ യാത്രക്കാരന്റെ അസാധാരണ പ്രവൃത്തി; വിൻഡോയിൽ സ്വന്തം പേര് കൊത്തിവെച്ചു, വിമ‍ര്‍ശനം