സിപിഎമ്മിലെ നികത്താനാകാത്ത `യെച്ചൂരി മാജിക്', സീതാറാം യെച്ചൂരി വിട വാങ്ങിയിട്ട് ഇന്ന് ഒരു വർഷം

Published : Sep 12, 2025, 09:43 AM IST
Sitaram Yechury

Synopsis

ശ്വാസകോശ അണുബാധ യെച്ചൂരിയെ വീഴ്ത്തിയിട്ട് ഒരു കൊല്ലം ആകുമ്പോഴും ദേശീയതലത്തിൽ പാർട്ടിക്ക് ആ ആഘാതത്തിൽ നിന്ന് കരകയറാനായിട്ടില്ല

ദില്ലി: സിപിഎം മുൻ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഓർമ്മയായിട്ട് ഇന്ന് ഒരു വർഷം. യെച്ചൂരിയുടെ വിയോഗം ഉണ്ടാക്കിയ നേതൃപ്രതിസന്ധി ദേശീയതലത്തിൽ സിപിഎമ്മിന് ഇന്നും പൂർണ്ണമായി പരിഹരിക്കാനായിട്ടില്ല. പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ നീക്കങ്ങളിലും യെച്ചൂരി മാജിക്കിന്റെ അഭാവം പ്രകടമാണ്.

എതു പ്രതിസന്ധിയേയും ചെറു പുഞ്ചിരിയോടെ നേരിട്ട രാഷ്ട്രീയ തന്ത്രം, പ്രത്യയശാസ്ത്ര ബോധവും ആത്മവിശ്വാസവും സമ്മാനിച്ച അസാധാരണ ധൈര്യം, സീതാറാം യെച്ചൂരി എന്ന നേതാവ് പകർന്ന നേതൃത്വം സിപിഎമ്മിന് ദേശീയതലത്തിൽ വലിയ മേൽവിലാസമായിരുന്നു. ശ്വാസകോശ അണുബാധ യെച്ചൂരിയെ വീഴ്ത്തിയിട്ട് ഒരു കൊല്ലം ആകുമ്പോഴും ദേശീയതലത്തിൽ പാർട്ടിക്ക് ആ ആഘാതത്തിൽ നിന്ന് കരകയറാനായിട്ടില്ല. ഉപരാഷ്ട്രപതിക്കായുള്ള സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ അടുത്തിടെ നടന്ന ചർച്ചകളിൽ പരസ്പരം തെറ്റി നിന്ന പല പാർട്ടികളെയും ഒരുമിച്ച് കൊണ്ടുവരാൻ കോൺഗ്രസ് നേതാക്കൾ യെച്ചൂരിയുടെ സാന്നിധ്യം ആഗ്രഹിക്കുന്നുണ്ടായിരുന്നു.

വിശാഖപട്ടണം പാർട്ടി കോൺഗ്രസിൽ ജനറൽ സെക്രട്ടറിയായ യെച്ചൂരി മധുര കോൺഗ്രസിൻ്റെ ഒരുക്കങ്ങൾ നടക്കാനിരിക്കെയാണ് വിടവാങ്ങിയത്. പിന്നീട് പാർട്ടി കോൺഗ്രസ് വരെ പിബി കോഡിനേറ്റർ എന്ന നിലയ്ക്ക് പ്രകാശ് കാരാട്ടിനു കീഴിൽ സിപിഎം പ്രവർത്തിച്ചു. മധുര പാർട്ടി കോൺഗ്രസ് ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്ത എം.എ. ബേബി യെച്ചൂരിയുടെ ആ വിടവ് നികത്താൻ സിപിഎമ്മിൽ ഒരു പുതിയ നേതൃ നിരയെ പരിശീലിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ്.

1996 ൽ ദേവഗൗഡ സർക്കാർ രൂപീകരിച്ചതു മുതലുള്ള ഇന്ത്യൻ രാഷ്ട്രീയ നീക്കങ്ങളിലെല്ലാം സീതാറാം യെച്ചൂരിയുടെയും കൈയ്യൊപ്പുണ്ടായിരുന്നു. രണ്ടായിരത്തി നാലിലെ യുപിഎ സർക്കാരിൻറെ രൂപീകരണത്തിൽ ഹർകിഷൻ സിംഗ് സുർജിത്തിൻ്റെ കൂടെ നിന്ന് യെച്ചൂരി പരീക്ഷിച്ച പ്രായോഗിക രാഷ്ട്രീയത്തിനും വലിയ പങ്കുണ്ടായിരുന്നു. പാർലമെൻ്റിൽ പന്ത്രണ്ട് കൊല്ലം പാർട്ടിക്കും പ്രതിപക്ഷത്തിനും വേണ്ടി യെച്ചൂരി പടനയിച്ചു. സോണിയ ഗാന്ധി അടക്കമുള്ള നേതാക്കളുമായി പാർട്ടി വ്യത്യാസങ്ങൾക്കിടയിലും നല്ല ബന്ധമുണ്ടായിരുന്നു യെച്ചൂരിക്ക്. വിഎസ് അച്യുതാനന്ദനെ പാർട്ടിയിൽ നിറുത്താനും കേന്ദ്ര നേതൃത്വവുമായി തെറ്റിയ ബംഗാൾ ഘടകത്തെ ഇണക്കാനുമൊക്കെ സിപിഎമ്മിന് സീതാറാം യെച്ചൂരി എന്ന പാലം ഒരു കാലത്ത് അനിവാര്യമായിരുന്നു.

യെച്ചൂരി ജനറൽ സെക്രട്ടറിയായിരിക്കെയാണ് കേരളത്തിൽ സിപിഎമ്മിന് തുടർഭരണം കിട്ടിത്. ഇന്ന് വീണ്ടും ഒരു തെരഞ്ഞെടുപ്പിലേക്ക് കേരളം നീങ്ങുമ്പോൾ മതേതര രാഷ്ട്രീയത്തിൻറെ ഉറച്ച ശബ്ദങ്ങളിലൊന്ന് പാർട്ടിയുടെ കൂടെയില്ല. പ്രത്യയശാസ്ത്ര നാട്യങ്ങളില്ലാതെ യെച്ചൂരി ഇന്ത്യൻ ഇടതുപക്ഷത്തിന് ആശയ വ്യക്തതയും പ്രായോഗികതയുടെ പുതു വഴികളും തുറന്നു നല്കിയിരുന്നു. പൊരുതാനുള്ള ഊർജ്ജം പ്രതിപക്ഷ നിരക്കാകെ നിരന്തരം നല്കിയിരുന്ന നേതാവിനെയാണ് രാഷ്ട്രീയ ഇന്ത്യ ഒരിക്കൽ കൂടി ഓർക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

പട്രോളിങ്ങിനിടെ കൊക്കയിലേക്ക് വീണു; മലയാളി സൈനികന് വീരമൃത്യു, ഭൗതിക ശരീരം മലപ്പുറത്തെ വീട്ടിൽ എത്തിച്ചു
15കാരന്റെ മരണം, ഹെഡ്മാസ്റ്ററെയും 3 അധ്യാപകരെയും സസ്പെൻഡ് ചെയ്തു, ആത്മഹത്യാക്കുറിപ്പിൽ പേര് വന്നതോടെ വൻ പ്രതിഷേധം