
ന്യൂയോർക്ക്: 100 ദിവസത്തെ പ്രവർത്തനത്തിനുള്ള അമേരിക്കൻ പ്രസിഡന്റുമാർക്കുള്ള റേറ്റിംഗിൽ ഏറ്റവും പിന്നിൽ നിലവിലെ പ്രസിഡന്റെ ഡൊണാൾഡ് ട്രംപ്. വീണ്ടും അധികാരത്തിലെത്തിയ ശേഷമുള്ള ട്രംപിന്റെ 100 ദിവസത്തെ പെർഫോമൻസ് റേറ്റിംഗാണ് ഇതുവരെയുള്ളതിൽ ഏറ്റവും കുറവെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന ആശങ്ക ഉയർത്തുന്ന രീതിയിലുള്ള നയമാറ്റങ്ങളാണ് റേറ്റിംഗ് ഇടിയാൻ കാരണമായതെന്നാണ് പോളിൽ വിശദമായത്. എബിസി ന്യൂസ്, വാഷിംഗ്ടൺ പോസ്റ്റ് എന്നീ മാധ്യമങ്ങളാണ് ട്രംപിന്റെ പെർഫോമൻസിൽ രാജ്യത്തിന്റെ പ്രതികരണം എങ്ങനെയാണെന്ന് പോളിലൂടെ തിരക്കിയത്.
റേറ്റിംഗ് മോശമാണെങ്കിലും ഡെമോക്രാറ്റുകളെ അപേക്ഷിച്ച് രാജ്യത്തെ ജനങ്ങൾക്ക് വിശ്വാസം ട്രംപിനെയാണെന്നും പോൾ വിശദമാക്കുന്നത്. പോളിനോട് പ്രതികരിച്ചതിൽ 55 ശതമാനം ആളുകൾ ട്രംപിന്റെ നയം അംഗീകരിക്കുന്നില്ല. 39 ശതമാനം ആളുകളാണ് ട്രംപ് പ്രസിഡന്റ് പദവി കൈകാര്യം ചെയ്യുന്നതിൽ തൃപ്തി രേഖപ്പെടുത്തിയത്. ഇതിന് മുൻപ് 100 ദിവസത്തെ പെർഫോമൻസ് വിലയിരുത്തൽ ഏറ്റവും കുറഞ്ഞ റേറ്റിംഗ് നേടിയതും ട്രംപ് ആയിരുന്നു. 2017ലായിരുന്നു ഇത്. 53 ശതമാനം പേരാണ് അന്ന് ട്രംപിന്റെ നയങ്ങളെ തള്ളിയത്. 1945 മുതലുള്ള പെർഫോമൻസ് റേറ്റിംഗിലാണ് ട്രംപ് ഏറ്റവും കുറഞ്ഞ റേറ്റിംഗ് നേടിയത്.
കുറഞ്ഞ കാലത്തക്കെങ്കിലും സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുന്നതാണ് ട്രംപിന്റെ നയങ്ങളെന്നാണ് പോളിനോട് പ്രതികരിച്ച 72 ശതമാനം ആളുകളും പ്രതികരിക്കുന്നത്. രാജ്യത്തെ സാമ്പത്തിക സ്ഥിതി മോശമാണെന്ന് 73 ശതമാനം ആളുകളും വിലയിരുത്തുന്നുണ്ട്. ട്രംപ് അധികാരത്തിലേറിയ ശേഷം സാമ്പത്തിക സ്ഥിതി കൂടുതൽ മോശമായതായി 53 ശതമാനം ആളുകൾ പ്രതികരിക്കുന്നത്. സ്വന്തം സാമ്പത്തിക സ്ഥിതി മോശമായതായി പ്രതികരിച്ചത് സർവ്വേയിൽ പങ്കെടുത്ത 41 ശതമാനം ആളുകളാണ്. ജോ ബൈഡന്റെ ഭരണകാലത്തേക്കാൾ സാമ്പത്തിക സ്ഥിതി മോശമായെന്നാണ് 41 ശതമാനം ആളുകൾ പ്രതികരിച്ചത്.
സാധനങ്ങളുടെ വില കുതിച്ചുയരുന്നതായി 62 ശതമാനം ആളുകളാണ് വിശദമാക്കിയത്. വിലക്കയറ്റത്തിന് ട്രംപ് താരിഫ് കാരണമായെന്ന് 71 ശതമാനം ആളുകൾ വിശദമാക്കുന്നത്. നിയമത്തെ ട്രംപിന്റെ ഭരണം മാനിക്കുന്നില്ലെന്ന് വിലയിരുത്തിയത് സർവേയിൽ പങ്കെടുത്ത 60 ശതമാനം ആളുകളാണ്. ന്യായീകരണമില്ലാതെ പ്രസിഡന്റ് പ്രവർത്തിക്കുന്നതായി 56 ശതമാനം ആളുകൾ പ്രതികരിക്കുന്നു. പൌരൻമാരുടെ അവകാശവും സ്വാതന്ത്ര്യവും ട്രംപ് സംരക്ഷിക്കുന്നില്ലെന്ന് 55 ശതമാനം പേർ സംശയം പ്രകടിപ്പിച്ചു. ഏഴ് മാനദണ്ഡങ്ങളാണ് സർവേയിൽ വിലയിരുത്തിയത്. കുടിയേറ്റ നയത്തോട് 53 ശതമാനം പേരാണ് എതിർപ്പ് വ്യക്തമാക്കിയത്.
ഭരണം മെച്ചപ്പെടുത്താനായി ട്രംപ് സ്വീകരിച്ച പദ്ധതികൾക്കും ആളുകളുടെ പിന്തുണ കുറവാണ്. വെള്ളിയാഴ്ചയാണ് സർവേ ഫലം പുറത്ത് വന്നത്. അധികാരം പ്രയോഗിക്കുന്നതിൽ 29 ശതമാനം ആളുകളുടെ മാത്രം പിന്തുണയാണ് ട്രംപിന് നേടാനായത്. ഫെഡറൽ ഏജൻസികളെ അടച്ച് പൂട്ടിയതിനോ് 30 ശതമാനം ആളുകളാണ് പിന്തുണ അറിയിച്ചത്. ബെഡന്റെ ആദ്യ നൂറ് ദിന റേറ്റിംഗിൽ 52 ശതമാനം പേരാണ് പിന്തുണച്ചത്. 42 ശതമാനം പേരായിരുന്നു ബൈഡന്റെ 100 ദിന പെർഫോമൻസ് മോശമെന്ന് വിലയിരുത്തിയത്. എന്നാൽ ട്രംപിന്റെ രണ്ടാം വരവിലെ നൂറ് ദിന പെർഫോമൻസിനെ മികച്ചതെന്ന് വിലയിരുത്തുന്നത് 39 ശതമാനം ആളുകൾ മാത്രമാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam