ഔഷധ ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് പല്ല് തേച്ച ആറാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

By Web TeamFirst Published Apr 22, 2019, 10:42 PM IST
Highlights

പല്ലിലെ കറുത്ത പാടുകൾ മായ്ക്കാൻ മിൽക് പ്രോട്ടീൻ അടങ്ങിയ ടൂത്ത്പേസ്റ്റ് നിർദ്ദേശിച്ചത് പെൺകുട്ടിയെ പരിശോധിച്ച ദന്തരോഗ വിദഗ്ദ്ധൻ

ന്യൂയോർക്: പല്ലിലെ കറുത്ത പാടുകൾ മായ്ക്കാൻ ഔഷധ ഗുണമുള്ള ടൂത്ത്പേസ്റ്റ് ഉപയോഗിച്ച് പല്ല് തേച്ച 11 കാരിക്ക് ദാരുണാന്ത്യം. അമേരിക്കയിലെ വെസ്റ്റ് കോവനിയിലാണ് സംഭവം. ഏപ്രിൽ നാലിന് ദന്തരോഗ വിദഗ്ദ്ധൻ നിർദ്ദേശിച്ച ടൂത്ത്പേസ്റ്റ് വാങ്ങി ഉപയോഗിച്ച ഡെനിസ് സാൽദേത് എന്ന ആറാം ക്ലാസ് വിദ്യാർത്ഥിനിക്കാണ് ദാരുണാന്ത്യം ഉണ്ടായത്.

ഏപ്രിൽ നാലിനാണ് അമ്മ മോണിക്കയും അച്ഛൻ ജോസ് സാൽദേതിനുമൊപ്പം ഇവർ ഡോക്ടറെ കാണാനെത്തിയത്. പല്ലിലെ കറുത്ത പാടുകൾ മായ്ക്കാൻ മിൽക് പ്രോട്ടീൻ അടങ്ങിയ ടൂത്ത്പേസ്റ്റ് നല്ലതാണെന്ന് ഡോക്ടറാണ് പറഞ്ഞത്. എംഐ പേസ്റ്റ് വൺ എന്ന ബ്രാന്റാണ് അദ്ദേഹം നിർദ്ദേശിച്ചത്. മകൾക്ക് ആസ്തമ രോഗം ഉണ്ടായിരുന്നതിനാൽ ഡെനിസ് ഉപയോഗിക്കുന്ന എല്ലാ ഉൽപ്പന്നങ്ങളിലും മാതാപിതാക്കൾ വളരെയേറെ ശ്രദ്ധ പുലർത്തിയിരുന്നു. 

ഏപ്രിൽ നാലിന് വൈകുന്നേരം വീട്ടിൽ തിരിച്ചെത്തിയ ശേഷമാണ് പെൺകുട്ടി ടൂത്ത്പേസ്റ്റ് ഉപയോഗിച്ചത്. തനിക്ക് മാത്രമായി ടൂത്ത്പേസ്റ്റ് ലഭിച്ചതിന്റെ സന്തോഷത്തിലായിരുന്നു പെൺകുട്ടി. പേസ്റ്റ് ഉപയോഗിച്ച ഉടൻ പെൺകുട്ടിയുടെ ചുണ്ടും കണ്ണും നീല നിറത്തിലായി. മോണിക്ക ഉടനേ തന്നെ 911 നമ്പറിൽ വിളിച്ച് വൈദ്യസഹായം ആവശ്യപ്പെട്ടു. ഇതിനിടയിൽ പെൺകുട്ടിയ്ക്ക് ശ്വാസം കിട്ടാൻ ഇൻഹേലർ ഉപയോഗിച്ചിരുന്നു. വേഗത്തിൽ തന്നെ ആശുപത്രിയിലെത്തിച്ചിട്ടും പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.

ടൂത്ത്പേസ്റ്റിൽ ഉപയോഗിച്ചിരുന്ന മൂലകങ്ങൾ ഏതെന്ന് നോക്കാതിരുന്നത് തന്റെ തെറ്റായിരുന്നുവെന്ന് സ്വയം പഴിക്കുകയാണ് മോണിക്ക. മകളുടെ മരണത്തിൽ ഹൃദയം തകർന്നിരിക്കുകയാണ് അച്ഛനും അമ്മയും.

click me!