
അമൃത്സർ: 1947 ലെ വിഭജന കാലത്ത് രണ്ട് രാജ്യങ്ങളിലായി, കണ്ടുമുട്ടാനായി പലവഴിയിലൂടെ നടത്തിയ ശ്രമങ്ങളും പാഴായി ഒടുവിൽ മക്കയിൽ വച്ച ബന്ധുക്കളുടെ കൂടിക്കാഴ്ച. ഇന്ത്യയിലുള്ള സഹോദരിയുടെ കുടുംബാംഗങ്ങളെയാണ് 105 വയസുകാരി ഒടുവിൽ വ്യാഴാഴ്ച മക്കയിൽ വച്ച് കണ്ടുമുട്ടുന്നത്. വിഭജന കാലത്ത് ഹാജിറാ ബീവി പാകിസ്ഥാനിലും സഹോദരി മജീദ പഞ്ചാബിലുമായത്. സഹോദരിമാർക്ക് കൂടിക്കാഴ്ച നടത്താന്‍ പലപ്പോഴായി ശ്രമിച്ചെങ്കിലും വിവിധ കാരണങ്ങളാൽ സാധ്യമാകാതെ വരികയായിരുന്നു.
ഖർതാർപൂരിലെ ഗുരുദ്വാരയിൽ വച്ച് ബന്ധുക്കളെ കാണാനുള്ള ശ്രമങ്ങളും ഫലം കാണാതെ വരികയും മാസങ്ങള്‍ക്ക് മുന്‍പ് മജീദ മരണപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് മജീദയുടെ മകളും 60കാരിയുമായ ഹനിഫാന്‍ മാതൃസഹോദരിയെ കാണണമെന്ന് ഉറപ്പാക്കിയത്. മക്കയിലെ കബ്ബയിൽ വച്ചാണ് ആദ്യമായി ഇവർ തമ്മിൽ കാണുന്നത്. നേരത്തെ പലപ്പോഴായി വീഡിയോ കോളുകളിൽ കണ്ടിട്ടുണ്ടെങ്കിലും നേരിട്ടുള്ള കൂടിക്കാഴ്ച ഏറെ വൈകാരികമായിരുന്നു. കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് പാകിസ്ഥാനിലുള്ള യുട്യൂബ് ഇൻഫ്ലുവൻസർ നസീർ ദില്ലോണ്‍ സഹോദരിമാരുടെ വിവരം അറിയുന്നത്. ഇതിന് പിന്നാലെ ദില്ലോണാണ് ഇരുവരേയും മക്കയിലെത്തിക്കുന്നത്. പഞ്ചാബിലെ കപൂർത്തലയിലാണ് ഹനിഫാന്‍ താമസിക്കുന്നത്. ഹാജിറാ ബീവിയെ കാണാനായി ഹനിഫാന്‍ വിസയ്ക്ക് അപേക്ഷിച്ചിരുന്നെങ്കിലും വിസ ലഭിക്കാതെ വരികയായിരുന്നു.
ജൂണ്‍മാസത്തിൽ മജീദ മരണത്തിന് കീഴടങ്ങുകയായിരുന്നു. സഹോദരിയുടെ വിയോഗ വാർത്ത അറിയിക്കാനായി വിളിച്ചപ്പോഴാണ് ബന്ധുക്കളെ കാണാനുള്ള തീവ്രമായ ആഗ്രഹം ഹാജിറ ബീവി പങ്കുവയ്ക്കുന്നത്. കാണാനുള്ള ശ്രമങ്ങള്‍ പാഴായതോടെ ഇരു കുടുംബങ്ങളും പ്രതീക്ഷ കൈ വിട്ടിരുന്നു. ഇതിനിടയിലാണ് വിവരം നസീർ ദില്ലോണ്‍ എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ സജീവമായ പോൾ സിംഗ് ഗില്ലിന്റെ ശ്രദ്ധയിൽപ്പെടുന്നത്.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഇരുകുടുംബങ്ങളേയും ദില്ലോണ്‍ മുന്‍കൈ എടുത്ത് മക്കയിലെത്തിക്കുകയായിരുന്നു. നേരത്തെ ഹനീഫാന്‍ ഖർതാർപൂർ സന്ദർശിക്കാന്‍ ശ്രമിച്ചപ്പോൾ അനുമതി നിഷേധിച്ചതിന് കാരണം ഇന്നും കുടുംബങ്ങൾക്ക് അറിവില്ല. ഹനീഫാന്റെ വിസ അപേക്ഷ ഇന്ത്യയിലെ പാക് ഹൈകമ്മീഷനാണ് തള്ളിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam