യുഎസ് ഇന്റലിജൻസ് മേധാവി തുൾസി ഗബ്ബാർഡിന്റെ റിപ്പോർട്ട് പ്രകാരം, പാകിസ്ഥാനും ചൈനയും അമേരിക്കയെ ലക്ഷ്യമിടാൻ ശേഷിയുള്ള ദീർഘദൂര ബാലിസ്റ്റിക് മിസൈലുകൾ വികസിപ്പിക്കുന്നു. ഉത്തരകൊറിയക്ക് ഇതിനകം ഈ കഴിവുണ്ടെന്നും റഷ്യയുമായുള്ള സഹകരണം ആഗോള സുരക്ഷയ്ക്ക് ഭീഷണിയാണെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ഇറാന്റെ ആണവ ഭീഷണി കുറഞ്ഞതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.

വാഷിങ്ടൺ: ചൈനയും പാകിസ്ഥാനും യുഎസിനെ ലക്ഷ്യം വയ്ക്കാൻ സാധ്യതയുള്ള ദീർഘദൂര ബാലിസ്റ്റിക് മിസൈലുകൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് യുഎസ് ഇന്റലിജൻസ് മേധാവി തുൾസി ഗബ്ബാർഡിന്റെ മുന്നറിയിപ്പ്. യുഎസ് സെനറ്റ് ഇന്റലിജൻസ് കമ്മിറ്റിക്ക് മുമ്പാകെ 2026 ലെ വാർഷിക ഭീഷണി വിലയിരുത്തൽ റിപ്പോർട്ട് അവതരിപ്പിക്കുന്നതിനിടെയാണ് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ ഗബ്ബാർഡ് ഈ പരാമർശം നടത്തിയത്. റഷ്യ, ചൈന, ഉത്തരകൊറിയ, ഇറാൻ, പാകിസ്ഥാൻ എന്നിവയെല്ലാം യുഎസ് പരിധി ലക്ഷ്യമിട്ട് നൂതനവും പരമ്പരാഗതവുമായ മിസൈൽ സംവിധാനങ്ങൾ വികസിപ്പിക്കുന്നു. ആണവായുധം വഹിക്കാൻ കഴിവുള്ള നൂതനമായ മിസൈലുകളാണ് ഈ രാജ്യങ്ങൾ വികസിപ്പിക്കുന്നതെന്ന് തുളസി പറഞ്ഞു.

ഉത്തരകൊറിയയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ (ഐസിബിഎം) ഇതിനകം തന്നെ യുഎസ് പ്രദേശത്തെത്താൻ പ്രാപ്തമാണെന്നും പ്യോങ്‌യാങ് തങ്ങളുടെ ആണവായുധ ശേഖരം വികസിപ്പിക്കുന്നതിൽ പ്രതിജ്ഞാബദ്ധമാണെന്നും ഗബ്ബാർഡ് ചൂണ്ടിക്കാട്ടി. റഷ്യയുമായും ചൈനയുമായും ഉത്തരകൊറിയയുടെ ആഴത്തിലുള്ള ബന്ധം അവർ ചൂണ്ടിക്കാട്ടി. ഈ നീക്കം ആഗോള സുരക്ഷയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് അവർ പറഞ്ഞുഅമേരിക്കയെ ആക്രമിക്കാൻ കഴിവുള്ള ഐസിബിഎമ്മുകൾ . പാകിസ്ഥാൻ വികസിപ്പിക്കാൻ സാധ്യതയുണ്ടെന്ന് അവർ പറഞ്ഞു. യുഎസ് മിസൈൽ പ്രതിരോധ സംവിധാനങ്ങളെ തുളച്ചുകയറാനോ ഒഴിവാക്കാനോ രൂപകൽപ്പന ചെയ്ത നൂതന ഡെലിവറി സംവിധാനങ്ങൾ വികസിപ്പിക്കാൻ ചൈനയും റഷ്യയും ശ്രമിക്കുന്നുവെന്നും അവർ വിലയിരുത്തി. ഇപ്പോൾ കണക്കാക്കിയിരിക്കുന്ന 3,000-ത്തിലധികം മിസൈലുകളിൽ നിന്ന്, 2035 ആകുമ്പോഴേക്കും അമേരിക്കക്കെതിരായ ഭീഷണികൾ 16,000-ത്തിലധികം മിസൈലുകളായി വർധിക്കുമെന്നും ഗബ്ബാർഡ് പറഞ്ഞു. 

വൻശക്തികൾ നേരിട്ടുള്ള സംഘർഷം ഒഴിവാക്കിയാലും, പല പ്രാദേശിക, ചെറു രാജ്യങ്ങളും അവരുടെ താൽപ്പര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ ബലപ്രയോഗം നടത്താൻ കൂടുതൽ സന്നദ്ധരാണെന്ന് വിലയിരുത്തൽ റിപ്പോർട്ടിൽ പറയുന്നു. ഈജിപ്ത്, ഇസ്രായേൽ, പാകിസ്ഥാൻ, തുർക്കി, യുഎഇ തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ എതിരാളികളെ പ്രകോപിപ്പിക്കാനോ ദുർബലപ്പെടുത്താനോ സമീപത്തുള്ള സംഘർഷങ്ങളെ അവർക്ക് അനുകൂലമാക്കാനോ പ്രോക്സി സേനകളെ ഉപയോ​ഗിക്കുന്നുവെന്നും പറയുന്നു.

‘ഇറാൻ ഭീഷണിയല്ല’

കഴിഞ്ഞ വർഷം ഇറാനെതിരായ യുഎസ് ആക്രമണങ്ങൾ അവരുടെ ആണവ പദ്ധതിയെ തകർത്തുവെന്ന് ഗബ്ബാർഡ് പറഞ്ഞു. അതിനുശേഷം ആണവ ശേഷി പുനർനിർമ്മിക്കാൻ ഇറാൻ ശ്രമിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി. ഇറാന്റെ ഭീഷണി നേരിടാൻ സൈനിക നടപടി ആവശ്യമാണെന്ന് വാദിച്ച പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങൾക്ക് വിരുദ്ധമായിരുന്നു തുളസി ​ഗബ്ബാർഡിന്റെ റിപ്പോർട്ട്. അവരുടെ പരാമർശങ്ങൾ നിയമനിർമ്മാതാക്കളിൽ നിന്ന് കടുത്ത വിമർശനത്തിന് ഇടയാക്കി. യുണൈറ്റഡ് സ്റ്റേറ്റ്സിന് ഭീഷണി എന്താണെന്ന് നിർണ്ണയിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണെന്ന് ഡെമോക്രാറ്റിക് സെനറ്റർ ജോൺ ഓസോഫ് പറഞ്ഞു.