പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒമാൻ സുൽത്താനുമായും കുവൈത്ത് കിരീടാവകാശിയുമായും ചർച്ച നടത്തി. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ നയതന്ത്ര നീക്കങ്ങൾക്ക് മുൻഗണന നൽകണമെന്നും ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത സുരക്ഷ ഉറപ്പാക്കണമെന്നും നേതാക്കൾ ഊന്നിപ്പറഞ്ഞു.
ദില്ലി: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മേഖലയിൽ സമാധാനവും സുസ്ഥിരതയും തിരികെ കൊണ്ടുവരുന്നതിന് ചർച്ചകൾക്കും നയതന്ത്ര നീക്കങ്ങൾക്കും മുൻഗണന നൽകണമെന്ന് ഇരുനേതാക്കളും വ്യക്തമാക്കി. ഒമാനിലെ ജനങ്ങൾക്ക് പ്രധാനമന്ത്രി മുൻകൂട്ടി പെരുന്നാൾ ആശംസകൾ നേർന്നു.
ഒമാൻ സുൽത്താനുമായി ചർച്ച നടത്തിയ വിവരം പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സ് അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്. മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും സമാധാനവും സുസ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനും ചർച്ചകൾക്കും നയതന്ത്ര നീക്കങ്ങൾക്കും മുൻഗണന നൽകേണ്ടതിന്റെ ആവശ്യകത സംഭാഷണത്തിൽ വ്യക്തമാക്കി. ഒമാന്റെ പരമാധികാരത്തിനും പ്രാദേശിക അഖണ്ഡതയ്ക്കും മേലുണ്ടായ ലംഘനങ്ങളെ ഇന്ത്യ ശക്തമായി അപലപിച്ചു. ഇന്ത്യൻ പൗരന്മാരുൾപ്പെടെ ആയിരക്കണക്കിന് ആളുകളുടെ സുരക്ഷിതമായ മടങ്ങിവരവ് ഉറപ്പാക്കാൻ ഒമാൻ നടത്തുന്ന പരിശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതവും സ്വതന്ത്രവുമായ കപ്പൽ ഗതാഗതത്തിനായി ഇന്ത്യയും ഒമാനും ഒരുമിച്ച് നിൽക്കുന്നതായും മോദി എക്സ് അക്കൗണ്ടിൽ കുറിച്ചു.
കുവൈത്ത് കിരീടാവകാശി ശൈഖ് സബാഹ് അൽ ഖാലിദ് അൽ ഹമദ് അൽ മുബാറക് അൽ സബാഹുവുമായി നേരത്തെ മോദി ടെലിഫോണിൽ ചർച്ച നടത്തിയിരുന്നു. മേഖലയിലെ സിവിലിയൻ കേന്ദ്രങ്ങൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെ ശക്തമായി അപലപിച്ച മോദി, സമാധാനം പുനഃസ്ഥാപിക്കാനുള്ള ഇന്ത്യയുടെ സന്നദ്ധത അറിയിക്കുകയും ചെയ്തു. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സമില്ലാതെ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ഇരുരാജ്യങ്ങളും ചർച്ച ചെയ്തു. ഗൾഫ് രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധം ശക്തമാക്കി ഹോർമുസ് മേഖലയിലെ സുരക്ഷാ വെല്ലുവിളികൾ സംയുക്തമായി നേരിടാനാണ് ഇന്ത്യയുടെ നീക്കം. മേഖലയിലെ സ്ഥിരത ഉറപ്പാക്കാൻ കുവൈത്തുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകി.


