
മെക്സിക്കോ സിറ്റി: ഓവർ ടേക്ക് ചെയ്യാനുള്ള ശ്രമത്തിനിടയിൽ ബസ് ഇടിച്ച് തെറിപ്പിച്ച് വാനിൽ ഇടിച്ച് കയറി സിമന്റ് ട്രെക്ക്. 21 പേർ കൊല്ലപ്പെട്ടു. നിരവധിപ്പേർക്ക് ഗുരുതര പരിക്ക്. മെക്സിക്കോയിലെ പ്യൂബ്ലയിൽ ദേശീയ പാതയിലുണ്ടായ അപകടത്തിലാണ് നിരവധിപ്പേർക്ക് ജീവൻ നഷ്ടമായത്. ദേശീയ പാതയിൽ ഓക്സാക്കയ്ക്കും കക്നോപാലനും ഇടയിൽ വച്ചാണ് മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചത്. 18 പേർ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചതായും മൂന്ന് പേർ ആശുപത്രിയിൽ വച്ച് മരിച്ചതായുമാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിരവധിപ്പേർക്ക് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നതായാണ് അധികൃതർ വിശദമാക്കുന്നത്.
ട്രെക്കും ബസും വാനുമാണ് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സിമന്റ് ട്രെക്ക് വാനിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ എതിർ ദിശയിൽ വന്ന ബസിലേക്കും പിന്നാലെ വന്ന വാനിലേക്കും ഇടിച്ച് കയറുകയായിരുന്നു. ഇതിന് പിന്നാലെ വാൻ റോഡിന് സമീപത്തെ ഗർത്തത്തിലേക്ക് വീഴുകയും തീ പിടിക്കുകയുമായിരുന്നു. വലിയ രീതിയിൽ ഗർത്തതിൽ നിന്ന് പുക ഉയർന്നാണ് തീ കത്തിപ്പിടിച്ചത്. ഇടിയുടേയും അഗ്നിബാധയുടേയും ആഘാതത്തിൽ ദേശീയപാതയിലും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
മരിച്ചവരിലേറെയും അനധികൃത കുടിയേറ്റക്കാരാണെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 15ഓളം പേരാണ് ചികിത്സയിൽ കഴിയുന്നത്. എട്ട് പേർ ആശുപത്രി വിട്ടതായും അധികൃതർ വിശദമാക്കി. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട അനധികൃത കുടിയേറ്റക്കാരിൽ ചിലർ സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതായും അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam