
ബ്രസീലിയ: സിടി സ്കാൻ ചെയ്യുന്നതിനിടെ കോൺട്രാസ്റ്റ് ഏജന്റിൽ നിന്നുണ്ടായ അലർജിയെത്തുടർന്ന് 22കാരിയാ അഭിഭാഷക മരിച്ചു. ബ്രസീലിലെ റിയോ ഡോ സളിലുള്ള ആൾട്ടോ വെയ്ൽ റീജിയണൽ ആശുപത്രിയിലാണ് സംഭവം. ലെറ്റീഷ്യ പോൾ എന്ന യുവതിയാണ് മരിച്ചത്. കോൺട്രാസ്റ്റ് ഏജന്റിൽ നിന്നുണ്ടായ റിയാക്ഷനെത്തുടർന്ന് യുവതിക്ക് ശരീരത്തിൽ ശ്വസിക്കാൻ ബുദ്ധിമുട്ട്, തൊണ്ടയിലെ വീക്കം, കുറഞ്ഞ രക്തസമ്മർദ്ദം എന്നിവയുണ്ടായി. ഇതെത്തുടർന്ന് ഇൻട്യൂബേറ്റ് ചെയ്തെങ്കിലും രക്ഷിക്കാനായില്ല.
കിഡ്നി സ്റ്റോണുള്ള യുവതി പതിവ് പരിശോധനക്കായി ആശുപത്രിയിൽ എത്തിയതായിരുന്നു. പതിവ് പരിശോധനയ്ക്ക് വിധേയയാകേണ്ടി വന്നപ്പോഴാണ് അനാഫൈലക്റ്റിക് ഷോക്ക് ഉണ്ടായതെന്നും ബന്ധു പറഞ്ഞതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ പ്രോട്ടോക്കോൾ പാലിച്ച് തന്നെയാണ് സിടി സ്കാൻ നടന്നതെന്നാണ് ആശുപത്രിയുടെ വാദം. അവയവങ്ങളുടെയും മറ്റ് ശരീരത്തിനുള്ളിലെ ഭാഗങ്ങളുടെയും കൃത്യമായ ചിത്രമെടുക്കാനാണ് അയോഡിനേറ്റഡ് കോൺട്രാസ്റ്റ് ഡൈ സാധാരണയായി ഉപയോഗിക്കുന്നത്. ഇത് സിടി സ്കാനുകൾ, എംആർഐകൾ, എക്സ്-റേകൾ തുടങ്ങിയവയിൽ ഉപയോഗിക്കാറുണ്ട്. പൊതുവെ സുരക്ഷിതമാണെങ്കിലും, ഏകദേശം 5,000- 10,000 രോഗികളിൽ ഒരാൾക്ക് ജീവന് ഭീഷണിയായ റിയാക്ഷനുകൾ അയോഡിനേറ്റഡ് കോൺട്രാസ്റ്റ് ഡൈ ഉപയോഗിച്ചാലുണ്ടാകാമെന്ന് നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ അഭിപ്രായപ്പെടുന്നു.
അതേ സമയം, സ്കാനുകളിൽ ഉപയോഗിക്കുന്ന കോൺട്രാസ്റ്റ് ഏജന്റുകൾ പൊതുവെ സുരക്ഷിതവും ഫലപ്രദവുമായാണ് കണക്കാക്കപ്പെടുന്നതെന്ന് റേഡിയോളജി, ഇമേജിംഗ് ഡയഗ്നോസ്റ്റിക്സ് സ്പെഷ്യലിസ്റ്റായ ഡോ. മറിലോ യൂജെനിയോ ഒലിവേര പ്രതികരിച്ചു. ലെറ്റീഷ്യ പോളിനുണ്ടായത് വളരെ ഒറ്റപ്പെട്ട സംഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.