ബംഗളൂരു: മൂന്ന് വർഷമായി കത്തുകൾ ഉപഭോക്താക്കൾക്ക് കൈമാറാതെ ഒരു പോസ്റ്റുമാൻ. കർണാടകയിലെ യെൽ‌ബർഗയിലെ സംഗനാല പോസ്റ്റോഫീസിലാണ് വിചിത്രമായ സംഭവം. സുരേഷ് തൽവർ എന്ന പോസ്റ്റുമാനാണ് 2017 മുതൽ കത്തുകൾ കൈമാറാതിരുന്നത്. കത്തുകൾ ഒന്നും ലഭിക്കുന്നില്ലെന്ന് കാണിച്ച് സംഗനാല നിവാസികൾ പരാതിപ്പെട്ടതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. ‌

എടിഎം കാർഡുകൾ, പാസ്ബുക്കുകൾ, ഇൻഷുറൻസ് അറിയിപ്പുകൾ, പരീക്ഷാ അറിയിപ്പുകൾ, ഇന്റർവ്യൂ അറിയിപ്പുകൾ എന്നിവയുൾപ്പെടെ ഏകദേശം 1500ലധികം കത്തുകൾ പോസ്റ്റോഫീസിൽ നിന്ന് പരാതി ലഭിച്ച ശേഷം നടത്തിയ തെരച്ചിലില്‍ കണ്ടെത്തിയിട്ടുണ്ട്. കത്തുകൾ ലഭിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ മൂന്നുവർഷം കൊണ്ട് നിരവധി പേർക്കാണ് ജോലിയും അഡ്മിഷനുകളും നഷ്ടമായതെന്ന് അധികൃതർ പറയുന്നു. 

ജോലി സംബന്ധമായ യാതൊരുവിധ അറിയിപ്പുകളും ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ആളുകൾ ബന്ധപ്പെട്ട ഓഫീസുകളിൽ ചെന്നപ്പോഴാണ് വിവരം തപാലില്‍ അയച്ചെന്നത് വ്യക്തമായത്. പോസ്റ്റോഫീസിൽ പോയി അന്വേഷിക്കാന്‍ പരാതിയുമായി എത്തിയവരോട് ഉദ്യോ​ഗസ്ഥർ ആവശ്യപ്പെടുകയായിരുന്നു.

ഇതോടെയാണ് ആളുകൾ തപാല്‍ വകുപ്പിലെ മേലുദ്യോ​ഗസ്ഥർക്ക് പരാതികൾ നൽകിയത്. തുടർന്ന് പരാതികൾ പതിവായ പോസ്റ്റോഫീസിൽ അന്വേഷണം നടത്താൻ അധികൃതർ ഉദ്യോ​ഗസ്ഥരോട് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് നടന്ന തെരച്ചിലിലാണ് പൊടി നിറഞ്ഞ മുറിക്കുള്ളിൽ നിന്ന് 1500ലധികം കത്തുകൾ ഉദ്യോ​ഗസ്ഥർ കണ്ടെത്തിയത്. എന്നാൽ, സുരേഷ് തൽവറിനെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന വിവരം ലഭ്യമായിട്ടില്ല.