
കയ്റോ: ഹമാസും ഇസ്രയേലും തമ്മിലുള്ള ഗാസ വെടിനിർത്തൽ കരാർ ഒപ്പിടൽ ചടങ്ങിൽ സംബന്ധിക്കാനായി ഈജിപ്തിലെത്തിയ 3 ഖത്തർ നയതന്ത്രജ്ഞർ വാഹനാപകടത്തിൽ മരിച്ചു. ഈജിപ്തിലെ ഷാം എൽ-ഷൈഖിലേക്ക് യാത്ര ചെയ്യവേ ഉണ്ടായ കാർ അപകടത്തിലാണ് ഖത്തറിന്‍റെ 3 പ്രധാന നയതന്ത്രജ്ഞ ഉദ്യോഗസ്ഥർക്ക് ദാരുണാന്ത്യം സംഭവിച്ചത്. ഷാം എൽ ഷൈഖിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ അകലെ വച്ചാണ് അപകടം സംഭവിച്ചതെന്ന് അധികൃതർ അറിയിച്ചു. ഖത്തർ പ്രോട്ടോക്കോൾ ടീമിൽ നിന്നുള്ള നയതന്ത്രജ്ഞരാണ് മരിച്ചവർ. രണ്ട് നയതന്ത്രജ്ഞർക്ക് അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്. ഗാസയിൽ ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധത്തിന് വിരാമം കുറിക്കുന്നതിനുള്ള വെടിനിർത്തൽ കരാറിന് അന്തിമരൂപം നൽകാനുള്ള, അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അടക്കം പങ്കെടുക്കുന്ന ഉച്ചകോടിക്ക് മുന്നോടിയായാണ് നയതന്ത്രജ്ഞർ ഷാം എൽ-ഷൈഖിലേക്ക് യാത്ര തിരിച്ചത്. അപകടത്തിന്റെ കാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ട്രംപ് മുന്നോട്ട് വച്ച് ഗാസ സമാധാന കരാർ യാഥാർത്ഥ്യമാക്കാനായി പരിശ്രമിച്ചവരാണ് മരണപ്പെട്ട 3 നയതന്ത്ര ഉദ്യോഗസ്ഥരെന്നും വലിയ വേദനയുണ്ടാക്കുന്ന സംഭവമെന്നും ഖത്തർ പ്രതികരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam