
ക്വറ്റ: അമിതമായ ആളുകളെ കുത്തിനിറച്ചെത്തിയ ബസ് കൊക്കയിലേക്ക് വീണു. പാകിസ്ഥാനിൽ 32 പേർക്ക് ദാരുണാന്ത്യം. പാകിസ്ഥാന്റെ തെക്ക് പടിഞ്ഞാറൻ മേഖലയിലുണ്ടായ അപകടത്തിൽ 16ലേറെ പേർക്കാണ് ഗുരുതര പരിക്കേറ്റിട്ടുള്ളത്. പെഷ്വാറിൽ നിന്ന് ക്വറ്റയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ദന സാർ മലയിടുക്കിലേക്കാണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ബലൂചിസ്ഥാൻ ഖൈബർ പഖ്തൂൺഖ്വാ പ്രവിശ്യയോട് ചേർന്ന് വെള്ളിയാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. അപകടമുണ്ടായ സമയത്ത് ഡ്രൈവർ ഉൾപ്പെടെ ബസിൽ 48 പേരുണ്ടായിരുന്നതായാണ് വിവരം. അപകട കാരണം ഇനിയും കണ്ടെത്താനായില്ല. കുത്തനെയുള്ള വളവിലുണ്ടായ സ്റ്റിയറിംഗ് തകരാറാണ് അപകടത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. ഡ്രൈവർക്ക് നിയന്ത്രണം നഷ്ടമായി കൊടും വളവിൽ വച്ച് ബസ് മലയിടുക്കിലേക്ക് വീഴുകയായിരുന്നു. അപകടത്തിൽ ബസ് പൂർണമായി തകർന്നു. അപകടമുണ്ടായ സ്ഥലത്ത് നിന്ന് 68 കിലോമീറ്റർ അകലെയുള്ള ആശുപത്രിയിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. വഴിയിൽ വച്ച് തകരാറിലായ മറ്റൊരു ബസിലെ യാത്രക്കാരെ കൂടെ ഈ ബസിൽ കയറ്റിയിരുന്നു. ഇതാണ് മരണ സംഖ്യ ഇത്രയും ഉയരാൻ കാരണമായതെന്നാണ് ബലൂചിസ്ഥാൻ മുഖ്യമന്ത്രിയുടെ വക്താവ് വിശദമാക്കിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam