
മെൽബൺ: ഇന്ത്യൻ വംശജന് നേരെ ഓസ്ട്രേലിയയിൽ ക്രൂരമായ ആക്രമണം. വടിവാളുകൊണ്ടുള്ള ആക്രമണത്തിൽ 33കാരന്റെ കൈ ഏറെക്കുറെ അറുത്ത നിലയിലാണ് ഉള്ളത്. സംഭവം വംശീയ ആക്രമണം ആണെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സൗരഭ് ആനന്ദ് എന്ന 33കാരനെയാണ് കൌമാരക്കാരുടെ സംഘം ആക്രമിച്ചത്. ജൂലൈ 19നായിരുന്നു ആക്രമണം നടന്നത്. മെൽബണിലെ അൾട്ടോണ മെഡോസിലെ സെൻട്രൽ സ്ക്വയർ ഷോപ്പിംഗ് സെന്ററിലെ ഫാർമസിയിൽ നിന്ന് മരുന്ന് വാങ്ങി മടങ്ങുമ്പോഴാണ് 33കാരൻ വംശീയ ആക്രമണത്തിന് ഇരയായത്.
സുഹൃത്തിനോട് ഫോണില്‍ സംസാരിച്ച് നടക്കുന്നതിനിടെ സൗരഭിനെ അഞ്ച് പേർ വളയുകയായിരുന്നു. ഒരാൾ 33കാരനെ നിലത്തേക്ക് തലയ്ക്കടിച്ച് വീഴ്ത്തി. മറ്റൊരാൾ പാന്‍റ്സിന്‍റെ പോക്കറ്റിലേക്ക് കൈ കടത്തി. കൂട്ടത്തിലെ മറ്റൊരാൾ വടിവാളിന് സമാനമായ ആയുധം 33കാരന്റെ കഴുത്തിനോട് ചേർത്തു. ഇത് പ്രതിരോധിക്കാനുള്ള ശ്രമത്തിനിടെയാണ് 33കാരന്റെ കൈയ്ക്ക് സാരമായ പരുക്കേറ്റത്.
കൈ അറുക്കാൻ ശ്രമിച്ച അക്രമികൾ യുവാവിന്റെ ചുമലിലും പുറത്തും വെട്ടിയിട്ടുണ്ട്. ആക്രമണത്തിൽ 33കാരന്റെ നട്ടെല്ലിന് പരിക്കേൽക്കുകയും അസ്ഥികൾ ഒടിയുകയും തലയ്ക്ക് പരിക്ക് ഏൽക്കുകയും ചെയ്തിട്ടുണ്ട്. തൂങ്ങിയ നിലയിലുള്ള കൈ മുറിച്ച് മാറ്റേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ ആദ്യം പ്രതികരിച്ചത്. എന്നാല്‍ ഇത് തുന്നിച്ചേര്‍ക്കാന്‍ സാധിച്ചിട്ടുണ്ടെന്നാണ് അന്തർദേശീയ മാധ്യമങ്ങളിലെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
സമീപത്തുണ്ടായിരുന്ന ആളുകളാണ് 33കാരനെ ആശുപത്രിയിലെത്തിച്ചത്. അക്രമികൾ യുവാവിന്റെ ഫോണുമായാണ് കടന്ന് കളഞ്ഞത്. അഡലെയ്ഡിൽ ഇന്ത്യൻ വിദ്യാർത്ഥി വംശീയ ആക്രമണത്തിന് ഇരയായ അതേ ദിവസമാണ് 33കാരനും ആക്രമണത്തിനിരയായത്. 33കാരനെതിരായ ആക്രമണത്തിൽ കൌമാരക്കാരായ കുറച്ച് പേർ അറസ്റ്റിലായതായാണ് മാധ്യമ റിപ്പോർട്ടുകൾ. കൊള്ളയടിക്കലും ആക്രമണത്തിനുമാണ് ഇവരെ അറസ്റ്റ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam