Latest Videos

കാട്ടുതീ; ലോസ് ആഞ്ചൽസിൽനിന്നും അമ്പതിനായിരം പേരെ ഒഴിപ്പിച്ചു

By Web TeamFirst Published Oct 25, 2019, 10:26 AM IST
Highlights

നോർത്ത് ലോസ് ആഞ്ചൽസിൽ നിന്ന് 40 മൈൽ അകലെ സാന്ത ക്ലാരിറ്റയിൽ ഇന്നലെ ഉച്ചയ്ക്കാണ് കാട്ടുതീ പിടിച്ചത്. ഏകദേശം അയ്യായിരം ഏക്കറോളം തീ പടർന്നിട്ടുണ്ടെന്നാണ് വിവരം. 

ലോസ് ആഞ്ചൽസ്: അനിയന്ത്രിതമായി കാട്ടുതീ പടർ‌ന്നതിനെ തുടർന്ന് ലോസ് ആഞ്ചൽസിൽ നിന്നുള്ളവരോട് മാറിതാമസിക്കാൻ ഭരണകൂടം ഉത്തരവിട്ടു. നോർത്ത് ലോസ് ആഞ്ചൽസിലെ അമ്പതിനായിരത്തോളം ആളുകളോടാണ് സ്ഥലത്തുനിന്നും മാറിതാമസിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ശക്തമായി കാറ്റ് വീശുന്നതിനെ തുടർന്ന് തീ പടർന്നുപിടിക്കുകയായിരുന്നു.

നോർത്ത് ലോസ് ആഞ്ചൽസിൽ നിന്ന് 40 മൈൽ അകലെ സാന്ത ക്ലാരിറ്റയിൽ ബുധനാഴ്ച ഉച്ചയ്ക്കാണ് കാട്ടുതീ പിടിച്ചത്. ഏകദേശം അയ്യായിരം ഏക്കറോളം തീ പടർന്നിട്ടുണ്ടെന്നാണ് വിവരം. നിരവധി വീടുകളും വാഹനങ്ങളും കാട്ടിതീയിൽ കത്തിയെരിഞ്ഞു നശിച്ചിട്ടുണ്ട്. റോഡുകളും പ്രധാന ഹൈവേകളും അടച്ചിട്ടു.

500 അ​ഗ്നിശമന സേനകള്‍ ചേർന്ന് തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. എയർ ടാങ്കുകളും ഹെലിക്കോപ്റ്ററുകളും ഉപയോ​ഗിച്ചാണ് തീയണയ്ക്കുന്നത്. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. ആളുകൾ നിർബന്ധിച്ച് കുടിയൊഴിപ്പിക്കുകയാണെന്ന് ഉദ്യോ​ഗസ്ഥർ അറിയിച്ചു. ഉയർന്ന താപനിലയും കുറഞ്ഞ ഈർപ്പവമാണ് തീ പടർന്നുപിടിക്കാൻ കാരണമാകുന്നതെന്നും ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി. 

കാലിഫോർണിയയിൽ 2000 ആളുകളോടാണ് മാറി താമസിക്കാൻ ഉത്തരവിട്ടിട്ടുള്ളത്. ബുധനാഴ്ച കാട്ടുതീ പടർന്ന് 16000 ഏക്കറോളം കത്തിനശിച്ച സാഹചര്യത്തിലായിരുന്നു സർക്കാർ ഉത്തരവ്. മണിക്കൂറിൽ 70 മൈലിലാണ് തീ പടർന്നുപിടിക്കുന്നത്.

ഒക്ടോബർ പത്തിന് ആസ്ട്രേലിയയിലെ ന്യൂ സൗത്ത്‌ വെയില്‍സില്‍ വന്‍ കാട്ടുതീ പടർന്നിരുന്നു. ഒരു ലക്ഷം വരുന്ന വന ഭൂമിയാണ് കത്തി നശിച്ചത്. 30 ഓളം വീടുകള്‍ അഗ്നിക്കിരയാവുകയും ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ടായിരുന്നു. കാട്ടുതിയെ തുടര്‍ന്ന് താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് രേഖപ്പെടുത്തിയത്.

ഓ​ഗസ്റ്റിൽ ലോകത്തെ ഞെട്ടിച്ച് ആമസോണ്‍ മഴക്കാടുകളില്‍ കാട്ടുതീ പടർന്നു പിടച്ചിരുന്നു. ചരിത്രത്തിൽ ഇതുവരെ ഉണ്ടാകാത്ത വിധത്തിലായിരുന്നു ആമസോൺ മഴക്കാടുകളിൽ കാട്ടുതീ ആളിപ്പടർന്നത്. കഴിഞ്ഞ വർഷം ബാധിച്ചതിനേക്കാൾ 80 ശതമാനം അധികം ഇടങ്ങളിലേക്ക് ഇത്തവണ തീ വ്യാപിച്ചത്. അസാധാരണ തീപിടിത്തം വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങള്‍ ബ്രസീൽ ബഹിരാകാശ ഗവേഷണ കേന്ദ്രമായ ദ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്പേസ് റിസർച് (ഐഎൻപിഇ ) പുറത്തുവിട്ടിരുന്നു.

ആയിരക്കണക്കിന് ലിറ്റര്‍ വെള്ളം ഹെലിക്കോപ്റ്റർ വഴി പമ്പ് ചെയ്താണ് ആമസോണ്‍ കാടുകളിലെ തീയണയ്ക്കാന്‍ ശ്രമം നടന്നിരുന്നത്. എന്നാല്‍ കനത്ത പുക സമീപപ്രദേശങ്ങളെയെല്ലാം വിഴുങ്ങിയിരുന്നു. ഹെക്ടര്‍ കണക്കിന് വനം കത്തിയതോടെ ആമസോണ്‍ മേഖലയില്‍ കാര്‍ബണ്‍ മോണോക്സൈസിന്റെ അളവ് വര്‍ധിച്ചെന്ന് യൂറോപ്യന്‍ യൂണിയന്റെ കീഴിലുള്ള കോപ്പര്‍നിക്കസ് ക്ലൈമറ്റ് ചേഞ്ച് സര്‍വീസ് സംഘടനയുടെ പഠനത്തില്‍ കണ്ടെത്തിയിരുന്നു.

Read More:ആമസോണ്‍ കാട്ടുതീ: അന്താരാഷ്ട്ര രാഷ്ട്രീയ പ്രശ്നമാകുന്നു; തീ അണയ്ക്കാന്‍ സൈന്യം ഇറങ്ങുന്നു

കാട്ടുതീ പടർന്നതിനുശേഷം ആമസോൺ മേഖലയിലെ പകുതിയിലധികം പ്രദേശവും ഇപ്പോൾ പലതരം പാരിസ്ഥിതിക ഭീഷണികളിലാണ്. കുട്ടികളിലുള്‍പ്പെടെ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഈ വർഷം ഇതുവരെ 72,000 കാട്ടുതീകളാണ് ബ്രസീലിൽ രേഖപ്പെടുത്തിയത്. അതിൽ പകുതിയിലേറെയും ആമസോൺ കാടുകളിൽ നിന്നുള്ളവയാണ്. 

അതേസമയം, ബ്രസീലിൽ ഉണ്ടായ കാട്ടുതീകളിൽ 99 ശതമാനവും മനുഷ്യനിർമിതമാണെന്നാണ് ഐഎൻപിഇയിലെ ശാസ്ത്രജ്‍ഞൻ ആൽബർട്ടോ സെറ്റ്സർ പറഞ്ഞിരുന്നു. കൃഷിഭൂമി തയാറാക്കാൻ ചെറിയ വനഭാഗങ്ങൾക്കു തീയിടുന്നതാണു തുടക്കം. അതുപിന്നീട് വമ്പൻ കാട്ടുതീയായി മാറുകയാണെന്നും ഉപഗ്രഹ ചിത്രങ്ങളെ വിശകലനം ചെയ്ത് സെറ്റ്സർ വ്യക്തമാക്കി. 


 

  

click me!