കുര്‍ദ് യോദ്ധാക്കള്‍ ഇപ്പോള്‍ ഒറ്റയ്ക്കാണ്. ട്രംപിന്റെ സിറിയന്‍ നിലപാടു മാറ്റം അവരുടെ അടിത്തറ ഇളക്കിക്കഴിഞ്ഞു. ലോകത്തിനു വേണ്ടി ഐ എസിനെതിരെ പൊരുതിയ അവര്‍ നടുക്കടലിലാണിപ്പോള്‍. | SDF| Syrica| Trump| US

കൂടെ നിന്നവരെ ഒറ്റുകൊടുക്കുക, നിന്നനില്‍പ്പില്‍ ചതിക്കുക. പറയുന്നത് ട്രംപിനെക്കുറിച്ചാണ്. വിമര്‍ശിക്കുന്നത് അടുത്തകാലം വരെ അമേരിക്കയുടെ ഒക്കച്ചങ്ങാതിമരായ കുര്‍ദ് യോദ്ധാക്കളാണ്. യുഎസിനുവേണ്ടി ഐ എസിനെ തകര്‍ത്ത അതേ കുര്‍ദ് യോദ്ധാക്കള്‍. ട്രംപിനെ കുടിച്ച വെള്ളത്തില്‍ വിശ്വസിക്കരുതെന്നാണ് അവര്‍ പറയുന്നത്.

2013 -19 കാലത്ത് ലോകത്തെ വിറപ്പിച്ച ഭീകരസംഘടനയായിരുന്നു ഇസ്‌ലാമിക് സ്‌റ്റേറ്റ് അഥവാ ഐ എസ്. നിരപരാധികളെ കഴുത്തറുത്തു കൊല്ലുക, അതിന്റെ വീഡിയോ പ്രചരിപ്പിക്കുക, ചാവേര്‍സ്‌ഫോടനം നടത്തുക, കൂട്ടക്കരുതികള്‍ നടത്തുക. അങ്ങനെ പലതുമായിരുന്നു ഐഎസിന്റെ വിനോദം. അന്ന് ലോകം ഉറ്റുനോക്കിയത് ഈ കുര്‍ദ് യോദ്ധാക്കളെയാണ്. അവരാണ് ഐ എസിനെ തച്ചുതകര്‍ത്തത്. അന്നവര്‍ക്ക് പിന്തുണ അമേരിക്കയായിരുന്നു. ഇന്ന് അതേ അമേരിക്ക തങ്ങളെ കൊലയ്ക്ക് കൊടുക്കുന്നുവെന്നാണ് അവര്‍ പറയുന്നത്. ട്രംപിന്റെ പുതിയ സിറിയന്‍ നയമാണ് അവരുടെ മരണമണിയായത്. അമേരിക്ക ഇപ്പോള്‍ ഇവരുടെ ശത്രുക്കള്‍ക്കൊപ്പമാണ്. ഒരിക്കല്‍, അമേരിക്കയ്‌ക്കൊപ്പം പൊരുതിയ ഈ മനുഷ്യരെ ഇന്ന് വേട്ടയാടുന്നത് യുഎസ് ആയുധങ്ങള്‍ ഉപയോഗിച്ചാണ്. അവരെ നയിക്കുന്നതോ, മുമ്പ് ഐ എസുമായി ബന്ധമുണ്ടായിരുന്ന സിറിയന്‍ നേതൃത്വവും.

2013--ലാണ് സിറിയ-ഇറാഖ് അതിര്‍ത്തിയില്‍ ഐ എസ് ഭീകരത തുടങ്ങുന്നത്. ആ പ്രദേശം ഐ എസ് പിടിച്ചെടുത്തു. ക്രൂരതയുടെ 'ഖിലാഫത്ത്' ഉണ്ടാക്കി. ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്നും ഭീകരരെ റിക്രൂട്ട്‌ചെയ്തു. അരുംകൊലകളിലൂടെ ലോകത്തെ വിറപ്പിച്ചു. ഐ എസിനെ തകര്‍ക്കേണ്ടത് ലോകത്തിന്റെ ആവശ്യമായി മാറി. അമേരിക്ക, അതിനുള്ള വഴി തേടി. അതെത്തി നിന്നത് കുര്‍ദ് യോദ്ധാക്കളിലാണ്. അമേരിക്ക അവരുമായി സഖ്യമുണ്ടാക്കി. 2014-ല്‍ കുര്‍ദ് പട്ടണമായ കൊബാനിയിലെ ഉപരോധം തകര്‍ക്കാന്‍ അമേരിക്ക അവരെ സഹായിച്ചു. ആയുധങ്ങള്‍ വിമാനത്തിലൂടെ അവര്‍ക്കിട്ടുകൊടുത്തു. അന്നുമുതല്‍, അമേരിക്കയ്‌ക്കൊപ്പമായിരുന്നു ഈ കുര്‍ദ് പടയാളികള്‍.

ടര്‍ക്കിയിലും സിറിയയിലും ഇറാഖിലുമെല്ലാം കാലങ്ങളായി അടിച്ചമര്‍ത്തപ്പെട്ടുകഴിയു്‌നന ജനസമൂഹമാണ് കുര്‍ദുകള്‍. അടിച്ചമര്‍ത്തലിനെതിരെ അവര്‍ ആയുധമെടുക്കാന്‍ കാരണം അബ്ദുല്ല ഒക്‌ലാന്‍ എന്ന വിപ്ലവനേതാവാണ്. 1999 മുതല്‍ ടര്‍ക്കിയിലെ ജയിലില്‍ കഴിയുന്ന ഒക്‌ലാന്റെ ഫിലോസഫിയാണ് കുര്‍ദ് സായുധപോരാട്ടത്തിന്റെ ഊര്‍ജസോത്രസ്സ്. ഒക്‌ലാനില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് അവര്‍ ൈവപിജി എന്നും വൈപിജി എന്നും രണ്ട് സായുധ സംഘങ്ങള്‍ രൂപീകരിച്ചത്. ആണുങ്ങള്‍ മാത്രമുള്ള സൈന്യമാണ് വൈ പി ജി. പെണ്ണുങ്ങള്‍ മാത്രയേുള്ളൂ വൈപിജെയില്‍. പി.കെ കെ എന്ന കുര്‍ദ് വര്‍ക്കേഴ്‌സ് പാര്‍ട്ടിയാണ് ഇവ ഏകോപിപ്പിക്കുന്നത്. സ്ത്രീപുരുഷ സമത്വം അടക്കമുള്ള സങ്കല്‍പ്പങ്ങളിലാണ് ഈ സംഘടനകള്‍ മുന്നോട്ടുപോവുന്നത്. അറബ് പോരാളികളെ കൂടി ഉള്‍പ്പെടുത്തിയാണ് അവര്‍ 'സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സ്' അഥവാ എസ് ടി എഫ് ഉണ്ടാക്കുന്നത്.

പരിചയസമ്പന്നരായ യോദ്ധാക്കളായിരുന്നു എസ് ടി എഫ്. മികച്ച പരിശീലനം കിട്ടിയവര്‍. ഇസ്ലാമിസ്റ്റ് തീവ്രവാദത്തിന്റെ കടുത്ത എതിരാളികള്‍. അവര്‍ അമേരിക്കയ്‌ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ തയ്യാറായി. ഐ എസിനെ തകര്‍ക്കേണ്ടത് അവരുടെയും ആവശ്യമായിരുന്നു. അമേരിക്ക അവരെ സാമ്പത്തികമായും സൈനികമായും സഹായിച്ചു. അവര്‍ തിരിച്ച്, ജീവന്‍ പണയംവെച്ച് ഐ എസിനെതിരെ പോരാടി. യുഎസിന്റെയും സഖ്യകക്ഷികളുടെയുംപിന്തുണയോടെ എസ്.ഡി.എഫ് ഐസിസ് ഖിലാഫത്തിനെ തകര്‍ത്തു. 2019-ഓടെ സിറിയയിയില്‍നിന്ന് ഐ എസിനെ തുരത്തി.

അപ്പുറം ഐ എസാണ്. ഏതുസമയവും അവര്‍ തിരിച്ചുവരാം. സിറിയ ആണെങ്കില്‍ ആഭ്യന്തരയുദ്ധത്തോടെ തകര്‍ന്ന സ്ഥിതിയിലും. പിടിച്ചെടുത്ത പ്രദേശങ്ങള്‍ സംരക്ഷിക്കണം. പിടികൂടി ജയിലുകളില്‍ അടച്ച ഐ എസ് ഭീകരര്‍ രക്ഷപ്പെടാതെ നോക്കണം. അവര്‍ പോരാട്ടം തുടര്‍ന്നു. അമേരിക്ക സഹായിച്ചു. സിറിയന്‍ ഭരണകൂടം ദുര്‍ബലമായതിനാല്‍, രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും അവര്‍ നിയന്ത്രിച്ചു. ടര്‍ക്കിക്കാണ് ഇതിലേറ്റവും കലിപ്പുണ്ടായത്. ടര്‍ക്കി ഭരണകൂടത്തിന്റെ ശത്രുക്കളാണ് കുര്‍ദ് യോദ്ധാക്കള്‍. ടര്‍ക്കിയിലെ കുര്‍ദ് വേട്ടക്കതിരെ രൂപംകൊണ്ട കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ ആളുകളാണ് എസ് ഡി എഫ്. ഇതോടൊപ്പം മറ്റ് സിറിയന്‍ വിമത ഗ്രൂപ്പുകളും കുര്‍ദ് യോദ്ധാക്കള്‍ക്കെതിരെ രംഗത്തുവന്നു.

2024 -ല്‍ സിറിയയിലെ വിമത മുന്നേറ്റത്തില്‍ അസദ് ഭരണകൂടം വീണതോടെ കാര്യങ്ങള്‍ മാറി. സൗദി പിന്തുണയോടെ വിമത നേതാവ് അഹമ്മദ് അല്‍ ശര്‍ആ സിറിയന്‍ ഭരണം പിടിച്ചു. അതിനിടയിലാണ് അമേരിക്കയില്‍ ട്രംപ് വന്നത്. ട്രംപ് ഒറ്റയടിക്ക് മലക്കം മറിഞ്ഞു. പതിറ്റാണ്ടുകളായി ഒപ്പമുള്ള കുര്‍ദ് സൈന്യത്തെ ഉപേക്ഷിച്ചു. ടര്‍ക്കിയുടെയും സൗദിയുടെയും സ്വന്തക്കാരായ അല്‍ശര്‍ആ സര്‍ക്കാറിനെ ട്രംപ് പിന്തുണച്ചു. സിറിയയിലെ യുഎസ് പ്രതിനിധി കുര്‍ദുകളെ കുടുക്കുന്നൊരു കരാര്‍ ഉണ്ടാക്കി. കുര്‍ദ് നിയന്ത്രണത്തിലുള്ള പ്രദേശങ്ങള്‍ സര്‍ക്കാറിന് വിട്ടുകൊടുക്കുക, കുര്‍ദ് സൈന്യത്തെ സര്‍ക്കാര്‍ സൈന്യത്തില്‍ ലയിപ്പിക്കുക. ഇതായിരുന്നു വ്യവസ്ഥകള്‍. പക്ഷേ, എസ് ഡി എഫ് അതിന് തയ്യാറായില്ല. സിറിയയില്‍ കുര്‍ദുകള്‍ക്കെതിരെ വംശീയആക്രമണം നടക്കുന്ന സാഹചര്യത്തില്‍, സര്‍ക്കാര്‍ സുരക്ഷ ഗ്യാരണ്ടി നല്‍കണമെന്ന് എസ് ഡി എഫ് ആവശ്യപ്പെട്ടു. അല്‍ ശര്‍ആ അതിന് സമ്മതിച്ചില്ല. അല്‍ ശര്‍ആയും കൂട്ടരും കുര്‍ദ് യോദ്ധാക്കള്‍ക്കെതിരെ യുദ്ധം തുടങ്ങി. രണ്ട് പ്രധാന കുര്‍ദ പ്രദേശങ്ങള്‍ അവരാദ്യം പിടിച്ചു. ഏറ്റവുമൊടുവില്‍ പഴയ ഐ എസ് താവളമായിരുന്ന റഖ, ദെയര്‍ അല്‍ സൂര്‍ പ്രവിശ്യാ ആസ്ഥാനങ്ങളും അവര്‍ പിടിച്ചു. അതിനിടെ ട്രംപ് പൂര്‍ണ്ണമായും കുര്‍ദുകള്‍ക്ക് എതിരായി. ഇക്കഴിഞ്ഞ ദിവസം ട്രംപ് അല്‍ ശര്‍ആയെ പുകഴ്ത്തി, എസ് ഡി എഫിനെ വിമര്‍ശിച്ചു. നിവൃത്തിയില്ലാതെ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിക്കാവുന്ന അവസ്ഥയിലാണ് അവര്‍. നിരവധി ഐ എസ് ഭീകരര്‍ കഴിയുന്ന ജയിലുകള്‍ സിറിയന്‍ സൈന്യത്തിന് അവര്‍ കൈമാറിയതായാണ് ഒടുവിലുള്ള വാര്‍ത്ത.

പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഐസിസ് ഇറാഖില്‍ നിന്ന് സിറിയയിലേക്ക് അയച്ച ആളാണ് അല്‍ ശര്‍ആ. പിന്നീടയാള്‍ അല്‍ ഖാഇദയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചു. പിന്നീട് സിറിയന്‍ ആഭ്യന്തരയുദ്ധം വന്നപ്പോള്‍ അയാള്‍ തഞ്ചംനോക്കി വിമതസൈന്യം ഉണ്ടാക്കി. ഇതുവരെ അയാള്‍ അല്‍ഖാഇദയെ തള്ളിപ്പറഞ്ഞിട്ടില്ല. ഐ എസ് ബന്ധവും നിഷേധിച്ചിട്ടില്ല. ഇതൊക്കെയാണ് എസ് ഡി എഫ് പറയുന്ന കാര്യങ്ങള്‍. മതേതര നിലപാട് പുലര്‍ത്തുന്ന എസ് ഡി എഫ് അല്‍ ശര്‍ആ മുന്നോട്ടുവെക്കുന്ന ഇസ്‌ലാമിസ്റ്റ് വാദങ്ങള്‍ക്ക് എതിരുമാണ്.

കാര്യം എന്തായാലും, ഈ കുര്‍ദ് യോദ്ധാക്കള്‍ ഇപ്പോള്‍ ഒറ്റയ്ക്കാണ്. ട്രംപിന്റെ സിറിയന്‍ നിലപാടു മാറ്റം അവരുടെ അടിത്തറ ഇളക്കിക്കഴിഞ്ഞു. ലോകത്തിനു വേണ്ടി ഐ എസിനെതിരെ പൊരുതിയ അവര്‍ നടുക്കടലിലാണിപ്പോള്‍. അതിനുകാരണം ട്രംപിന്റെ സിറിയന്‍ നയവും.