അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ബോർഡ് ഓഫ് പീസ് ചാർട്ടറിൽ ഒപ്പുവെച്ചതോടെ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലാണ്.

ഇസ്ലാമാബാദ്:അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച ബോർഡ് ഓഫ് പീസ് ചാർട്ടറിൽ പാകിസ്ഥാൻ ഒപ്പുവെച്ചതോടെ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിൽ. 2020-ൽ ട്രംപിന്റെ മധ്യേഷ്യൻ സമാധാന പദ്ധതിയെ അനീതിയും പക്ഷപാതപരവും എന്ന് വിശേഷിപ്പിച്ച ഷെരീഫ്, 2026-ൽ അതേ ട്രംപിന്റെ പദ്ധതിയെ പിന്തുണയ്ക്കുന്നത് ഇരട്ടത്താപ്പാണെന്നാണ് വിമർശനം.

സ്വിസ് റിസോർട്ടായ ഡാവോസിൽ ജനുവരി 22നാണ് ട്രംപ് ഈ പദ്ധതി അവതരിപ്പിച്ചത്. ഗാസ മുനമ്പിലെ വെടിനിർത്തൽ മേൽനോട്ടം വഹിക്കാനും പുനർനിർമ്മാണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുമായി 2025ൽ നിർദ്ദേശിക്കപ്പെട്ടതാണിത്. ഇപ്പോൾ ആഗോള സംഘർഷങ്ങൾ പരിഹരിക്കാനുള്ള സംവിധാനമായി ഇതിനെ വിപുലീകരിച്ചിരിക്കുന്നു.

പലസ്തീനികൾക്ക് മാനുഷിക സഹായം എത്തിക്കാനും സ്ഥിരമായ വെടിനിർത്തൽ ഉറപ്പാക്കാനുമാണ് പാകിസ്ഥാൻ ഇതിൽ ചേർന്നതെന്നാണ് ഷെഹ്ബാസ് ഷെരീഫിന്റെ വിശദീകരണം. 2020-ൽ പ്രതിപക്ഷ നേതാവായിരിക്കെ ട്രംപിന്റെ പദ്ധതിയെ ഷെരീഫ് രൂക്ഷമായി എതിർത്തിരുന്നു. ഇസ്രായേൽ നടത്തുന്ന അധിനിവേശത്തെ നിയമവിധേയമാക്കുന്നതാണ് ട്രംപിന്റെ പദ്ധതി. ഇത് അനീതിയും അടിച്ചമർത്തലുമാണ്, എന്നായിരുന്നു അന്ന് ഷെരീഫ് എക്സിൽ കുറിച്ചത്. ആ വാക്കുകൾ ഇപ്പോൾ ഷെരീഫിനെതിരെ തിരിയുകയാണ്. തീരുമാനത്തിനെതിരെ പാകിസ്ഥാനിലെ പ്രതിപക്ഷ കക്ഷികളും സാമൂഹിക പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്.

തീരുമാനത്തെ അംഗീകരിക്കില്ലെന്നും സുതാര്യതയില്ലാത്ത നീക്കമാണിതെന്നും ഇമ്രാൻ ഖാന്റെ പാർട്ടി പിടിഐ പ്രസ്താവനയിലിറക്കി. സമാന്തര സമാധാന സംവിധാനങ്ങളുണ്ടാക്കുന്നത് ഐക്യരാഷ്ട്രസഭയുടെ നിലനിൽപ്പിനെ ബാധിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി. പലസ്തീൻ വംശഹത്യയ്ക്ക് നേതൃത്വം നൽകുന്ന ഇസ്രായേലിനൊപ്പം പാകിസ്ഥാൻ ഒരേ ബോർഡിൽ ഇരിക്കുകയാണോ? ഇതൊരു നാണക്കേടാണ് എന്ന് പ്രമുഖ എഴുത്തുകാരി ഫാത്തിമ ഭൂട്ടോ പ്രതികരിച്ചു. ട്രംപിന്റെ പ്രീതി പിടിച്ചുപറ്റാനുള്ള ശ്രമമാണോ ഇതെന്നും പാർലമെന്റിൽ ചർച്ച ചെയ്യാതെ എടുത്ത തീരുമാനം പലസ്തീനോടുള്ള വഞ്ചനയാണെന്നും വിമർശകർ പറയുന്നു.