
ടെഹ്റാൻ: ഇറാനിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിക്കെതിരെ പൊട്ടിപ്പുറപ്പെട്ട സർക്കാർ വിരുദ്ധ പ്രക്ഷോഭം ശക്തമാകുന്നു. പ്രക്ഷോഭത്തിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 68 ആയി. രണ്ടായിരത്തോളം പേരെ അറസ്റ്റ് ചെയ്തു. പ്രക്ഷോഭം ശക്തമാകുന്നതിനിടെ വിഷത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് റിസാ പഹ്‌ലവി രംഗത്ത് വന്നു. എന്നാൽ പ്രക്ഷോഭത്തിന് മുന്നിൽ മുട്ടുമടക്കില്ലെന്നാണ്ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖമനേയി ആവർത്തിച്ച് വ്യക്തമാക്കിയത്. പ്രക്ഷോഭം ചെയ്യുന്നവർ ഡോണൾഡ് ട്രംപിന്റെ ഏജന്റുമാരാണെന്നാണ് ഖമനേയിയുടെ ആരോപണം. ഇറാനിൽ ഇടപെടുമെന്ന ഭീഷണിക്ക് മറുപടിയായി ട്രംപ് അമേരിക്ക ഭരിച്ചാൽ മതിയെന്നും ഖമനേയി തിരിച്ചടിച്ചു.
സാമ്പത്തിക പ്രതിസന്ധിയിൽ പ്രതിഷേധിച്ച് ഇറാനിൽ യുവതലമുറ തുടങ്ങിവെച്ച പ്രക്ഷോഭം രാജ്യത്തെമ്പാടും വ്യാപിക്കുകയാണ്. ടെഹ്റാനിലും ചില നഗരങ്ങളിലും മാത്രമായിരുന്ന പ്രക്ഷോഭം ഇപ്പോൾ രാജ്യത്തെ 31 പ്രവിശ്യകളിലും തുടങ്ങി. പ്രക്ഷോഭം ആളിക്കത്തുന്നതിനിടെ രാജ്യത്തൊട്ടാകെ ഇന്റർനെറ്റ് നിരോധിച്ചിരിക്കുകയാണ്. ഇതുവരെ 68 പേർ കൊല്ലപ്പെടുകയും രണ്ടായിരത്തോളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നുമാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. പ്രക്ഷോഭം കനത്തതോടെയാണ് ട്രംപ് ഇടപെടണമെന്ന് ആവശ്യപ്പെട്ട് റിസാ പഹ്‌ലവി സമൂഹമാധ്യമത്തിൽ രംഗത്ത് വന്നത്. 1979ൽ ഇസ്ലാമിക വിപ്ലവത്തിൽ അധികാരം നഷ്ടപ്പെട്ട ഷാ ഭരണാധികാരിയായ മുഹമ്മദ് റിസാ പഹ്‌ലവിയുടെ മകനാണ് റിസാ പഹ്‌ലവി. 'പ്രസിഡന്റ്, ഇത് അങ്ങയുടെ ശ്രദ്ധയ്ക്കും പിന്തുണയ്ക്കും അടിയന്തര നടപടിക്കുമായുള്ള ആഹ്വാനമാണ്. ഇറാനിലെ ജനങ്ങളെ സഹായിക്കാൻ ഇടപെടാൻ ദയവായി തയ്യാറാകണം' എന്നായിരുന്നു റിസ പഹ്ലവിയുടെ വാക്കുകൾ.
അതേസമയം ഇറാനിലെ അവസ്ഥ ഗുരുതര പ്രതിസന്ധിയിലാണെന്നും സ്ഥിതിഗതികള്‍ താൻ നിരീക്ഷിക്കുകയാണെന്നും ട്രംപ് പറഞ്ഞു. കഴിഞ്ഞ ഡിസംബർ 28നാണ് വിലക്കയറ്റത്തിനെതിരെ ഇറാനിൽ പ്രക്ഷോഭം ആരംഭിച്ചത്. സമരത്തെ തുടക്കത്തിൽ കർശനമായാണ് ഇറാൻ ഭരണകൂടം നേരിട്ടത്. എന്നാൽ, പ്രതിഷേധം വ്യാപിച്ചതോടെ നടപടികൾ മയപ്പെടുത്തി. സമാധാനമായി സമരം ചെയ്യുന്ന പ്രതിഷേധക്കാരെ കൊലപ്പെടുത്തിയാൽ ശക്തമായ നടപടിയുണ്ടാകുമെന്ന് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam