
ടെഹ്‌റാൻ: സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഇറാനിൽ തുടരുന്ന ആഭ്യന്തര പ്രക്ഷോഭങ്ങൾക്ക് പിന്നിൽ അമേരിക്കയാണെന്ന് കുറ്റപ്പെടുത്തി ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. അഹങ്കാരത്തോടെ ലോകത്തെ വിധിക്കുന്ന ഡൊണാൾഡ് ട്രംപിന്റെ തകർച്ച ഉടൻ ഉണ്ടാകുമെന്നും ഖമേനി മുന്നറിയിപ്പ് നൽകി. കഴിഞ്ഞ രണ്ടാഴ്ചയായി ഇറാനിൽ തുടരുന്ന സംഘർഷങ്ങൾക്കിടെയാണ് ട്രംപിനെ നേരിട്ട് ലക്ഷ്യം വെച്ചുള്ള ഖമേനിയുടെ പ്രസംഗം പുറത്തുവരുന്നത്.
ചരിത്രത്തിലെ അഹങ്കാരികളായ ഭരണാധികാരികളായ ഫറവോയെയും നിമ്രോദിനെയും ഇറാനിലെ പഴയ രാജാവ് മുഹമ്മദ് റെസ പഹ്‌ലവിയെയും പോലെ ട്രംപും തകർന്നു വീഴുമെന്ന് ഖമേനി പറഞ്ഞു. അധികാരത്തിന്റെ കൊടുമുടിയിൽ നിൽക്കുമ്പോഴാണ് ഇത്തരം സ്വേച്ഛാധിപതികൾക്ക് പതനം സംഭവിക്കാറുള്ളതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇറാനിൽ നടക്കുന്ന അക്രമങ്ങൾക്കും നാശനഷ്ടങ്ങൾക്കും പിന്നിൽ അമേരിക്കയാണെന്ന് അദ്ദേഹം ആരോപിച്ചു. രാജ്യത്തെ കെട്ടിടങ്ങൾ നശിപ്പിക്കുന്നവർ ട്രംപിനെ പ്രീണിപ്പിക്കാനാണ് ഇത് ചെയ്യുന്നതെന്നും, സ്വന്തം രാജ്യം ഭരിക്കാൻ അറിയാത്തവനാണ് ട്രംപെന്നും ഖമേനി പരിഹസിച്ചു.
സബോട്ടേഴ്സിനെ കണ്ട് രാജ്യം പിന്നോട്ട് പോകില്ലെന്നും വിദേശികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന കൂലിപ്പടയാളികളെ ഇറാന്റെ മണ്ണ് തിരസ്കരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിഷേധക്കാർക്ക് നേരെ ഇറാൻ സൈന്യം വെടിയുതിർത്താൽ അമേരിക്ക കടുത്ത സൈനിക നടപടി സ്വീകരിക്കുമെന്ന് ഡൊണാൾഡ് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. അവർ ആ ജനതയോട് മോശമായി പെരുമാറിയാൽ ഞങ്ങൾ അവരെ ശക്തമായി പ്രഹരിക്കും എന്നായിരുന്നു ട്രംപിന്റെ വാക്കുകൾ. ഇതിന് മറുപടിയായാണ് ഇറാൻ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.
മനുഷ്യാവകാശ സംഘടനകളുടെ റിപ്പോർട്ട് പ്രകാരം പ്രതിഷേധങ്ങളിൽ ഇതുവരെ 40-ലധികം ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിൽ കുട്ടികളും ഉൾപ്പെടുന്നു. 2300-ഓളം പേരെ ഇതിനകം അറസ്റ്റ് ചെയ്തു. പ്രതിഷേധം ഏകോപിപ്പിക്കുന്നത് തടയാൻ രാജ്യം മുഴുവൻ ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. വിദേശ രാജ്യങ്ങളിലേക്കുള്ള ഫോൺ കോളുകൾക്കും നിയന്ത്രണമുണ്ട്. ഇറാന്റെ കറൻസിയായ 'റിയാൽ' അമേരിക്കൻ ഡോളറിനെതിരെ പകുതിയിലേറെ ഇടിഞ്ഞതാണ് ജനങ്ങളെ തെരുവിലിറക്കിയത്. രാജ്യത്ത് പണപ്പെരുപ്പം 42 ശതമാനത്തിന് മുകളിലാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam