
ടെഹ്റാൻ: ഇറാന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന ഹോർമുസ് കടലിടുക്കിന്റെ പൂർണ നിയന്ത്രണം തങ്ങൾക്കാണെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. അമേരിക്ക തീരുമാനങ്ങൾ എടുക്കുമ്പോഴും പ്രഖ്യാപനങ്ങൾ നടത്തുമ്പോഴും ശ്രദ്ധിക്കണമെന്ന് ട്രംപിനോട് അരാഗ്ചി ആവശ്യപ്പെട്ടു. തെറ്റായ രഹസ്യാന്വേഷണ വിവരങ്ങൾ വ്യാജ വാർത്തകളേക്കാൾ അപകടകരമാണെന്ന് അരാഗ്ചി എക്‌സിൽ കുറിച്ചു. രഹസ്യാന്വേഷണ ഏജൻസികളുടെ പരാജയം കാരണം യുഎസ് നിരന്തരം തെറ്റായ കണക്കുകൂട്ടലുകൾ നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇറാനെതിരായ യുദ്ധം ഇതിന് ഉദാഹരണമാണ്. ഇപ്പോൾ ഹോർമുസ് കടലിടുക്കിന്റെ കാര്യത്തിലും അതിലും വലിയ തെറ്റായ കണക്കുകൂട്ടലിലേക്കാണ് യുഎസ് നീങ്ങുന്നതെന്നും അരാഗ്ചി വ്യക്തമാക്കി.
ഹോർമുസ് കടലിടുക്കിന്മേൽ യുഎസിന് പൂർണ നിയന്ത്രണമുണ്ടെന്നും, ഞങ്ങളുടെ നാവിക ഉപരോധത്തെ മറികടക്കാൻ ഇറാന് ഒന്നും ചെയ്യാനില്ലെന്നുമായിരുന്നു നേരത്തെ ട്രംപിന്റെ പ്രഖ്യാപനം. ഇറാന് നാവികസേനയോ വ്യോമസേനയോ ഇല്ല. ശേഷിക്കുന്ന സൈനികർക്ക് ശമ്പളം പോലും ലഭിക്കുന്നില്ലെന്നും ട്രംപ് സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ പരിഹസിച്ചിരുന്നു.
ആഗോള ക്രൂഡ് ഓയിൽ വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തെച്ചൊല്ലി അമേരിക്കയും ഇറാനും തമ്മിലുള്ള അവകാശവാദങ്ങളും തർക്കങ്ങളും ശക്തമാകുന്നതിനിടെ മേഖലയിലെ കപ്പൽ ഗതാഗതം കടുത്ത പ്രതിസന്ധിയിലാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam